‘ഇവൾക്ക് എന്തെങ്കിലും കഴിക്കാൻ നൽകൂ’, തീരെ മെലിഞ്ഞിരിക്കുന്ന എന്നെ നോക്കി അവർ പറഞ്ഞു

ഒരുകാലത്ത് താൻ വളരെ മെലിഞ്ഞവളാണെന്ന് പറഞ്ഞ് ആളുകൾ പരിഹസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം മാധുരി ദീക്ഷിത്. സ്ത്രീകൾ നേരിടുന്ന ശാരീരിക വിലയിരുത്തലുകളെക്കുറിച്ചും ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും സംസാരിക്കവെയാണ് മാധുരി തന്റെ അനുഭവം പങ്കുവെച്ചത്.
“1980-കളിൽ സിനിമയിലെത്തിയ സമയത്ത് ഞാൻ വളരെയധികം മെലിഞ്ഞിരിക്കുന്നുവെന്നായിരുന്നു പലരുടെയും അഭിപ്രായം. ‘ഇസ്‌കോ കുച് ഖിലാവോ’(ഇവൾക്ക് എന്തെങ്കിലും കഴിക്കാൻ നൽകൂ) എന്നൊക്കെയായിരുന്നു കമന്റുകൾ. ആളുകൾ എത്ര പെട്ടെന്നാണ് മറ്റുള്ളവരെ വിലയിരുത്തുന്നത്.” മാധുരി പറഞ്ഞു.
ശരീരഭാരത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ നമ്മുടെ സമൂഹത്തിൽ സാധാരണമാണെന്നും താരം ചൂണ്ടിക്കാട്ടി. “ഭാരം കൂടിയാലും വിമർശനം, കുറഞ്ഞാലും വിമർശനം. നമ്മുടെ നാട്ടിൽ ഒരാളെ കാണുമ്പോൾ ആദ്യം പറയുന്നത് അയ്യോ, തടിച്ചുപോയി അല്ലെങ്കിൽ എത്ര മെലിഞ്ഞുപോയി എന്നൊക്കെയാണ്. അതിന് ഒരു ഫിൽട്ടറും ഇല്ല.”
എന്നാൽ ഇന്നത്തെ താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തനിക്ക് ഇത്തരം വിമർശനങ്ങളെ നേരിടുന്നത് കുറച്ചുകൂടി എളുപ്പമായിരുന്നുവെന്ന് അവർ വ്യക്തമാക്കി. “ ഇന്ന് സോഷ്യൽമീഡിയയിലൂടെ ആർക്കും എന്തും പറയാം. എന്നാൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ അമിതമായി ശ്രദ്ധ ചെലുത്താതെ, താൻ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.” താരം പറഞ്ഞു.
അതേസമയം, ഗായകൻ സുരേഷ് വാഡ്കർ മാധുരിയുടെ വിവാഹാലോചന നിരസിച്ചുവെന്ന അഭ്യൂഹങ്ങളും അടുത്തിടെ ചർച്ചയായിരുന്നു. മാധുരി മെലിഞ്ഞിരിക്കുന്നതുകൊണ്ടാണ് വിവാഹാലോചന വേണ്ടെന്ന് വെച്ചതെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചിരുന്നു. “വിവാഹാലോചന എന്റെ അടുത്തെത്തിയിട്ടില്ല. അപ്പോൾ എങ്ങനെ ഞാൻ അത് നിരസിക്കും?” എന്നാണ് സുരേഷ് വാഡ്കർ പ്രതികരിച്ചത്.
നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുന്ന മാധുരിയുടെ പുതിയ ചിത്രം ‘മാ ബെഹൻ’ മികച്ച പ്രതികരണങ്ങൾ നേടുകയാണ്. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വിധിന്യായങ്ങളെയും അപമാനങ്ങളെയും ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ വ്യത്യസ്തമായ ഹാസ്യാഭിനയത്തിലൂടെ മാധുരി വീണ്ടും ശ്രദ്ധ നേടുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: madhuri-dixit-body-shaming-maa-behen-interview