സ്ത്രീശാക്തീകരണത്തെപ്പറ്റി ചർച്ചകൾ ഉയർന്നുകേൾക്കാത്ത കാലത്തെ, മഹിളാ കൂട്ടായ്മ

സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും ഒത്തുചേരുന്ന വിവാഹവേദികൾക്ക് എന്നുമൊരു ചന്തമുണ്ട്. എന്നാൽ ആ ചന്തത്തിന് മാറ്റുകൂട്ടാൻ ഒരുകൂട്ടം കരുത്തരായ സ്ത്രീകൾ കൈകോർത്താലോ? അതിനുദാഹരണമാണ് കോഴിക്കോട് നഗര ഹൃദയത്തിൽ തളി ക്ഷേത്രത്തിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന 'പത്മശ്രീ' കല്യാണമണ്ഡപം. ഇതൊരു കെട്ടിടം മാത്രമല്ല, മറിച്ച് സ്ത്രീശാക്തീകരണത്തിന്റെ മനോഹരമായ മാതൃക കൂടിയാണ്. പൂർണമായും വനിതകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം. പത്മശ്രീയിലേക്ക് അതിലെ അംഗങ്ങളിൽ പലരും ആദ്യമായി കാലെടുത്തുവെച്ചത് സ്വന്തം വിവാഹദിനത്തിലാണ്. അതുകൊണ്ടാം അവരോരോർക്കും പത്മശ്രീയോടുള്ളത് വൈകാരികബന്ധമാണ്. ആ ഒത്തൊരുമയെപ്പറ്റി പറയുമ്പോൾ ഓരോരുത്തർക്കും നൂറു നാവ്.

പത്മശ്രീയുടെ തുടക്കം

സ്ത്രീശാക്തീകരണത്തെപ്പറ്റി തുറന്ന ചർച്ചകൾ ഉയർന്നുകേൾക്കാത്ത എഴുപതുകൾ. 'നമ്മൾക്കെന്തുകൊണ്ട് ഒരു മഹിളാ കൂട്ടായ്മ സംഘടിപ്പിച്ചുകൂടാ' എന്നൊരു ചിന്ത കോഴിക്കോട്ടെ കുറച്ചു സ്ത്രീകൾ പങ്കുവച്ചു. അതൊരു സംഘടനയുടെ പിറവിയിലേക്കാണ് നയിച്ചത്. സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളെ വിദ്യാസമ്പന്നരാക്കുക, അവകാശങ്ങളെയും തൊഴിൽ സാധ്യതകളെയും കുറിച്ച് അവരെ ബോധവതികളാക്കുക, സ്ത്രീകൾക്കിടയിൽ നല്ല സാമൂഹിക ബന്ധം സ്ഥാപിച്ചെടുക്കുക, സമൂഹത്തിന് കൈത്താങ്ങേകുക... തുടങ്ങിയ ലക്ഷ്യങ്ങൾ. 1973 മാർച്ചിൽ 'വിമൻസ് ഇന്ത്യൻ അസോസിയേഷൻ' എന്ന പേരിൽ സംഘടന രജിസ്റ്റർ ചെയ്തു.

ആദ്യകാല നേതൃത്വം

സംഘടനയുടെ ആദ്യകാലം മുതൽക്കുതന്നെ കൂടെയുള്ള രാധാമണി പഴയകാലത്തെക്കുറിച്ച് ഓർത്തു. ''അമ്മയുടെ കൂടെയാണ് ആദ്യമായി ഇവിടേക്ക് വരുന്നത്. അന്ന് ഞാൻ കുട്ടിയാണ്. അന്നുമുതൽ 50 വർഷത്തിനു മേലെയായി കൂട്ടായ്മയിലെ അംഗമാണ്. ഒരുപാട് വർഷമായി സംഘടനയുടെ ട്രഷററുമാണ്. പാട്ടത്തിൽ ദേവകിയമ്മ, യമുനാഭായി, മഞ്ചേരി കമലമ്മാൾ, കെ.ഇ. ശാരദടീച്ചർ, ടി.എം. നാരായണി കോവിലമ്മ എന്നിവരായിരുന്നു ആദ്യകാല സാരഥികൾ. അലമേലു അമ്മാളിനെയും ശ്രീദേവി സി. രാജയെയും ഡോ. സുമതി എസ്. മേനോനെയും പോലുള്ളവരെയും ഓർക്കേണ്ടതുണ്ട്. സുമതി എസ്. മേനോൻ കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റുകളിൽ ഒരാളായിരുന്നു. എല്ലാ വ്യാഴാഴ്ചയും തന്റെ ക്ലിനിക്കിൽ വരുന്ന ഒരു രോഗിക്ക് അവർ സൗജന്യചികിത്സ നൽകാറുണ്ടായിരുന്നു. പണം വാങ്ങിയേ പറ്റൂ എന്ന് ശഠിക്കുന്നവരോട് പുറത്തുവെച്ചിരിക്കുന്ന പത്മശ്രീ എന്നെഴുതിയ പെട്ടിയിൽ പണം നിക്ഷേപിക്കാൻ അവർ പറയും. ആ തുക സംഘടനയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഡോക്ടറുടെ സംഭാവനയാണ്.'' ആദ്യകാല നേതൃത്വം മുന്നോട്ടുവെച്ച ആശയങ്ങളെ ഇവർ ഇന്നും മുറുകെപ്പിടിക്കുന്നു.

