വാര്‍ഷിക വരുമാനവര്‍ധനവ് മികച്ച രീതിയില്‍ നിക്ഷേപമാക്കിമാറ്റാന്‍ സ്മാര്‍ട്ട് എസ്.ഐ.പി. രീതികള്‍

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

ഓഹരിയില്‍ നിക്ഷേപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് അടുത്തകാലത്തുണ്ടായത്. നാലാളുകള്‍ കൂടുന്നിടത്തെല്ലാം ഓഹരി നിക്ഷേപത്തെക്കുറിച്ചാണ് ചര്‍ച്ച. യാത്രക്കിടയിലും ജോലിയുടെ ഇടവേളകളിലും ട്രേഡിങ് ആപ്പുകളില്‍ വിപണിയുടെ ട്രെന്‍ഡ് നോക്കുകയും അനുയോജ്യമായ സാഹചര്യം ഒത്തുവന്നാല്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നവരാണേറെയും. ദൈനംദിന ഇടപാടുകളിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കി സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി സ്മാര്‍ട്ടായി നിക്ഷേപം നടത്തുന്നവരും ഏറെയുണ്ട്.

വരുമാനത്തിന്റെ ഒരു ഭാഗം നിശ്ചിത ഇടവേളകളില്‍ നിക്ഷേപിച്ച് ഭാവിയില്‍ നല്ലൊരു തുക നേടാനുള്ള മികച്ച അവസരമാണ് സ്മാര്‍ട്ട് എസ്.ഐ.പി. രീതികള്‍ മുന്നോട്ടുവെക്കുന്നത്. നിലവിലെ കനത്ത ചാഞ്ചാട്ടത്തില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താം.

ട്രിഗര്‍ എസ്.ഐ.പി.
ഓഹരി സൂചികയോ മ്യൂച്വല്‍ ഫണ്ടിന്റെ യൂണിറ്റ് വില(എന്‍.എ.വി)യോ നിശ്ചിത നിലവാരത്തിന് താഴെ പോകുമ്പോള്‍ നിക്ഷേപിക്കുന്നതിന് ട്രിഗര്‍ എസ്.ഐ.പിയിലൂടെ കഴിയും. വിപണി അഞ്ചോ പത്തോ ശതമാനം ഇടിവ് നേരിടുമ്പോള്‍ നിക്ഷേപം നടത്താന്‍ നേരത്തെ സജ്ജീകരിച്ചുവെക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വില കുറയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ കഴിയുന്നതിനാല്‍ ശരാശരി നിക്ഷേപച്ചെലവ് കുറച്ച് ദീര്‍ഘകാലയളവില്‍ കൂടുതല്‍ ആദായം സ്വന്തമാക്കാം.  

സ്റ്റെപ് അപ് എസ്.ഐ.പി.
വരുമാന വര്‍ധനവിന് അനുസരിച്ച് നിക്ഷേപത്തുക ക്രമേണ വര്‍ധിപ്പിക്കാനുള്ള അവസരമാണ് സ്റ്റെപ്പ് അപ്എസ്.ഐ.പിയിലൂടെ ലഭിക്കുന്നത്. ഓരോ വര്‍ഷവും എസ്.ഐ.പി. തുകയില്‍ നിശ്ചിത ശതമാനം വര്‍ധനവരുത്താന്‍ കഴിയും. 5,000 രൂപയില്‍ എസ്.ഐ.പി. തുടങ്ങിയെന്ന് കരുതുക. രണ്ടാം വര്‍ഷത്തില്‍ 10 ശതമാനം വര്‍ധനവരുത്താന്‍ നേരത്തെ സജ്ജീകരിച്ച് വെക്കാം. അതുപ്രകാരം ഒരു വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപത്തുക 5,500 രൂപയാകും. അടുത്തവര്‍ഷവും നിക്ഷേപത്തുകയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും. വാര്‍ഷിക വരുമാന വര്‍ധനവ് മികച്ച രീതിയില്‍ നിക്ഷേപമാക്കിമാറ്റാന്‍ പദ്ധതി ഉപകരിക്കും. സമ്പത്ത് വേഗത്തില്‍ വളരാനും പദ്ധതി ഗുണം ചെയ്യും.

നിലവില്‍ 30 വയസ്സുള്ള ഒരാള്‍ മാസം 10,000 രൂപ വീതം എസ്.ഐ.പിയായി നിക്ഷേപിക്കുന്നുവെന്ന് കരുതുക. 20 വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുക 99.91 ലക്ഷം രൂപയാണ്. നിക്ഷേപിച്ചതാകട്ടെ 24 ലക്ഷവും നേട്ടം 75.91 ലക്ഷം രൂപയുമാണ്. അതേസമയം, സ്റ്റെപ്പ് അപ് എസ്.ഐ.പി. രീതിയിലായിരുന്നു നിക്ഷേപമെങ്കില്‍ കാലാവധിയെത്തുമ്പോള്‍ 1.99 കോടി രൂപയാകും സമാഹരിക്കാന്‍ കഴിയുക. മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 68.73 ലക്ഷവും നേട്ടം 1.30 കോടി രൂപയുമാണ്.
 

Content Highlights: money too column smart sip methods for investment