ടോയ്ലറ്റ് ക്ലീനര്‍ കുടിച്ചും വേദനസംഹാരികള്‍ കഴിച്ചും ആത്മഹത്യക്കു ശ്രമിച്ചെന്നാണ് കുട്ടി പറഞ്ഞത്

മകൾക്കൊപ്പം മാതാപിതാക്കൾ | (Photo: Facebook)
മകൾക്കൊപ്പം മാതാപിതാക്കൾ | (Photo: Facebook)

യു.എസിലെ മൊണ്ടാന സംസ്ഥാനത്ത് ആണായിമാറണമെന്ന ആവശ്യം നിരാകരിച്ചതിന് 14-കാരിയുടെ സംരക്ഷണാവകാശം കുടുംബത്തിന് നഷ്ടമായി. 14 വയസ്സുള്ള മകളെ ആണ്‍കുട്ടിയായി ജീവിക്കാന്‍ വീട്ടുകാര്‍ അനുവാദം നല്‍കാത്തതായിരുന്നു കാരണം. ജെന്നിഫര്‍ എന്നുപേരുള്ള കുട്ടി സ്‌കൂളിലെ സുഹൃത്തുക്കളോട് താന്‍ ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതോടെയാണ് വിഷയത്തില്‍ ബാലസംരക്ഷണവിഭാഗം ഇടപെടുന്നത്. കുട്ടിയുടെ ആത്മഹത്യാപ്രവണതയെപ്പറ്റി ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസിന് (CPS) വിവരം ലഭിക്കുകയും രാത്രിയോടെ സംഘം ഗ്ലാസ്ഗോയിലെ വീട്ടിലെത്തുകയും ചെയ്തു. 

വീട് പരിശോധിച്ച സംഘം ജെന്നിഫറുമായി സംസാരിച്ചു. ആണായി ജീവിക്കണമെന്നും വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നും കുട്ടി പറഞ്ഞു. ടോയ്ലറ്റ് ക്ലീനര്‍ കുടിച്ചും വേദനസംഹാരികള്‍ അമിതമായി കഴിച്ചുമാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നും ജെന്നിഫര്‍ അവരോട് പറഞ്ഞു. മാതാപിതാക്കള്‍ ഇത് നിഷേധിച്ചു. മുഴുവന്‍ സമയവും വീട്ടിലുണ്ടായിരുന്ന തങ്ങള്‍ക്ക് മകള്‍ ആത്മഹത്യക്കു ശ്രമിച്ചതായി ഇതുവരെ തോന്നിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രാദേശിക ആശുപത്രിയിലെത്തിച്ച് കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ജെന്നിഫര്‍ വിഷപദാര്‍ഥങ്ങളൊന്നും തന്നെ കഴിച്ചിട്ടില്ലെന്ന് മനസ്സിലായി. അതേസമയം, ജെന്നിഫറിലെ പുരുഷനാവാനുള്ള ആഗ്രഹത്തിന് മുന്‍തൂക്കം കൊടുക്കേണ്ടതുണ്ടെന്നും ആരോഗ്യകേന്ദ്രങ്ങള്‍ അവരെ അറിയിച്ചു. ലിയോ എന്ന് വിളിക്കപ്പെടാനാണ് അവള്‍ ആഗ്രഹിക്കുന്നതെന്നും. 

രണ്ടാനമ്മയായ ക്രിസ്റ്റയും അച്ഛന്‍ ടോഡ് കോള്‍സ്റ്റാഡും പറയുന്നത്, ജെന്നിഫറിന് കഠിനമായ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ്. മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമവും നുണപറച്ചിലുമടക്കമുള്ള വൈകല്യങ്ങളുണ്ടെന്നും. അതിന്റെ ഭാഗമായിട്ടാവാം അവള്‍ പരിവര്‍ത്തനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്, രക്ഷിതാക്കളെന്ന നിലയില്‍ തങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ അവള്‍ തയ്യാറാവുന്നില്ലെന്നും കുടുംബം പരാതിപ്പെടുന്നു.  

