അഴുകിത്തുടങ്ങിയ കൈകളായിരുന്നു ആ പ്ലാസ്റ്റിക് കവറിൽ, വിവരം കാട്ടുതീ പോലെ പടര്‍ന്നു

വിക്രാന്ത് മാസി / screengrab
വിക്രാന്ത് മാസി / screengrab

നെറ്റ്ഫ്‌ളിക്‌സിലെ 'സെക്ടര്‍ 36' എന്ന ക്രൈം ത്രില്ലര്‍ ചര്‍ച്ചയാവുകയാണ്. വിക്രാന്ത് മാസി, ദീപക് ദൊബ്രിയല്‍, ആകാഷ് ഖുരാന എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഒരുകാലത്ത് ആളുകളെ ഞെട്ടിച്ച 'നോയ്ഡ കേസി'നെ ആസ്പദമാക്കിയുള്ളതാണ് സിനിമ.  

ഉത്തര്‍പ്രദേശിലെ നിതാരി ഗ്രാമം. 2003 മുതലാണ് സംഭവങ്ങളുടെ തുടക്കം. 2003 മുതല്‍ പല വീടുകളിലെയും കൊച്ചു പെണ്‍കുട്ടികളെ കാണാതാവാന്‍ തുടങ്ങി. ഒരു തെളിവുപോലും അവശേഷിപ്പിക്കാതെയുള്ള അപ്രത്യക്ഷമാകല്‍. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ആ കേസുകള്‍ കാര്യമായെടുത്തില്ല. പലപ്പോഴും പരാതി സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. പതുക്കെ വീട്ടുകാരുടെ ഉള്ളിലെ വിങ്ങലും വേദനയും മാത്രമായി അവസാനിച്ചു ആ സംഭവങ്ങള്‍. 

2006 ഡിസംബറില്‍ വീണ്ടും കുട്ടികളെ കാണാതായി. പത്തുവയസ്സുള്ള ജ്യോതി, എട്ടുവയസ്സുകാരി രച്‌ന എന്നിവരാണ് ഇത്തവണ അപ്രത്യക്ഷരായത്. അവരുടെ പിതാക്കന്‍മാര്‍ സംശയിച്ചത് തൊട്ടടുത്തുള്ള ബംഗ്ലാവിലെ ജോലിക്കാരനായ സുരീന്ദര്‍ കോലിയെയാണ്. അവര്‍ പോലീസില്‍ പരാതി നല്‍കി. പതിവുപോലെ അത് അവഗണിക്കപ്പെട്ടു. അവിടുത്തെ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റിനെ ചെന്നുകണ്ട് ഇവര്‍ കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ അദ്ദേഹവും കുട്ടികളുടെ പിതാക്കന്‍മാരും നോയ്ഡ സെക്ടറിലെ ഡി-5 എന്ന വീടിനടുത്തെത്തി. ഗ്രാമത്തിലെ വ്യവസായി മൊനീന്ദര്‍ സിങ് പന്ഥേറിന്റെ വീടാണത്. പന്ഥേറും ജോലിക്കാരും മാത്രമേ അവിടെ താമസിച്ചിരുന്നുള്ളൂ. അവിടുത്തെ ജോലിക്കാരനാണ് സുരീന്ദര്‍. 

ബംഗ്ലാവിനു പിന്നിലുള്ള അഴുക്കുചാല്‍ എത്രയോ നാളായി വൃത്തിയാക്കിയിട്ടില്ലെന്ന് അവര്‍ക്ക് മനസ്സിലായി. അതില്‍ തന്നെ ആദ്യം പരിശോധിക്കാന്‍ അവര്‍ തീരുമാനിച്ചു. അതില്‍നിന്ന് കിട്ടിയൊരു പ്ലാസ്റ്റിക് കവര്‍ അവരില്‍ സംശയം ജനിപ്പിച്ചു. അത് പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ അവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. അഴുകിത്തുടങ്ങിയ കൈകളായിരുന്നു അതില്‍. വിവരം കാട്ടുതീ പോലെ പടര്‍ന്നു. പോലീസിലറിയിച്ചു. പക്ഷേ, വല്ല മൃഗങ്ങളുടെ കൈകളുമായിരിക്കുമെന്ന് പോലീസ് സംഭവം നിസ്സാരമാക്കി. 

