ഭൂമിയിലൊരു 'നരക'മുണ്ടെങ്കിൽ അത് ഇതാണ്, അത് ഇതാണ്, അത് ഇതാണ്

ഭൂമിയിലൊരു 'നരക'മുണ്ടെങ്കിൽ അത് നോർവേയിലാണ്. പറഞ്ഞുവരുന്നത് നോർവേയുടെ ഏകദേശം മധ്യഭാഗത്തുള്ള, 'ഹെൽ' എന്ന പേരുള്ള ചെറുപട്ടണത്തെപ്പറ്റിയാണ്. പേരു കേൾക്കുമ്പോൾ നരകമെന്നാണ് ഇതിന് അർഥമെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ടെങ്കിലും നോർവേയിലെ ഹെൽ നരകമല്ല. 'ചെങ്കുത്തായ പാറ' എന്നർഥം വരുന്ന, ഹെല്ലിർ എന്ന ഒരു പഴയ നോർസ് വാക്കിൽ നിന്നാണ് ഈ പേരുവന്നത്.
ശൈത്യകാലത്ത് ഹെല്ലിൽ അതികഠിനമായ തണുപ്പായിരിക്കും. ചിലപ്പോൾ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിനും താഴെ പോകും. അപ്പോൾ ഹെൽ ഏറെക്കുറെ പൂർണമായും മഞ്ഞുമൂടിപ്പോവും. "ഹെൽ മരവിച്ചുപോയി" എന്ന് ആളുകൾ തമാശയായി പറയാറുണ്ട്. പേരിന്റെ സവിശേഷതകൊണ്ടുമാത്രം ഒട്ടേറെ സഞ്ചാരികൾ ഹെല്ലിലേക്കെത്താറുണ്ട്. പേടിപ്പെടുത്തുന്ന പേരാണെങ്കിലും, ഹെൽ മനോഹരമായ നോർവീജിയൻ ഗ്രാമപ്രദേശങ്ങളാൽ ചുറ്റപ്പെട്ട, ശാന്തവും സുന്ദരവുമായ പ്രദേശമാണ്. മറ്റ് സ്കാൻഡിനേവിയൻ ഗ്രാമങ്ങളെപ്പോലെ, വേനൽക്കാലത്ത് ഈ പ്രദേശം പച്ചപ്പും കാട്ടുപൂക്കളും കൊണ്ട് നിറയുന്നത് സഞ്ചാരികൾക്ക് മികച്ച ദൃശ്യവിരുന്നൊരുക്കും.
എല്ലാ വർഷവും ഇവിടെ നടക്കുന്ന ബ്ലൂസ് ഇൻ ഹെൽ ഫെസ്റ്റിവൽ എന്ന സംഗീതോത്സവം ഏറെ പ്രശസ്തമാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്ന് ആ സമയത്ത് ഇവിടേക്ക് ആളുകളെത്തും. "നരകത്തിൽ നിന്ന് അയച്ചത്" എന്നു രേഖപ്പെടുത്തിയ സ്റ്റാമ്പുള്ള പോസ്റ്റ്‌കാർഡുകൾ ഹെല്ലിൽ വിൽപനയ്ക്കുണ്ട്. പ്രാദേശിക പോസ്റ്റ് ഓഫീസ് ആണ് ഈ രസകരമായ സ്റ്റാമ്പുകൾ സഞ്ചാരികൾക്കായി തയ്യാറാക്കുന്നത്. ഇവിടുത്തെ പോസ്റ്റുകാർഡുകൾ സഞ്ചാരികൾ ഒരു സുവനീർ പോലെ കൊണ്ടുനടക്കും. ഹെൽ ട്രെയിൻ യാത്രക്കാരുടെയും ഒരു പ്രധാന താവളമാണ്, റെയിൽവേസ്റ്റേഷനിൽ ഹെൽ എന്നെഴുതിയ സൈൻ ബോർഡിനൊപ്പം ചിത്രങ്ങളെടുക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നത് വിദേശികൾക്ക് കൗതുകമാണ്. 1500-ഓളം ആളുകൾ മാത്രമാണ് ഈ ചെറുപട്ടത്തിൽ കഴിയുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover why Norway has a town named Hell! Learn the true Norse origins of the name and the charming reality of this unique Norwegian village.