മകളെ അത്രയേറെ സ്‌നേഹിക്കുന്നു. ഇപ്പോഴത്തെ തോന്നലുകള്‍ പ്രായത്തിന്റെ പ്രശ്‌നങ്ങളാവാം. പ്രായപൂര്‍ത്തിയായി, ജീവിതമെന്തെന്ന് മനസ്സിലാക്കി, ചെയ്യാന്‍ പോകുന്നതിന്റെ വരുംവരായ്കകള്‍ മനസ്സിലാക്കിയശേഷം മാത്രം അവള്‍ തീരുമാനമെടുക്കുന്നതാണ് നല്ലത്. അതുവരെ അങ്ങനെയൊരു തീരുമാനമെടുക്കാതിരിക്കട്ടെ. ചെറുപ്പത്തിലേ അമ്മയുപേക്ഷിച്ചുപോയതിനാല്‍ മകള്‍ക്ക് പല ട്രോമകളുമുണ്ട്. സ്‌കൂളില്‍ വെച്ചും ജെന്നിഫര്‍ നിരന്തരം കളിയാക്കപ്പെട്ടിരുന്നു. മകളെ സ്‌കൂള്‍ മാറ്റിച്ചേര്‍ക്കാന്‍ അച്ഛനമ്മമാര്‍ പലയിടത്തും മാറിമാറി താമസിക്കേണ്ടി വന്നിട്ടുണ്ട്. - രക്ഷിതാക്കള്‍ പറയുന്നു.  

അതേസമയം, കുട്ടിക്ക് ആത്മഹത്യാപ്രവണതയുള്ളതിനാല്‍ ആരോഗ്യകേന്ദ്രത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു ആദ്യഘട്ടത്തില്‍. സ്ഥിരമായി കൗണ്‍സിലിങ് കൊടുക്കുകയും ചെയ്തു. പിന്നീട് വ്യോമിങ്ങിലെ ബിഹേവിയറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. ആഗ്രഹിച്ചതുപോലെ മുടിമുറിച്ച്, ആണുങ്ങളുടെ വേഷമിട്ട്, പുരുഷന്‍മാരുടെ ഗ്രൂപ്പുകളില്‍ പങ്കെടുത്ത് ജീവിക്കുകയാണ് ജെന്നിഫര്‍ ഇപ്പോള്‍. ട്രാന്‍സ് ജെന്‍ഡറായി ജീവിക്കാന്‍ രക്ഷിതാക്കള്‍ അവളെ അനുവദിക്കില്ലെന്ന സാഹചര്യത്തിലാണ് ആറുമാസത്തേക്ക് സി.പി.എസിന് സംരക്ഷണച്ചുമതല നല്‍കിയത്. എല്ലാവിധ ആരോഗ്യസംരക്ഷണവും അവിടെ നല്‍കുന്നുണ്ട്. ആറുമാസത്തിനുശേഷം സ്വന്തം അമ്മയ്ക്ക് കൈമാറും. മൈനറായിട്ടുള്ളവര്‍ക്ക് മെഡിക്കല്‍ ട്രാന്‍സ്‌ഫോര്‍മിങ് ചെയ്യുന്നത് മൊണ്ടാനയില്‍ നിരോധിച്ചതാണ്. 

13-ാം വയസ്സിലാണ് ആണാവണമെന്ന ആഗ്രഹം ജെന്നിഫര്‍ തുറന്നുപറഞ്ഞത്. ഇതുപോലെ ചെറുപ്രായത്തില്‍ തന്നെ തങ്ങളുടെ സ്വത്വം വെളിപ്പെടുത്തുന്ന കുട്ടികളുടെ എണ്ണം യു.എസില്‍ വര്‍ധിക്കുകയാണ്. മതവിശ്വാസവും മറ്റു സാഹചര്യങ്ങളും കാരണം കുട്ടികളുടെ സ്വത്വം അംഗീകരിക്കാനാവാതെ വരുന്ന രക്ഷിതാക്കള്‍ക്ക് അവരുടെ സംരക്ഷണാവകാശം നഷ്ടമാകുന്ന ഒട്ടേറെ സംഭവങ്ങള്‍ അടുത്തിടെറിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാലസംരക്ഷണകേന്ദ്രം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന ആരോപണം രക്ഷിതാക്കള്‍ക്കുമുണ്ട്.
 

Content Highlights: montana family loses custody of daughter after expressing opposition to her gender transition