അധികനാള്‍ കഴിയും മുമ്പ് വേറൊരു പെണ്‍കുട്ടിയെ കൂടി കാണാതായി. ഇത്തവണ പന്ഥേറിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് മകള്‍ പറഞ്ഞിരുന്നെന്നും അതിനുശേഷമാണ് കാണാതായതെന്നും പിതാവ് പറഞ്ഞു. പിതാവ് പോലീസില്‍ പരാതി കൊടുത്തെങ്കിലും, പോലീസ് അത് സ്വീകരിച്ചില്ല. ഒടുവില്‍ അയാള്‍ നോയ്ഡ പോലീസ് സൂപ്രണ്ടിനെ കണ്ടു. എസ്.പി നിര്‍ദേശിച്ചതനുസരിച്ച് പോലീസ് പന്ഥേറിനെയും കോലിയെയും ചോദ്യം ചെയ്യാന്‍ വിളിച്ചു. തെളിവൊന്നുമില്ലാതെ വിട്ടയക്കുകയും ചെയ്തു.

വീണ്ടും അഴുക്കുചാല്‍ പരിശോധിച്ച പോലീസ് ഇത്തവണ ശരിക്കും ഞെട്ടി. മനുഷ്യാസ്ഥികള്‍ നിറച്ച ഒന്നിലധികം ബാഗുകള്‍ പോലീസ് കണ്ടെത്തി. എട്ടുകുട്ടികളുടെ അസ്ഥികൂടങ്ങളാണ് അന്ന് കണ്ടെടുത്തത്. പിന്നെയും തിരഞ്ഞപ്പോള്‍ മൂന്ന് കുട്ടികളുടെയും ഒരു യുവതിയുടെയും അസ്ഥികൂടം ലഭിച്ചു. വീണ്ടും പന്ഥേറിനെയും സുരീന്ദറിനെയും ചോദ്യം ചെയ്തു. ഒടുവില്‍ സുരീന്ദര്‍ കുറ്റം സമ്മതിച്ചു. യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് അയാള്‍ തുറന്നുപറഞ്ഞു. പന്ഥേറിന്റെ വീട്ടില്‍വെച്ച് കൊലനടത്തിയെന്നും അതിനുശേഷം മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും പിന്നീട് ആ വീട്ടിലെ കുളിമുറിയില്‍ കൊണ്ടുപോയി വെട്ടിനുറുക്കിയെന്നും അത് അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞെന്നുമായിരുന്നു അയാളുടെ കുറ്റസമ്മതം. 

ആകെ 19 തലയോട്ടികളാണ് കണ്ടെടുത്തത്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് സുരീന്ദര്‍ ആദ്യം ഒഴിഞ്ഞുമാറി. മജിസ്‌ട്രേറ്റിനു മുന്നില്‍ കേസ് എത്തിയപ്പോള്‍ സുരീന്ദര്‍ മൊഴിമാറ്റി. കുട്ടികളെയും താനാണ് കൊന്നതെന്ന് ഏറ്റുപറഞ്ഞു. മധുരപലഹാരങ്ങളും ചോക്ലേറ്റുകളും നല്‍കിയാണ് കുട്ടികളെ വീട്ടിലെത്തിച്ചതെന്ന് സുരീന്ദര്‍ വെളിപ്പെടുത്തി. ലൈംഗികതൊഴിലാളിയായ യുവതിയെ വീട്ടുടമസ്ഥനാണ് വിളിച്ചുവരുത്തിയതെന്നും അയാള്‍ പറഞ്ഞു. തനിക്ക് ഇതിനെല്ലാം പ്രേരണയായത് പന്ഥേര്‍ ആണെന്നും അയാള്‍ വെളിപ്പെടുത്തി. ഒഴുകുന്ന വെള്ളവസ്ത്രം ധരിച്ചൊരു പെണ്‍കുട്ടി തന്നെ പിന്തുടരുന്നതായി തോന്നുമെന്നും അത് തന്നെ വല്ലാതെ ബാധിക്കുമെന്നും അയാള്‍ പറഞ്ഞു. ഒരു കൊലപാതകം നടത്തിക്കഴിയുമ്പോള്‍ ആ പ്രശ്‌നം ഇല്ലാതാവുന്നതുപോലെ അനുഭവപ്പെടുമെന്നും അയാള്‍ സമ്മതിച്ചു. 

