ഒറ്റപ്പെട്ടതായി തോന്നുന്നുണ്ടോ? ഒരുപക്ഷേ നിങ്ങൾ ഒരു ഓട്രോവെർട്ട് ആയിരിക്കാം

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

അന്തർമുഖനും ബഹിർമുഖനുമായ ആളുകളെ നമുക്കറിയാം. എന്നാൽ ഓട്രോവെർട്ടെന്ന പുത്തൻ പേഴ്സണാലിറ്റിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? നിങ്ങൾ കൂട്ടത്തിൽ ചേരാൻ ഇഷ്ടപ്പെടാത്ത ആളാണെങ്കിൽ, ഏതൊരു ഗ്രൂപ്പിലും താൻ ഒരു അന്യനാണെന്ന് രഹസ്യമായി കരുതുന്നുവെങ്കിൽ, കൂട്ടമായിരിക്കുമ്പോഴും പൊതുസ്ഥലങ്ങളിലും അസ്വസ്ഥത തോന്നുന്നുവെങ്കിൽ, നിങ്ങൾ ഒരു ഓട്രോവെർട്ട് ആയിരിക്കാം. ഒരിടത്തും ചേരാത്തവനെന്ന ബോധത്താൽ നിർവചിക്കപ്പെട്ട ഒരു വ്യക്തിത്വമാണിത്.

മനുഷ്യരിലെ മറ്റ് പല വൈവിധ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഓട്രോവെർഷൻ എന്നത് ഒരു പ്രത്യേകതരം ചിന്താരീതിയാണ്. ഒരു കൂട്ടത്തിൽ നിന്ന് ജന്മനാ അന്യവൽക്കരിക്കപ്പെട്ടുവെന്ന തോന്നലിൽ നിന്നുള്ള ഒരു വൈകാരിക പ്രതികരണം കൂടിയാണിത്. മറ്റുള്ളവർ, ഇത്തരക്കാരെ എപ്പോഴും ഗ്രൂപ്പുകളിലേക്ക് സ്വാഗതം ചെയ്യുമെങ്കിലും തങ്ങൾ ആ ഗ്രൂപ്പിൽപ്പെട്ടവരാണെന്ന് അവർക്ക് തോന്നുന്നില്ല, ഒരുകാലത്തും തോന്നിയിട്ടുമില്ല. എന്നാൽ അവരുടെ അസ്വസ്ഥതകൾ അവർ നിശ്ശബ്ദമായി കൊണ്ടുനടക്കുന്നതുകൊണ്ട്, തികച്ചും വ്യത്യസ്തമായ കാരണങ്ങളാൽ ഇതേ സ്വഭാവം കാണിക്കുന്ന മറ്റ് തരത്തിലുള്ള ആളുകളായി അവരെ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

ഇൻട്രോവെർട്ടുകൾ (അന്തർമുഖർ) നാണക്കാരും ഒതുങ്ങിക്കൂടുന്നവരുമാണ്, അവർ പ്രധാനമായും അവരുടെ ആന്തരിക ലോകത്ത് വ്യാപൃതരായിരിക്കും. എന്നാൽ ഓട്രോവെർട്ടുകൾക്ക് മറ്റുള്ളവരെക്കുറിച്ച് തീവ്രമായ ബോധമുണ്ട്. മറ്റുള്ളവരാൽ ചുറ്റപ്പെടുമ്പോൾ അവർക്ക് തങ്ങളിലേക്ക് തന്നെ ഒതുങ്ങാൻ കഴിയില്ല. ഒരു തരത്തിൽ പറഞ്ഞാൽ, അവർ തങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് അതീവ ശ്രദ്ധാലുക്കളാണ്.

ഉദാഹരണത്തിന്, ഒരു മേശയ്ക്ക് ചുറ്റും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മൂന്നോ നാലോ ആളുകളിലേക്ക് മാത്രമായി അവരുടെ ശ്രദ്ധ പരിമിതപ്പെടുത്തുന്നു. എന്നാൽ വലിയൊരു ഗ്രൂപ്പിലകപ്പെട്ടാൽ  എല്ലാവരുമായും ഇടപഴകേണ്ടി വരുന്നു. ആളുകൾ വരികയും പോകുകയും കുശലം പറയുകയും ചെയ്യും. ഇത്തരത്തിൽ വേഗത്തിലുള്ളതും സാധാരണവുമായുള്ള അടുപ്പത്തെയും അകൽച്ചയെയും കെെകാര്യം ചെയ്യാൻ ഓട്രോവെർട്ടുകൾക്ക് പെട്ടെന്ന് കഴിയില്ല. ഈ സാഹചര്യത്തിൽ മിക്ക ആളുകളും തങ്ങൾ സംസാരിക്കുന്നവരുമായി ശക്തമായ ഒരു അടുപ്പം സ്ഥാപിക്കുന്നില്ല. അതിനാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള അവരുടെ മാറ്റം സുഗമവും തിരിച്ചറിയാൻ കഴിയാത്തതുമാണ്.

ഇൻട്രോവെർട്ടുകളുടെ പെരുമാറ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ, അവരുടെ വൈകാരിക അസ്വസ്ഥത പൊതുസ്ഥലങ്ങളിൽ വളരെ വ്യത്യസ്തമായി പ്രകടമാകാം. ഇൻട്രോവെർട്ടുകൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മറ്റൊരു പശ്ചാത്തലത്തിലേക്ക് ഒതുങ്ങാൻ ഇഷ്ടപ്പെടുമ്പോൾ, ഓട്രോവെർട്ടുകൾ ശ്രദ്ധാകേന്ദ്രമാകാൻ ഇഷ്ടപ്പെടുന്നവരും കൂടിയാണ്. 

ഗ്രൂപ്പ് ചെറുതായിരിക്കുമ്പോഴോ അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്ന ഒരു സാമൂഹിക പങ്ക് വഹിക്കാനുണ്ടാകുമ്പോഴോ ഇവർ സാധാരണപോലെ പെരുമാറുന്നു. ചെറിയ ഗ്രൂപ്പിൽ  ഇത്തരക്കാർ വളരെ ആത്മവിശ്വാസമുള്ളവനും വാചാലനുമായിരിക്കും. ഇത്തരക്കാർ കപടമായ എളിമ കാണിക്കാറില്ല.

സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യാത്തതുകൊണ്ടും, തങ്ങൾ എന്തിലാണ് മികച്ചതെന്ന് അവർക്കറിയാവുന്നതുകൊണ്ടും,  ആരുടെയും അംഗീകാരം ആവശ്യമില്ലാത്തതുകൊണ്ടും,  ഓട്രോവെർട്ടുകൾ പലപ്പോഴും അഹങ്കാരികളായി തോന്നിയേക്കാം. അവരുടെ ഏകാന്തത തന്നോട് തന്നെയുള്ള ശക്തമായ ഒരു അടുപ്പമാണ്.

മനഃശാസ്ത്രജ്ഞനായ ഡോ. റാമി  കാമിൻസ്കിയാണ്  'ഓട്രോവർഷൻ' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 'ദി ഗിഫ്റ്റ് ഓഫ് നോട്ട് ബിലോങ്ങിങ്: ഹൗ ഔട്ട്സൈഡേഴ്സ് ത്രൈവ് ഇൻ എ വേൾഡ് ഓഫ് ജോയിനേഴ്സ്' എന്ന അദ്ദേഹത്തിൻറെ പുസ്തകം ഈ പേഴ്സാണാലിറ്റിയെക്കുറിച്ചുള്ളതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover otroversion, a new personality type for those who feel like outsiders, even in groups.