30 ലക്ഷം തെരുവുനായ്ക്കളെ അതിക്രൂരമായി കൊല്ലുന്ന മൊറോക്കോ, ലക്ഷ്യം ലോകകപ്പ്

പ്രതീകാത്മക ചിത്രം (Getty Images)
പ്രതീകാത്മക ചിത്രം (Getty Images)

2030 ഫിഫ ലോകകപ്പ് വേദിയായി മൊറോക്കോ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ലോകം കേട്ടതാണ്. വലിയ സമ്പന്നരാജ്യമൊന്നുമല്ല വടക്കേ അമേരിക്കന്‍ രാജ്യമായ മൊറോക്കോ. എന്നാല്‍ തങ്ങളാലാകും വിധം ലോകകപ്പ് കൊഴുപ്പിക്കാനാണ് മൊറോക്കോയുടെ തീരുമാനം. അതിന് അവര്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ വലിയ വിവാദമായിരിക്കുകയാണ്. 

2022 ലോകകപ്പ് വേദി ഖത്തറായിരുന്നു. അന്ന് ഫ്രാന്‍സിനെ മറികടന്ന് മെസ്സിയുടെ നീലപ്പട കപ്പടിച്ചു. 2026 ലോകകപ്പ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ്. 2030 ലോകകപ്പില്‍ മൊറോക്കോയ്‌ക്കൊപ്പം സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ കൂടി ആതിഥേയരാകുന്നുണ്ട്. 

ഫിഫ ലോകകപ്പ്
(Getty Images)

ലോകകപ്പിന് മുന്നോടിയായി നാട്ടിലെ തെരുവുനായ്ക്കളെ മുഴുവന്‍ കൊന്നൊടുക്കുകയാണ് മൊറോക്കോ. ഇതിന്റെ വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നിസ്സഹായരായ മൃഗങ്ങൾക്കെതിരെ നടക്കുന്ന ക്രൂരതകളുടെ ദൃശ്യങ്ങൾ കണ്ടിരിക്കാനാകില്ല.

നായ്ക്കളെ വെടിവെച്ചുകൊല്ലുന്നതിന്റെ ധാരാളം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. വെടിയേറ്റ നായ്ക്കൾ തെരുവോരത്ത് രക്തം വാർന്നുകിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. നായ്ക്കളെ കൂട്ടമായി ട്രാക്കില്‍ കുത്തിഞെരുക്കി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഷെല്‍ട്ടര്‍ ഹോമുകളിലേക്കാണ് കൊണ്ടുപോകുന്നതത്രെ. പക്ഷേ, നായ്ക്കുട്ടികളെപ്പോലും ട്രക്കിനുള്ളിലേക്ക് വലിച്ചെറിയുന്നത് കണ്ടാലറിയാം അവ ട്രക്ക് യാത്ര അതിജീവിക്കില്ലെന്ന്. 

(Getty Images)

ധാരാളം ഷെല്‍ട്ടര്‍ ഹോമുകള്‍ മൊറോക്കോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, നായ്ക്കളെ അവിടെ വെച്ച് ദാരുണമായ വിധം കൊല്ലുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതിനോടകം 3 മില്യണ്‍ നായ്ക്കളെ കൊന്നുകഴിഞ്ഞു. സ്ട്രൈക്‌നൈന്‍ എന്ന വിഷം ഉപയോഗിച്ച് കൊല്ലുന്ന രീതിയും പ്രവര്‍ത്തികമാക്കുന്നുണ്ട്. ഈ വിഷം അകത്തുചെന്നാല്‍ നായ്ക്കള്‍ ഏഴു മണിക്കൂറോളം കൊടുംവേദന സഹിച്ച് രക്തംവാര്‍ന്ന്  മരിക്കും. 

മൃഗസ്‌നേഹികളുടെ പ്രതിഷേധം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലും കൊലയുമായി മുന്നോട്ടുപോകുകയാണ് ഭരണകൂടം. ഈ ക്രൂരതയുടെ വീഡിയോകള്‍ പ്രചരിക്കുന്നതിനെ എതിര്‍ക്കുന്ന വലിയൊരു വിഭാഗവുമുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ പ്രേക്ഷകരുടെ മാനസികനില തകര്‍ക്കുമെന്ന് മാനസികാരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

Content Highlights: 3 million street dogs killed in morocco ahead of 2030 fifa worldcup