സുരീന്ദര്‍ കോലി, മൊനീന്ദര്‍ സിങ് പന്ഥേര്‍ / ഫോട്ടോ: PTI

പക്ഷേ, തെളിവുകളൊന്നും കണ്ടെത്താന്‍കഴിഞ്ഞില്ല. അതോടെ കേസ് സി.ബി.ഐക്ക് കൈമാറി. സംശയങ്ങളൊരുപാട് ബാക്കിയായിരുന്നു അപ്പോഴും. വീട്ടില്‍വെച്ചുനടന്ന കൊലപാതകങ്ങള്‍ മറ്റാരും അറിഞ്ഞില്ലെന്നതായിരുന്നു അധികാരികളെ ഏറ്റവും ആശയക്കുഴപ്പത്തിലാക്കിയത്. സി.ബി.ഐ 19 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. തട്ടിക്കൊണ്ടുപോവല്‍, ബലാത്സംഗം, കൊലപാതകം എന്നിവയായിരുന്നു കുറ്റങ്ങള്‍. അതില്‍ പന്ഥേറിനെയും പ്രതിചേര്‍ത്തു. എന്നാല്‍, പിന്നീട് മൂന്നുകേസുകള്‍ തെളിവുകളില്ലെന്ന കാരണത്താല്‍ ഒഴിവാക്കി. 

ബാക്കിയുള്ള കേസുകളില്‍ രണ്ടുപേരും കുറ്റക്കാരാണെന്ന് ഗാസിയാബാദ് സെഷന്‍സ് കോടതി കണ്ടെത്തി, ഇരുവര്‍ക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ പന്ഥേറിനെതിരെ തെളിവുകളില്ലെന്ന് പറഞ്ഞ് അലഹബാദ് ഹൈക്കോടതി അയാളെ കുറ്റവിമുക്തനാക്കി. സുരീന്ദറിന്റെ വധശിക്ഷ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, കോടതി ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയും തള്ളി. 2014 സെപ്റ്റംബറില്‍ 12-ന് വധശിക്ഷ നടപ്പാക്കാനിരിക്കെ, സുപ്രീം കോടതി ശിക്ഷ സ്‌റ്റേ ചെയ്തു. 

2011-ല്‍ സി.ബി.ഐ ജഡ്ജി തൂക്കിലേറ്റാന്‍ മരണവാറന്റ് പുറപ്പെടുവിച്ചു. 2014-ല്‍  മീററ്റിലെ ജയിലില്‍ കോലിക്കായി കഴുമരമൊരുങ്ങി. 2014 സെപ്റ്റംബര്‍ 12-ന് പുലര്‍ച്ചെ സമയം കുറിച്ചു. അപ്പോഴാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് വരുന്നത്. ഇന്നും എങ്ങനെയാണ് ആ കൊലപാതകങ്ങള്‍ നടന്നതെന്ന കാര്യം വ്യക്തമല്ല. തെളിയിക്കപ്പെടാതെ നില്‍ക്കുന്ന കേസായി ഇന്നും അത് നിലനില്‍ക്കുന്നു.  


 

Content Highlights: mystery behind noida serial murders