കുംഭമേളയിലെ വൈറല്‍ മൊണാലിസയെ അച്ഛന്‍ വീട്ടിലേക്കയച്ചു, മേക്കോവര്‍ നടത്തി യൂട്യൂബ് ചാനലുമായി

മൊണാലിസ ഭോസ്‌ലെ | X, Instagram
മൊണാലിസ ഭോസ്‌ലെ | X, Instagram

മഹാകുംഭമേളയില്‍ മാലവില്പനയ്‌ക്കെത്തിയ മൊണാലിസ ഭോസ്‌ലെയെ വളരെ വേഗമാണ് ലോകമറിഞ്ഞത്. 16-കാരിയുടെ സൗന്ദര്യവും ആകര്‍ഷണീയതയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛനമ്മമാര്‍ക്കും രണ്ടു സഹോദരിമാര്‍ക്കുമൊപ്പം മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്ന് പ്രയാഗ്‌രാജിലെ കുംഭമേളയിലെത്തിയതാണ് മൊണാലിസ. 

മുത്തുകളും മാലകളും വിറ്റ് പണമുണ്ടാക്കുകയായിരുന്നു വരവിന്റെ ഉദ്ദേശ്യം. മൊണാലിസയുടെ മാലവില്‍പനരീതിയും ആളുകളോട് സംസാരിക്കുന്നതും കസ്റ്റമേഴ്‌സിനെ കൈകാര്യം ചെയ്യുന്നതുമെല്ലാം സോഷ്യല്‍മീഡിയക്ക് വല്ലാതെയങ്ങ് ബോധിച്ചു. അവരുടെ വീഡിയോയും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു. ലോകം മുഴുവന്‍ മൊണാലിസയ്ക്ക് ആരാധകരായി. 'മഹാകുംഭമേളയുടെ മൊണാലിസ' എന്ന പേരും വീണു. 

അതേസമയം, മൊണാലിസയുടെ പെട്ടെന്നുള്ള പ്രശസ്തി കുടുംബത്തെ ഭയത്തിലാക്കുകയാണ് ചെയ്തത്. ശ്രദ്ധാകേന്ദ്രമായതോടെ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നു. ആളുകള്‍ എപ്പോഴും മൊണാലിസയെ കാണാന്‍ കൂട്ടംകൂടുന്നത് ബുദ്ധിമുട്ടായി, അവള്‍ക്ക് മാല വില്‍ക്കാന്‍ പറ്റാതായി. സെന്‍സേഷനലായതോടെ അവളുടെ സുരക്ഷയെക്കരുതി പിതാവ് മൊണാലിസയെ വീട്ടിലേക്കയച്ചു. ആളുകള്‍ അവരെ കാണാന്‍ കൂട്ടം കൂടുന്നതും പ്രശസ്തിയും കണ്ട് ഭയന്നാണ് അച്ഛനങ്ങനെ ചെയ്തതെന്ന് അവിടെ മാലവില്‍പന തുടരുന്ന സഹോദരിമാര്‍ പറയുന്നു. 

മൊണാലിസ നാട്ടില്‍ പോയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയവസാനിക്കുന്നില്ല. വീട്ടില്‍ തിരികെയെത്തിയ ഉടനെ സ്വന്തമായി യൂട്യൂബ് ചാനലും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും തുടങ്ങി. മൊണാലിസയ്ക്ക് എക്‌സില്‍ ആയിരക്കണക്കിന് ഫോളോവര്‍മാര്‍ വന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് മൊണാലിസ സ്റ്റാറായത്. ഇന്‍സ്റ്റഗ്രാമില്‍ പതിനായിരത്തോളം ആളുകളാണ് പിന്തുടരുന്നത്. അതേസമയം, മൊണാലിസയ്ക്കും മുമ്പേ ഒട്ടേറെ ഫാന്‍ പേജുകളും അവളുടെ പേരില്‍ തുടങ്ങിയിരുന്നു. പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും ഫോളോവര്‍മാരാണ് ആ പേജുകള്‍ക്ക് വരുന്നത്. ഫാന്‍ പേജുകളിലെ വീഡിയോകള്‍ക്ക് മില്യണ്‍ കണക്കിന് കാഴ്ചക്കാരുമുണ്ടായി.  

അതിനിടെ മൊണാലിസ സ്വന്തമായി ഒരു മേക്കോവറും നടത്തി. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സഹായത്തോടെ നടത്തിയ മേക്കോവറിന്റെ വീഡിയോ അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മേക്കോവര്‍ ചിത്രങ്ങള്‍ക്ക് പക്ഷേ ഒട്ടേറെ വിമര്‍ശനവും നേരിടേണ്ടിവന്നു. 

മേക്കപ്പില്ലാതെയാണ് അവള്‍ സുന്ദരിയെന്നും സ്വതസിദ്ധമായ അവരുടെ സൗന്ദര്യം ആസ്വദിക്കാന്‍ എന്തുകൊണ്ടാണ് ആളുകള്‍ക്ക് സാധിക്കാത്തതെന്നും പോസ്റ്റിനുതാഴെ കമന്റുകള്‍ നിറയുന്നു. വാക്‌സ് ഇട്ട മറ്റൊരു മോഡല്‍, സ്വാഭാവികമായ പുരികങ്ങളുടെ ഭംഗി കളഞ്ഞു, ഒരു ലോഡ് മേക്കപ്പ് വാരിനിറച്ചു, ചുണ്ടുകള്‍ ഡാര്‍ക്ക് ലിപ്സ്റ്റിക് ഇട്ട് വൃത്തികേടാക്കി, നാച്ചുറല്‍ ബ്യൂട്ടിയെ ലോകം സ്വീകരിക്കുന്നില്ല, ഇങ്ങനെ നീളുന്നു കമന്റുകള്‍. ചിലര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയും ചീത്ത വിളിക്കുന്നവരുണ്ട്.
 

Content Highlights: mahakumbh viral girl garlander monalisa bhosle youtube channel