ഇന്‍ഷുറന്‍സിനെപ്പറ്റി സ്ത്രീകള്‍ ചിന്തിക്കാറുണ്ടോ? ഏറ്റവും അത്യാവശ്യമായ പോളിസികളെപ്പറ്റി അറിയാം

ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ പലരും മുഖം തിരിക്കും. പ്രത്യേകിച്ചും പരമ്പരാഗത ഇന്‍ഷുറന്‍സ് പോളിസികള്‍. ഇവയില്‍ പലതും മരണം, അസുഖം, അപകടം, അത്യാഹിതം തുടങ്ങിയവയുമായി ബന്ധപ്പെട്ടതുമായിരിക്കും. കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത കാര്യങ്ങളായതുകൊണ്ടുതന്നെ അവയെക്കുറിച്ച് ആലോചിക്കാനും നമുക്ക് ഇഷ്ടമല്ല. സത്യത്തില്‍ ഇത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ വങ്ങാന്‍ നമ്മളെ അധികമാരും നിര്‍ബന്ധിക്കാറുമില്ല. കാരണം ഇതിനേക്കാള്‍ കൂടുതല്‍ നേട്ടം കിട്ടും മറ്റുപോളിസികള്‍ വിറ്റാല്‍. എന്നാല്‍ ഇത്തരം ഇന്‍ഷുറന്‍സ് പോളിസികളെ അവഗണിക്കുന്നതിനേക്കാള്‍ വലിയ അബദ്ധം ജീവിതത്തില്‍ വേറെയില്ല. സ്ത്രീകളുടെ കാര്യം ഇതിലും രസകരമാണ്. ഇന്‍ഷുറന്‍സ് പോളിസിയെപ്പറ്റി ചിന്തിക്കേണ്ടത് ഭര്‍ത്താവോ വീട്ടിലെ മറ്റ് പുരുഷ അംഗമോ മാത്രമാണെന്ന ധാരണയാണ് മിക്കവര്‍ക്കും. എന്നാല്‍ മറ്റ് സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ പോലെതന്നെ ഇന്‍ഷുറന്‍സിനെപ്പറ്റിയും സ്ത്രീകള്‍ക്ക് ധാരണയുണ്ടാവണം.
പലരും ഇന്‍ഷുറന്‍സിനെപ്പറ്റി ചിന്തിക്കാത്തതിന് കാരണം എന്തെന്ന് പറയുന്നതിനു മുമ്പ് ഇനി പറയുന്ന ചോദ്യങ്ങള്‍ക്കുള്ള നിങ്ങളുടെ ഉത്തരം എന്താണ് എന്നുനോക്കാം
- നിങ്ങളില്ലാതായാലും നിങ്ങളുണ്ടായിരുന്നതുപോലെ തന്നെ കുടുംബത്തിനു മുന്നോട്ടുപോകാന്‍ കഴിയുമോ?
- നിങ്ങള്‍ ഒരു അപകടത്തില്‍ പെട്ട് ജോലിചെയ്യാനാവാത്ത അവസ്ഥയിലായാല്‍ കുടുംബം അല്ലലില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള സമ്പാദ്യം നിങ്ങള്‍ക്ക് ഉണ്ടോ?
- നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാരകമായ അസുഖം പിടിപെട്ടാല്‍ വിദഗ്ധ ചികില്‍സയ്ക്ക് ആവശ്യമായ പണം നിങ്ങളുടെ കയ്യിലുണ്ടോ?
- നിങ്ങള്‍ വായ്പയെടുത്ത് പണിത വീട് പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്നുപോയാല്‍ പുതിയതൊന്ന് ഉണ്ടാക്കാനുള്ള പണം നിങ്ങളുടെ കയ്യിലുണ്ടോ?
- നിങ്ങള്‍ വായ്പയെടുത്ത് വാങ്ങിയ കാര്‍ മോഷണം പോയാല്‍ പുതിയതൊന്നു വാങ്ങാനുള്ള പണം കയ്യിലുണ്ടോ?
- നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൃഷി വിളവെടുപ്പ് സമയത്തിനുമുമ്പ് നശിച്ചുപോയാല്‍ നഷ്ടം താങ്ങാനുള്ള ശേഷിയുണ്ടോ?
- നിങ്ങള്‍ എടുത്ത ഭവന വായ്പ ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ നിങ്ങളില്ലാതായാല്‍ കുടുംബത്തിന് കഴിയുമോ?
ഇവയ്‌ക്കെല്ലാം ഉത്തരം അതെ, കഴിയും, ഉണ്ട് എന്നൊക്കെയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സേ ആവശ്യമില്ല. ഇല്ല, കഴിയില്ല, അല്ല എന്നൊക്കെയാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അത്യാവശ്യമാണ് എന്നാണ് അര്‍ഥം. എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും എല്ലാവര്‍ക്കും ആവശ്യമില്ല. എന്നാല്‍ ഒരാളുടെ ജീവിതത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില പോളിസികളുണ്ട്. അവ ഇനി പറയുന്നു.
ഒരാളുടെ ജീവിതത്തിൽ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ഇന്‍ഷുറന്‍സ് പോളിസികള്‍
1.മെഡിക്ലെയിം പോളിസി
അസുഖം വന്നാല്‍ ചികിത്സയ്ക്ക് പണം ലഭ്യമാക്കുന്ന പോളിസിയാണിത്. എല്ലാ വര്‍ഷവും ഒരു നിശ്ചിത തുക പ്രീമിയം അടച്ച് പുതുക്കിക്കൊണ്ട് പോകാം. ഗൃഹനാഥനു മാത്രമായോ ഗൃഹനാഥനും കുടുംബാംഗങ്ങള്‍ക്കും ഒരുമിച്ചോ ഇത്തരം പോളിസി എടുക്കാം. അസുഖം വന്നാല്‍ ചികിത്സിക്കുന്ന ആശുപത്രിക്ക് ഇന്‍ഷുറന്‍സ് കമ്പനി പണം നേരിട്ടും നല്‍കും. അല്ലെങ്കില്‍ നിങ്ങള്‍ ആശുപത്രിക്ക് നല്‍കുന്ന പണം ഇന്‍ഷുറന്‍സ് കമ്പനി പിന്നീട് തിരിച്ചുനല്‍കും. എത്ര കുറഞ്ഞപ്രായത്തില്‍ പോളിസിയെടുക്കുന്നോ അത്രയും പ്രീമിയവും കുറഞ്ഞിരിക്കും.
2. ആക്‌സിഡന്റ് പോളിസി
അപകടത്തെ തുടര്‍ന്നുണ്ടാകുന്ന അംഗവൈകല്യത്തിനും മറ്റ് കഷ്ടനഷ്ടങ്ങള്‍ക്കും നിശ്ചിത സം അഷ്വേര്‍ഡ് തുക ലഭിക്കുന്ന പോളിസിയാണിത്.
3. ലൈഫ് ഇന്‍ഷുറന്‍സ് ടേം പോളിസി
നിങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ അനന്തരാവകാശിക്ക് ഒരു നിശ്ചിത സം അഷ്വേര്‍ഡ് തുക നഷ്ട പരിഹാരമായി ലഭിക്കുന്ന പോളിസിയാണിത്. ഓരോ വര്‍ഷവും നിശ്ചിത തുക പ്രീമിയം അടച്ചുകൊണ്ട് നിശ്ചിത കാലയളവുവരെ തുടര്‍ന്നുകൊണ്ടുപോകാവുന്ന പോളിസിയാണിത്
4. ഹോം ഇന്‍ഷുറന്‍സ് പോളിസി
വീട്, വീട്ടിനുള്ളിലെ ഗൃഹോപകരണങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവ ഇന്‍ഷുര്‍ ചെയ്യാവുന്ന പോളിസിയാണിത്.
(ഈ പംക്തിയില്‍ പ്രതിപാദിക്കുന്ന വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍: 9447667716. ഇ-മെയില്‍: jayakumarkk8@gmail.com)
Content Highlights: must have insurance policies