റോൾസ് റോയ്സ് സ്വന്തമാക്കിയ ആദ്യ ബോളിവുഡ് നടി ആരാണെന്നറിയാമോ?

ആഡംബരകാറുകൾ സ്വന്തമാക്കുന്നത് ബോളിവുഡിൽ ഇന്ന് വലിയ ട്രെൻഡാണ്. സൂപ്പർതാരങ്ങളെല്ലാം വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ അതെല്ലാം വലിയ വാർത്തയാകാറുമുണ്ട്. അറുപതു വർഷങ്ങൾക്കുമുമ്പ് ബ്രിട്ടിഷ് ആഡംബര വാഹനമായ റോൾസ് റോയ്സ് സ്വന്തമാക്കി ഇങ്ങനെയൊരു ട്രെൻഡിനു തുടക്കമിട്ടത് നടി നാദിറയാണെന്ന് വേണമെങ്കിൽ പറയാം. ബോളിവുഡിൽ റോൾസ്റോയ്സ് സ്വന്തമാക്കുന്ന ആദ്യനടിയാണ് നാദിറ.
ഇറാഖിലെ ബാഗ്ദാദിലെ ജൂതകുടുംബത്തിൽ ജനിച്ചുവളർന്ന നാദിറയുടെ യഥാർഥപേര് ഫ്ലോറൻസ് എസെക്കിയേൽ എന്നായിരുന്നു. മാതാപിതാക്കൾ കുടുംബത്തോടൊപ്പം ബിസിനസ് സാധ്യതകൾ തേടിയാണ് മുംബൈയിലെത്തുന്നത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. പത്തോ പതിനൊന്നോ വയസ്സിലാണ് നാദിറ അഭിനയം തുടങ്ങിയത്. സിനിമയിലെത്തിയശേഷം പേരുമാറ്റി. 1943-ൽ പുറത്തിറങ്ങിയ 'മൗജ്' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
സംവിധായകൻ മെഹബൂബ് ഖാൻ്റെ ഭാര്യ സർദാർ അക്തറിൻ്റെ സഹായത്തോടെ, ആൻ എന്ന ചിത്രത്തിന്റെ ഭാഗമായി. അതിലെ രജപുത്ര രാജകുമാരിയുടെ വേഷത്തിലൂടെയാണ് നാദിറ പ്രശസ്തിയിലേക്ക് ഉയർന്നത്. പിന്നീട് ശ്രീ 420 (1955), ദിൽ അപ്നാ ഓർ പ്രീത് പരായി (1960) തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1950-കൾ മുതൽ 1970-കൾ വരെയായിരുന്നു അവരുടെ സുവർണകാലം. ജൂലിയിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡും നാദിറയെത്തേടിയെത്തി.
അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടിമാരിൽ ഒരാളായിരുന്നു അവർ. അങ്ങനെ ലോകത്തിലെ ആഡംബര കാറുകളിലൊന്നായ റോൾസ് റോയ്സും അവർ സ്വന്തമാക്കി. നാദിറ വിദേശത്തുനിന്ന് ആഡംബര കാർ ഇറക്കുമതി ചെയ്തത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. 1200 രൂപ ശമ്പളത്തിലാണത്രേ നാദിറ തൻ്റെ കരിയർ തുടങ്ങിയത്. 2500 രൂപയായും 3600 രൂപയായും പിന്നീട് പ്രതിഫലംകൂടി. റോൾസ് റോയ്സ് വാങ്ങുന്ന ആദ്യത്തെ ബോളിവുഡ് നടിയായി അവർ മാറി.
അവസാന നാളുകളിൽ ഒരു വീട്ടുജോലിക്കാരിയോടൊപ്പം തനിച്ചായിരുന്നു അവർ താമസിച്ചിരുന്നത്. മെനിഞ്ചൈറ്റിസ്, കരൾ രോഗം, പക്ഷാഘാതം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ അവരെ അലട്ടി. 2006-ൽ ഹൃദയാഘാതം വന്നു, 73-ാം വയസ്സിൽ അവർ അന്തരിച്ചു.
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, വിജയ്, അല്ലു അർജുൻ, ഹൃത്വിക് റോഷൻ, ചിരഞ്ജീവി തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്കും റോൾസ് റോയ്സ് കാറുകളുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: From Baghdad to Bollywood, Nadira`s journey as a highest-paid actress, Filmfare winner, and Rolls-Royce owner. Explore her iconic films and legacy.