മൃഗങ്ങളുടെ വിസർജ്യത്തിന് മുൻ കാമുകന്റെയോ കാമുകിയുടെയോ പേരിടാം

അമേരിക്കയിലെ മേരിലാൻഡ് മൃഗശാല ഇത്തവണത്തെ വാലന്റൈൻസ് ദിനത്തിൽ വ്യത്യസ്തമായ ഒരാശയവുമായിട്ടാണ് എത്തിയിരിക്കുന്നത്. ഇപ്പോഴും 'എക്‌സ്' പാർട്ണറിനെ ആലോചിച്ചിരിക്കുന്നവരെയാണ് മൃഗശാല കൂടുതലായി ലക്ഷ്യമിടുന്നത്.

നിങ്ങളുടെ മുൻ കാമുകന്റെയോ അല്ലെങ്കിൽ കാമുകിയുടെയോ പേര് മൃഗങ്ങളുടെ വിസർജ്യത്തിന് നൽകാമെന്നാണ് മൃഗശാല വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ മാസം മൃഗശാല 'ഡോളേഴ്‌സ് ഫോർ ഡങ്' എന്ന പേരിലൊരു പണസമാഹരണപരിപാടി പ്രഖ്യാപിച്ചിരുന്നു. അതുപ്രകാരം പങ്കെടുക്കുന്നവർക്ക് ഒരു മൃഗത്തിന്റെ വിസർജ്യത്തിന് തന്റെ 'എക്‌സി'ന്റെ പേരിടാം. 5 ഡോളർ നൽകി ആർക്കും ഇതിൽ പങ്കെടുക്കാം. ഇതിൽ പങ്കെടുത്തതിന്റെ ഭാഗമായി, പിഡിഎഫ് രൂപത്തിലുള്ള സർട്ടിഫിക്കറ്റ് അധികൃതർ അയച്ചുതരും. ആളുകളിലൂടെ ലഭിക്കുന്ന പണം, മേരിലാൻഡിലെയും അതുപോലെ ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളിലെയും മൃഗശാലയുടെ പ്രവർത്തനങ്ങൾക്കായിട്ടാണ് ഉപയോഗിക്കുക.

പനാമ ഗോൾഡൻ ഫ്രോഗ്‌സ്, ആഫ്രിക്കൻ പെൻഗ്വിൻ എന്നിവ ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന 1000-ത്തിലധികം മൃഗങ്ങളാണ് മേരിലാൻഡ് മൃഗശാലയിലുള്ളത്.

''ഈ വാലന്റൈൻസ് ദിനത്തിൽ ഹൃദയഭേദകമായ അനുഭവങ്ങളെ രസകരമായ അനുഭവങ്ങളാക്കി മാറ്റാനുള്ള ഏറ്റവും നല്ല മാർഗമാണ് ഡോളേഴ്‌സ് ഫോർ ഡങ്'', മൃഗശാല ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. ''വെറും 5 ഡോളറിന്, നിങ്ങളുടെ മുൻ കാമുകന്റെയോ കാമുകിയുടെയോ പേര്, ഒരു കൂട്ടം മൃഗങ്ങളുടെ വിസർജ്യത്തിനിടൂ. മൃഗസംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനൊപ്പം അതിനെക്കുറിച്ച് സംസാരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Maryland Zoo offers a unique Valentine`s Day fundraiser. Name animal droppings after your ex for $5 & support wildlife conservation