ജാതിവിവേചന പരാമർശം, സ്മൃതി മന്ദാനയുടെ സുഹൃത്തിന്റെ പരാതിയിൽ പലാഷ് മുച്ചലിന് കുരുക്ക്

സംഗീതസംവിധായകൻ പലാഷ് മുച്ചലിനെതിരേ ജാതിവിവേചന പരാതി. ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ, സാങ്ലി സ്വദേശിയായ ബാല്യകാല സുഹൃത്ത് വിജ്ഞാൻ പ്രകാശ് മനേയ്ക്കെതിരേ പലാഷ് ജാതിവിവേചന പരാമർശം (casteist remark) നടത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ടിവി9 മറാത്തിയുടെ റിപ്പോർട്ട് അനുസരിച്ച്, ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് കേസ്.
നവംബർ 22 ന് സാങ്ലി-അഷ്ട റോഡിലെ ഒരു ടോൾ പ്ലാസയിൽ വെച്ചാണ് സംഭവം നടന്നതെന്നും, ഒരു തർക്കത്തിനിടെ പാലാഷ് ജാതിയുടെ പേരിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. സാമ്പത്തിക തർക്കമാണ് ഇതിലേക്ക് നയിച്ചത്. ഒരു സിനിമ നിർമ്മിക്കുന്നതിനായി പാലാഷ് വിജ്ഞാൻ മനേയിൽ നിന്ന് 25 ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും, പിന്നീട് മനേ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചെന്നും പോലീസ് പറഞ്ഞു. ഈ വിഷയം വീണ്ടും ഉന്നയിച്ചപ്പോൾ ഉണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് സൂചന.
മാധ്യമങ്ങളോട് സംസാരിച്ച മനേ തന്റെ ഭാഗം വിശദീകരിക്കുകയും, പാലാഷ് തന്നെ വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ സിനിമാ നിർമ്മാണത്തിനായി വാങ്ങിയെന്നും ആരോപിച്ചു. "6 മാസത്തിനുള്ളിൽ സിനിമ പൂർത്തിയാക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അദ്ദേഹം ഒരു ചതിയനാണെന്ന് തെളിഞ്ഞു. എന്റെ പണം തിരികെ ചോദിച്ചപ്പോൾ അദ്ദേഹം അത് നൽകാൻ വിസമ്മതിച്ചു. അദ്ദേഹത്തെ കാണാൻ പോയപ്പോൾ അദ്ദേഹം ജാതിവിവേചന പരാമർശങ്ങൾ ഉപയോഗിച്ച് എന്നെ അധിക്ഷേപിച്ചു; അവ ക്യാമറയിൽ പറയാൻ പോലും എനിക്ക് കഴിയില്ല. അയാളുടെ ചിന്താഗതി വളരെ മോശമാണ്," മനേ പറഞ്ഞു.
പോലീസ് എസ്.സി./എസ്.ടി. (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 3(1), സെക്ഷൻ 351(2), 352 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ വർഷം നവംബറിൽ പാലാഷും സ്മൃതി മന്ദാനയും തമ്മിൽ വിവാഹിതരാകേണ്ടതായിരുന്നു. അപ്രതീക്ഷിതമായി വിവാഹം റദ്ദാക്കി. പലാഷിന്റെ മറ്റു ബന്ധങ്ങളെപ്പറ്റി സ്മൃതി അറിഞ്ഞതാണ് വിവാഹം റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Palash Muchhal booked under the SC/ST (Prevention of Atrocities) Act., Allegations stem from a ₹25 lakh financial dispute related to a film project., Incident occurred on November 22 at a toll plaza on the Sangli–Ashta road., Complainant Vigyan Prakash Mane alleges verbal abuse and casteist slurs., Follows the high-profile cancellation of Muchhal's wedding to cricketer Smriti Mandhana.