50,000 വാക്കുകളുള്ള ഈ നോവലിൽ ഒരൊറ്റ 'E' പോലുമില്ല, ഇംഗ്ലീഷിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന അക്ഷരം

ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളിൽ, ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരമേതാണെന്നറിയാമോ? 'E' ആണത്. ഇംഗ്ലീഷ് വാക്കുകളിൽ മറ്റക്ഷരങ്ങളേക്കാളുമധികം തവണ 'E' വരുന്നുണ്ട്. ഭാഷാപരമായ പഠനങ്ങളും വിശകലനങ്ങളും കാണിക്കുന്നത്, എഴുതപ്പെട്ട ഇംഗ്ലീഷിലെ ഏകദേശം 11 ശതമാനവും 'E' ആണെന്നാണ്. ഒരു സാധാരണ പേജിലെ ഓരോ ഒമ്പത് അക്ഷരങ്ങളിലും ഒന്ന് 'E' ആയിരിക്കുമെന്നർഥം.
ഈ ആധിപത്യം യാദൃശ്ചികമേയല്ല. ഇംഗ്ലീഷ് ഭാഷയുടെ ഘടനയുടെയും പരിണാമത്തിന്റെയും കൂടി പ്രതിഫലനമാണിത്. ലാറ്റിൻ, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷ് ധാരാളം കടമെടുത്തിട്ടുണ്ട്, ഈ ഭാഷകളിലെ പല സാധാരണ വാക്കുകളിലും 'E' അടങ്ങിയിട്ടുണ്ട്.
'E' യുടെ ആധിപത്യം എഴുത്തുകാരെയും പസിലുകളുണ്ടാക്കുന്നവരെയുമെല്ലാം പണ്ടുമുതലേ ആകർഷിച്ചിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തമായൊരു നോവലുണ്ട്. ഏണസ്റ്റ് വിൻസെന്റ് റൈറ്റ് എന്ന എഴുത്തുകാരൻ 1939-ൽ 'ഗാഡ്സ്ബി' എന്നൊരു നോവലെഴുതി. 50,000 വാക്കുകളുള്ള നോവലിൽ ഒരൊറ്റ 'E' പോലും ഉപയോഗിച്ചില്ല. ഇംഗ്ലീഷിലെ ഏറ്റവും സാധാരണമായ ഒരു അക്ഷരമില്ലാതെ ഒരു നോവൽ തന്നെ എഴുതിത്തീർക്കുക അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രയാസം തന്നെയായിരുന്നു. എങ്കിലും, ശക്തമായ ആശയം മുന്നോട്ടുവെക്കാൻ പുസ്തകത്തിനായി. പുറത്തിറങ്ങിയ സമയത്ത് ഗാഡ്സ്ബിക്ക് അധികമൊന്നും ശ്രദ്ധ ലഭിച്ചിരുന്നില്ല. പതിയെ ഇത് വലിയ പ്രശസ്തിയിലേക്കെത്തി. നോവൽ ടൈപ്പ് ചെയ്യുമ്പോഴും ഏണസ്റ്റ് വിൻസെൻ്റ് റൈറ്റിൻ്റെ സമർപ്പണം അങ്ങേയറ്റമായിരുന്നു. അബദ്ധത്തിൽ പോലും ഉപയോഗിച്ചുപോവാതിരിക്കാൻ അദ്ദേഹം തൻ്റെ ടൈപ്പ് റൈറ്ററിലെ "E" കീ കെട്ടിയിട്ടിരുന്നുവത്രേ. ഇത്തരം നിയന്ത്രണങ്ങളോടെ എഴുതുന്നതിനെ 'ലിപോഗ്രാം' എന്നാണ് വിളിക്കുന്നത്. ഇതുവരെ എഴുതപ്പെട്ടവയിൽ ഏറ്റവും ദീർഘമായ ലിപോഗ്രാമുകളിലൊന്ന് ഗാഡ്സ്ബിയാണ്.
എന്തുകൊണ്ട് ഇ?
ഇംഗ്ലീഷിൽ 'E' ക്ക് ശക്തമായ സ്ഥാനം ലഭിച്ചതിനൊരു കാരണം ഭാഷയുടെ താളവും ഘടനയും വായനാക്ഷമതയും രൂപപ്പെടുത്താൻ സഹായിക്കുന്നു എന്നതുതന്നെയാണ്. വാക്കുകളുടെ അവസാനത്തിൽ ഭൂതകാലത്തെ സൂചിപ്പിക്കുന്ന '-ed', ബഹുവചനങ്ങളെ സൂചിപ്പിക്കുന്ന '-es', താരതമ്യത്തെ സൂചിപ്പിക്കുന്ന '-er' എന്നിങ്ങനെയുള്ള പ്രത്യയങ്ങളിലെല്ലാം 'E' വരുന്നുണ്ട്. ഭാഷാപരമായ ലാളിത്യമാണ് മറ്റൊരു പ്രത്യേകത. നൂറ്റാണ്ടുകളായി, ഇംഗ്ലീഷ് ഭാഷ ചെറുതും ലളിതവുമായ അക്ഷരവിന്യാസങ്ങളെ പ്രോത്സാഹിപ്പിച്ചു, 'E' പലപ്പോഴും ആ രീതികൾക്ക് സ്വാഭാവികമായി യോജിക്കുന്നതായിരുന്നു. 'E' കഴിഞ്ഞാൽ, ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ T, A, O, I, N എന്നിവയാണ്. ഇവയും പല സാധാരണ വാക്കുകളുടെയും അടിസ്ഥാന ഘടകമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the incredible novel with 50,000 words and zero `E`s! Explore Ernest Vincent Wright`s unique literary feat and the dominance of `E` in English.