'ഉര്‍വശീ എന്ന് തുടങ്ങുന്ന പാട്ട് ഞാന്‍ പാടിയാല്‍ ട്രോളര്‍മാര്‍ വെറുതെവിടുമോ? പഴയ ഭാര്യയെ മറക്കാന്‍ പറ്റുന്നില്ല എന്നൊക്കെ പരിഹസിച്ചേക്കാം'

ഓര്‍മ്മയിലെ ആദ്യത്തെ പാട്ട് ഒരു ദേവരാജഗീതമാണ്: ''ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചന്ദനം പൂക്കുന്ന ദിക്കില്‍ തൃത്താപ്പൂവിന് മുത്തം കൊടുക്കുന്നു തൃക്കാര്‍ത്തിക രാത്രി...'' കോട്ടയത്തെ തറവാടുവീടിന്റെ മുറ്റത്തെ അരമതിലില്‍ സദാസമയവും കിനാവ് കണ്ടിരുന്ന അഞ്ചുവയസ്സുകാരന്റെ ചുണ്ടില്‍ ഒരു കൊഞ്ചലായി തങ്ങിനിന്ന പാട്ട്.
''വീട്ടില്‍ സംഗീതാന്തരീക്ഷമാണല്ലോ എപ്പോഴും. അച്ഛന്‍ ജയനും കൊച്ചച്ഛന്‍ വിജയനും അറിയപ്പെടുന്ന സംഗീതജ്ഞര്‍. റേഡിയോയിലോ മറ്റോ കേട്ട് മനസ്സില്‍ പതിഞ്ഞതു കൊണ്ടാവാം, ഒതേനന്റെ മകനിലെ ഈ പാട്ടിനോട് ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നത്രേ എനിക്ക്. ചുമ്മാ മാനം നോക്കി ഒറ്റയ്ക്കിരിക്കുന്ന സമയത്ത് എപ്പോഴും മൂളിക്കേട്ടിട്ടുള്ളത് ആ പാട്ടാണെന്ന് ചേച്ചിയമ്മ, അച്ഛന്റെ മൂത്ത ജ്യേഷ്ഠന്റെ ഭാര്യ, പറഞ്ഞറിയാം.''മനോജ് കെ ജയന്‍ ചിരിക്കുന്നു. ജീവിതത്തിലാദ്യമായി പാടിനടന്നത് നഴ്‌സറി റൈമോ കുട്ടിപ്പാട്ടോ അല്ല സിനിമാപ്പാട്ടായിരുന്നു എന്നത് ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന കാര്യം.
Content Highlights: Manoj K Jayan shares his memories of singing Devraj`s songs in `Agrajan`, his admiration for the maestro, and the untold story behind `Urvashi`.