പ്രൈസ് ടാഗുകൾ ഭയപ്പെടുത്തുന്നു, മകൾ വാങ്ങിയ ചെറിയ ബാഗിന്റെ വിലകണ്ട് ഞെട്ടി- നവാസുദ്ദീൻ സിദ്ദിഖി

നവാസുദ്ദിൻ സിദ്ദിഖി | PTI
നവാസുദ്ദിൻ സിദ്ദിഖി | PTI

ചെറിയ ചുറ്റുപാടുകളിൽ നിന്ന് പ്രശസ്തിയിലേക്ക് ഉയർന്നുവന്ന വ്യക്തിയാണ് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി.

വിജയത്തിനൊപ്പം സമ്പത്തും ചേർന്നെങ്കിലും പുതിയ കാലത്തെ രീതിയിൽ പണം ചെലവിടുന്നതിനോട് മാനസികമായി പൊരുത്തപ്പെട്ടിട്ടില്ലെന്ന് പറയുകയാണ് അദ്ദേഹം. അടുത്തിടെ കേളി ടേൽസിൻ്റെ ഒരു എപ്പിസോഡിൽ, വിലനിലവാരത്തെക്കുറിച്ച് ബോധവാനാണോ എന്ന് ചോദിച്ചപ്പോൾ, മകൾക്കൊപ്പം ഷോപ്പിങ്ങിന് പോയപ്പോഴുള്ള രസകരമായ ഒരു അനുഭവം അദ്ദേഹം വിവരിച്ചു.

‘എൻ്റെ മകൾ ദുബായിലാണ് താമസിക്കുന്നത്. അവൾ എന്നെ അവിടുത്തെ ഒരു മാളിൽ കൊണ്ടുപോയി, ഒരു ചെറിയ ബാഗ് വേണമെന്ന് പറഞ്ഞു. ഞാനോർത്തു, ഒരു 15,000-20,000 രൂപയൊക്കെയാകുമെന്ന്, ശരി, വാങ്ങിച്ചോളൂ എന്ന് ഞാനും പറഞ്ഞു. അവൾ ഒരു ആഡംബര കടയിലേക്ക് നടന്നുപോയി ഒരു കുഞ്ഞു ബാഗ് എടുത്തു. അതുവരെ ഒന്നും കുഴപ്പമില്ലായിരുന്നു. ബില്ലടയ്ക്കുമ്പോൾ, ഞാനവരോട് അതിന് എത്ര വിലയാണെന്ന് ചോദിച്ചു, അവർ പറഞ്ഞു 2.5 ലക്ഷം രൂപയാണെന്ന്. അതൊരു ലൂയി വിറ്റൺ ബാഗായിരുന്നു’- നടൻ ഓർത്തെടുത്തു.

‘ഞാൻ വല്ലാണ്ടായി, എനിക്കത് പറയാൻ കഴിയില്ല. ഞങ്ങളൊക്കെ എപ്പോഴും 2000, 3000 രൂപയുടെ ബാഗുകൾ വാങ്ങുന്നവരാണ്. അതെൻ്റെ മകനായിരുന്നെങ്കിൽ, ഞാൻ അവനെ വിലക്കിയേനെ, പക്ഷേ ഇത് മകളായതുകൊണ്ട് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല, ശരിക്കും അത് പണം പാഴാക്കലായിരുന്നു, പക്ഷേ ഞാനത് അവൾക്ക് വാങ്ങിക്കൊടുത്തു’- അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറകളുടെ പ്രതീക്ഷകൾ എന്തുമാത്രം വലുതാണെന്നതിന് തെളിവുകൂടിയാണ് അദ്ദേഹത്തിന്റെ അനുഭവം.

മകൾ ഷോര സിദ്ദിഖിയുമായി വലിയ ആത്മബന്ധമുള്ള വ്യക്തിയാണ് നവാസുദ്ദിൻ സിദ്ദിഖി. മകളോടാണ് കൂടുതൽ അടുപ്പമെന്നും തന്നെ ഏറ്റവുമധികം വിമർശിക്കുന്നത് മകളാണെന്നും അദ്ദേഹം പറയാറുണ്ട്. ദുബായിലാണ് മകൾ പഠിക്കുന്നത്. താനൊരു നടനാണെന്നുപോലും നോക്കാതെയാണ് മകൾ തന്നെ വിമർശിക്കാറെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nawazuddin Siddiqui shares a funny story about his daughter buying a Rs 2.5 Lakh Louis Vuitton bag, highlighting the mindset shift around money.