മൊണാലിസയ്ക്ക് അച്ഛനുമായുണ്ടായിരുന്നത് വൈകാരികബന്ധം, ‘മുറച്ചെറുക്കനെ’ സഹോദരനായാണ് കണ്ടത്

ഫർമാൻ ഖാൻ, മൊണാലിസ | PTI
ഫർമാൻ ഖാൻ, മൊണാലിസ | PTI

കുംഭമേളയിലെ മാല വിൽപനക്കാരിയിൽ നിന്ന്, ലോകം മുഴുവൻ ആരാധകരുള്ള വ്യക്തിയായി വളർന്ന മൊണാലിസ ഭോസ്‌ലെയുടെ (monalisa) വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയും അതേസമയം വിവാദവുമാവുകയാണ്. നടനും മോഡലുമായ ഫർമാൻ ഖാനൊപ്പം ജീവിക്കാൻ തീരുമാനിച്ച മൊണാലിസ കുടുംബവുമായി നീരസത്തിലാണിപ്പോൾ. ഇതരമതസ്ഥനായ ഫർമാനെ മൊണാലിസ വിവാഹം ചെയ്യുന്നതിനോട് അച്ഛനും കുടുംബത്തിനും താത്പര്യമുണ്ടായിരുന്നില്ലെന്നതാണ് കാരണം. മൊണാലിസയുടെ അച്ഛനെയും കുടുംബാംഗങ്ങളേയും സോഷ്യൽ മീഡിയക്കും പരിചിതമാണ്. മകളുടെ സുരക്ഷയ്ക്കായി അച്ഛൻ ജെയ് സിങ് ഭോസ്ലെ മിക്ക സമയങ്ങളിലും അവർക്കൊപ്പമുണ്ടാവുമായിരുന്നു. വൈകാരികമായി വളരെ അടുപ്പത്തിലായിരുന്നു കുടുംബം. കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ മകൾ കൊണ്ടുവന്ന വരുമാനമാണ് കുടുംബത്തെ രക്ഷിച്ചതെന്നും മകളെയോർത്ത് ഏറെ അഭിമാനിക്കുന്നുവെന്നും പിതാവ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അച്ഛൻ തങ്ങൾക്കുവേണ്ടി വളരെയേറെ കഠിനാധ്വാനം ചെയ്യുന്നതിനെപ്പറ്റി മകളും സംസാരിച്ചിട്ടുണ്ട്.

അച്ഛനമ്മമാർക്കും രണ്ടു സഹോദരിമാർക്കുമൊപ്പമാണ് മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിനിയായ മൊണാലിസ പ്രയാഗ്‌രാജിലെ കുംഭമേളയിൽ മാലവിൽക്കാനെത്തിയത്. അതേസമയം, മൊണാലിസയുടെ പെട്ടെന്നുള്ള പ്രശസ്തി കുടുംബത്തെ ഭയത്തിലാക്കി. ഇന്റർനെറ്റിൽ വൈറലായതോടെ ആളുകൾ എല്ലായിടത്തും മൊണാലിസയെ കാണാൻ കൂട്ടംകൂടി ബുദ്ധിമുട്ടിച്ചു. അവൾക്ക് മാല വിൽക്കാൻ പോലും പറ്റാത്ത സ്ഥിതി വന്നു. സെൻസേഷനലായതോടെ മകളുടെ സുരക്ഷയെക്കരുതി അച്ഛൻ അവളെ തിരികെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ശേഷം ബാക്കിയുള്ളവർ മാലവിൽപന തുടരുകയായിരുന്നു. ആളുകൾ അവരെ കാണാൻ കൂട്ടം കൂടുന്നത് കണ്ട് ഭയന്നാണ് അച്ഛനങ്ങനെ ചെയ്തതെന്ന് മൊണാലിസയുടെ സഹോദരിമാർ പറഞ്ഞിരുന്നു. പിന്നീട് 'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന സിനിമയിൽ അഭിനയിക്കാൻ മൊണാലിസയ്ക്ക് അവസരം കിട്ടി. അപ്പോഴെല്ലാം വീട്ടുകാർ ശക്തമായി അവൾക്കൊപ്പമുണ്ടായിരുന്നു. കേരളത്തിലേക്ക് ജ്വല്ലറി ഉദ്ഘാടനത്തിനായി മൊണാലിസയെത്തിയപ്പോഴും അച്ഛൻ മകൾക്ക് കാവലായി വന്നു.

അച്ഛന്റെ സഹോദരിയുടെ മകനെ വിവാഹം ചെയ്യാൻ നിർബന്ധിച്ചതാണ് പെട്ടെന്നൊരു വിവാഹത്തിന് മൊണാലിസയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. വീട്ടുകാർ വിവാഹം കഴിക്കാൻ നിർബന്ധിച്ച വ്യക്തിയെ സഹോദരതുല്യനായിട്ടാണ് മൊണാലിസ കണ്ടിരുന്നത്. ഇതരമതസ്ഥനെ വിവാഹം ചെയ്യുന്നതിനും അവർ എതിരായിരുന്നു. മധ്യപ്രദേശിൽ സഹോദരന്റെയും സഹോദരിയുടെയും മക്കൾ തമ്മിൽ വിവാഹിതരാവുന്നത് സാധാരണമല്ലെങ്കിലും ചില പ്രാദേശികഗോത്രങ്ങളിൽ അങ്ങനെയൊരു പതിവുണ്ട്.

അതേസമയം, ഷൂട്ടിങ്ങിനായാണ് മൊണാലിസ കേരളത്തിലെത്തിയത്. ഇതിനിടെയാണ് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയതും വിവാഹം കഴിച്ചതുമെല്ലാം. മൊണാലിസയുടെ അച്ഛനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു, തനിക്ക് ഫർമാനൊപ്പം പോയാൽ മതിയെന്ന് മൊണാലിസ അവിടെവെച്ച് പറഞ്ഞു. മൊണാലിസയ്ക്ക് 18 വയസ്സായതിനാൽ ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാമെന്ന് പോലീസ് വീട്ടുകാരോട് പറയുകയായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Social media star Monalisa Bhosle married Farman Khan at a Kerala temple., The groom's family in Baghpat publicly opposed the interfaith union., The couple sought police protection in Kerala prior to the wedding., The family claims they were kept in the dark and learned of the news via media.