'നിന്റെ പേശീബലം എനിക്ക് ഇഷ്ടമാണ്, നിന്റെ ശരീരപ്രകൃതിയും എന്നെ ആകർഷിക്കുന്നു'

നടി ബിപാഷ ബസുവിനെക്കുറിച്ച് മൃണാൾ താക്കൂർ അഭിപ്രായം പറയുന്നൊരു വീഡിയോ കുറച്ചുനാൾ മുമ്പ് ഏറെ ചർച്ചയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള വീഡിയോയാണ് വീണ്ടും ഉയർന്നുവന്നതും വിവാദമാവുകയും ചെയ്തത്. ഒരു ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു മൃണാൾ. 'പേശികളുള്ള പുരുഷസമാനമായ ശരീരപ്രകൃതിയുള്ളവൾ' എന്നാണ് മൃണാൾ ബിപാഷയെ വിശേഷിപ്പിച്ചത്. 'ഞാൻ ബിപാഷയേക്കാൾ എത്രയോ മികച്ചതാണ്' എന്നും മൃണാൾ കൂട്ടിച്ചേർത്തു.
ഇത് മൃണാളിനെതിരെയുള്ള വിമർശനങ്ങൾക്കും കാരണമായി. ഇതിനെതിരെ ബിപാഷയും പരോക്ഷമായി രംഗത്തെത്തി. ''ശക്തരായ സ്ത്രീകൾ പരസ്പരം കരുത്തുപകരുന്നു. സുന്ദരികളേ, ആ പേശികൾ വളർത്തിയെടുക്കൂ... നാം കരുത്തുള്ളവരായിരിക്കണം... മികച്ച ശാരീരികവും മാനസികവുമായ ആരോഗ്യം എന്നെന്നേക്കുമായി നിലനിർത്താൻ പേശികളുടെ കരുത്ത് സഹായിക്കും! സ്ത്രീകൾ ശാരീരികമായി കരുത്തുള്ളവരായി കാണപ്പെടാനോ കരുത്തരാകാനോ പാടില്ലെന്ന പഴഞ്ചൻ ചിന്താഗതിയെ നമുക്ക് തകർത്തെറിയാം''.
കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ വിശദീകരണവുമായി മൃണാളും രംഗത്തെത്തി. ''പത്തൊൻപത് വയസ്സുകാരിയായിരുന്നപ്പോൾ ഞാൻ പല അബദ്ധങ്ങളും പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകൾക്ക് എത്രത്തോളം ഗൗരവമുണ്ടെന്നോ, തമാശരൂപേണ പറയുന്ന കാര്യങ്ങൾ പോലും മറ്റുള്ളവരെ എത്രത്തോളം വേദനിപ്പിക്കുമെന്നോ അന്ന് എനിക്ക് പൂർണ്ണമായി മനസ്സിലായിരുന്നില്ല. എന്നാൽ അത്തരം വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ട്; അതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. ആരെയും അവരുടെ ശരീരപ്രകൃതിയുടെ പേരിൽ പരിഹസിക്കുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശ്യം. ഒരു അഭിമുഖത്തിനിടെ നടന്ന തമാശ അതിരുവിട്ടുപോയതാണ്. എങ്കിലും, അത് മറ്റുള്ളവർക്ക് എങ്ങനെയാണ് അനുഭവപ്പെട്ടതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്; വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്താമായിരുന്നു എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കാലം കടന്നപ്പോൾ, സൗന്ദര്യം പല രൂപങ്ങളിലാകാമെന്ന് ഞാൻ തിരിച്ചറിഞ്ഞു; ആ തിരിച്ചറിവിനെ ഞാൻ ഇപ്പോൾ ഏറെ വിലമതിക്കുന്നു'', എന്നാണ് തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ മൃണാൾ പറഞ്ഞത്.
'എല്ലെ ഇന്ത്യ' (Elle India) മാഗസിനായുള്ള പുതിയ ഫോട്ടോഷൂട്ടിലൂടെ ബിപാഷ ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ ബിപാഷയെ പിന്തുണച്ച് വന്നിരിക്കുകയാണ് ഫാഷൻ ഡിസൈനർ കൂടിയായ മസാബ ഗുപ്ത. നടിയുടെ സൗന്ദര്യത്തെയും പേശീബലമുള്ള ശരീരപ്രകൃതിയെയും മസബ പ്രശംസിക്കുകയും ചെയ്തു. അതിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ട് മസാബ ഇങ്ങനെ കുറിച്ചു, ''ഒരു മാഗസിൻ കവറിൽ ബിപാഷയെ കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. യഥാർത്ഥ താരങ്ങളുടെ ഗണത്തിൽപ്പെട്ട അവസാനത്തെ ആളാണ് അവൾ. ബിപാഷയെപ്പോലെ മറ്റൊരാൾ ഇനി ഉണ്ടാവില്ല; കാരണം, ഇന്നത്തെ കാലത്ത് എല്ലാം ഒരേ അച്ചിൽ വാർത്തെടുത്തതുപോലെയാണ്. വിരസവും മടുപ്പിക്കുന്നതും ഒട്ടും ആത്മവിശ്വാസം പകരാത്തതുമായ ഒന്ന്''.
ബിപാഷയുടെ ശരീരപ്രകൃതി തനിക്കേറെ ഇഷ്ടമാണെന്നും അവർ പറഞ്ഞു, ''നിന്റെ അത്ലറ്റിക് ആയ ശരീരപ്രകൃതി എനിക്ക് ഏറെ ഇഷ്ടമാണ്. നിന്റെ പേശീബലം എനിക്കിഷ്ടമാണ്; നീ മുന്നോട്ടുവെച്ച ഫിറ്റ്നസ് നിലവാരം എന്നെ കൂടുതൽ ആകർഷിക്കുന്നു. ആരെങ്കിലും ഇതിനെ 'സ്ത്രീസഹജമായ സൗന്ദര്യം' അല്ലെന്ന് കരുതുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമാണ്. ഇത് അതിഗംഭീരമാണ്. തിരിച്ചുവരവിന് സ്വാഗതം. ഇതൊരു പുതിയ ഉന്മേഷം പകരുന്ന കാഴ്ചയാണ്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Masaba Gupta supported Bipasha Basu's latest Elle India photoshoot. Praised Bipasha's athletic body and muscular physique., Highlighted the lack of originality in today's celebrity standards., Welcomed Bipasha's refreshing comeback to the glamour world.