സ്വന്തമായൊരു കെട്ടിടം

സ്വന്തമായൊരു കെട്ടിടവും സ്ഥലവും പോലുമില്ലാത്ത സംഘടന ഇന്നത്തെ നിലയിലേക്കെത്തിയത് കൂട്ടായ പരിശ്രമത്തിലൂടെയാണ്. ആദ്യകാലത്ത് അംഗങ്ങൾക്കായി വായനശാലയും പാചകക്ലാസുകളും നടത്തിയിരുന്ന ചെറിയ കൂട്ടായ്മയായിരുന്നു ഇത്. നാടകാവതരണവും മാനാഞ്ചിറ ശുചീകരണം പോലുള്ള സാമൂഹിക സേവനങ്ങളും അവർ നടത്തി. ഇക്കാലമത്രയും സംഘടനയ്ക്ക് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല. അപ്പോഴാണ്, തളി ക്ഷേത്രത്തിനടുത്ത് പഴയ കെട്ടിടം കൂടി ഉൾക്കൊള്ളുന്ന സ്ഥലം വിൽക്കാനുണ്ടെന്നറിയുന്നത്. വിമൻസ് ഇന്ത്യൻ അസോസിയേഷന്റെ പേരിൽ സ്ഥലം വാങ്ങാൻ തീരുമാനമായി. അംഗങ്ങൾ സ്വന്തം കൈയിൽനിന്ന് പണമെടുത്തും വായ്പയിലൂടെയുമൊക്കെ നിക്ഷേപം കണ്ടെത്തി സ്ഥലം വാങ്ങി. ആദ്യകാല അംഗങ്ങളിൽ ഒരാളായ കമലം കെ. മേനോൻ നിർദ്ദേശിച്ച 'പത്മശ്രീ' എന്ന പേര് സംഘടന സ്വീകരിച്ചു. ഒരു കല്യാണമണ്ഡപം നിർമിച്ചാൽ സംഘടനയ്ക്ക് സ്ഥിരവരുമാനം ലഭിക്കുമെന്ന നിർദേശം പങ്കുവച്ചത് നാഷണൽ സ്റ്റുഡിയോ നടത്തുന്ന കരുണാകരമേനോനായിരുന്നു. അങ്ങനെ അതും സാധ്യമായി. 1973 ഡിസംബർ 21-നായിരുന്നു പത്മശ്രീ കല്യാണ മണ്ഡപത്തിന്റെ ഉദ്ഘാടനം.

പത്മശ്രീ കല്യാണമണ്ഡപത്തിൽ അംഗങ്ങൾ

വളർച്ചയുടെ പാതയിൽ

ഒരു ഹാൾ മാത്രമായി ആരംഭിച്ച പത്മശ്രീ, കോഴിക്കോട്ടെ ആദ്യത്തെ കല്യാണമണ്ഡപമെന്ന ഖ്യാതിയും നേടി. ഇന്ത്യയിൽ തന്നെ സ്ത്രീകൾ മാത്രം നടത്തുന്ന അപൂർവം കല്യാണമണ്ഡപങ്ങളിൽ ഒന്നായും ഈ സംരംഭം മാറി. മണ്ഡപത്തിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് കടങ്ങൾ വീട്ടുകയും പുതിയപാലത്ത് സ്ഥലം വാങ്ങുകയും ചെയ്തു. പിന്നീട് വന്ന കമ്മിറ്റികൾ മണ്ഡപം ആധുനികവൽക്കരിക്കുകയും ചെറിയ ചടങ്ങുകൾക്കായി മിനി ഹാൾ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. പുതിയപാലത്ത് സംഘടനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു ഗോഡൗൺ പണിത് വാടകക്ക് കൊടുത്തു. അതും സംഘടനയ്ക്ക് വരുമാനമായി. കോവിഡ് കാലത്തും പതറാതെ പിടിച്ചുനിൽക്കാൻ ഈ വരുമാനം പത്മശ്രീക്ക് സഹായകമായി.

പ്രവർത്തനങ്ങൾ

''സംഘടനയുടെ വരുമാനത്തിന്റെ ഏകദേശം 30 ശതമാനത്തിനുമുകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. മാത്രമല്ല അംഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അവരെ ബോധവത്കരിക്കാനും പല പരിപാടികളും നടത്താറുണ്ട്. പത്മശ്രീയിലെ 250 ഓളം അംഗങ്ങളിൽ മിക്കവരും മുതിർന്ന സ്ത്രീകളാണ്. ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ തിരിച്ചറിയാതെ പോയ, പാതിവഴിയിൽ ഉപേക്ഷിച്ച പല കഴിവുകളും പുറത്തുകൊണ്ടുവരാനും ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു.'' സെക്രട്ടറി ലക്ഷ്മി ശിവകുമാർ പറയുന്നു. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പല പ്രവർത്തനങ്ങളും മുൻനിരയിലുണ്ട് ഈ കൂട്ടായ്മ.

കല്യാണം, കല്യാണനിശ്ചയം, റിസപ്ഷൻ, പിറന്നാളാഘോഷം, വിവിധ കലാപരിപാടികൾ, കഥകളി, ത്യാഗരാജോത്സവം അങ്ങനെ പത്മശ്രീയുടെ വേദിയിൽ തിരക്കൊഴിയുന്നില്ല. സസ്യാഹാരം മാത്രമേ ഇവിടെ വിളമ്പുകയുള്ളൂ.

മറ്റ് ജോലികളുടെ തിരക്കുകൾക്കിടയിലും സംഘടനയുടെ സജീവപ്രവർത്തകരായി നിൽക്കുന്നവരും വിശ്രമജീവിതം വീട്ടിൽ മാത്രമൊതുക്കാതെ പ്രവർത്തിക്കുന്നവരും ചേരുന്നതാണ് പത്മശ്രീയുടെ അംഗബലം.

നയിക്കുന്നവർ

പത്മശ്രീയുടെ പ്രവർത്തനങ്ങളെല്ലാം ചിട്ടയോടെ നടത്തിക്കൊണ്ടുപോകുന്നതിൽ പ്രധാനപങ്ക് എക്സിക്യൂട്ടിവ് കമ്മിറ്റിക്കാണ്. അതിനെക്കുറിച്ച് നിലവിലെ പ്രസിഡന്റായ ഉഷാ രവി പറഞ്ഞുതുടങ്ങി. ' പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, മറ്റംഗങ്ങൾ തുടങ്ങി തിരഞ്ഞെടുക്കപ്പെടുന്ന കുറച്ചുപേരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടാവുക. രണ്ട് വർഷം കൂടുമ്പോൾ പുതിയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടരും. 30 മുതൽ 90 വയസ്സിനുമുകളിലുള്ളവർ വരെ സജീവ അംഗങ്ങളായി സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യകാലത്ത് മാസം തോറുമുള്ള ജനറൽബോഡി മീറ്റിങ്ങിന് മുഴുവൻ അംഗങ്ങൾക്കും പോസ്റ്റ് കാർഡുകൾ എഴുതി അയക്കുകയായിരുന്നു പതിവ്. ഇന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് ആശയവിനിമയം.''

കേവലം ഒരു കല്യാണമണ്ഡപം എന്നതിലുപരി കോഴിക്കോടിന്റെ സ്ത്രീശാക്തീകരണ ചരിത്രത്തിലെ ഉറച്ച കാൽവെപ്പാണ് പത്മശ്രീ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Established in 1973 by the Women's Indian Association., Operated entirely by a women-led executive committee., Allocates over 30% of revenue to charitable causes., Serves as a symbol of women's economic and social independence in Kozhikode., Features a versatile event space for weddings, cultural programs, and social gatherings.