തീവ്രവാദികളെ തുരത്തി ഓൾഔട്ട്,നദി മുറിച്ചുകടന്ന് ഓപ്പറേഷൻ കാക്ടസ് ലില്ലി,സിയാച്ചിനിൽ ഓപ്പറേഷൻ മേഘദൂത്

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിൽ ഇന്ത്യ നടത്തിയ ദൗത്യത്തിനിട്ട പേര്, ഓപ്പറേഷൻ സിന്ദൂർ. ദൗത്യത്തിന് ആ പേര് നിർദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വാർത്തകളുണ്ടായിരുന്നു. എന്തായാലും ആ പേരിനൊരു പ്രത്യേകതയുണ്ട്, അതിൽ വലിയൊരു സന്ദേശമുണ്ട്.
വിവാഹിതരായ സ്ത്രീകൾ നെറുകയിൽ അണിയുന്ന സിന്ദൂരം. പഹൽഗാം ആക്രമണത്തിനുശേഷം ഒരു ഫോട്ടോ, ദുരന്തത്തിന്റെ ആകെ പ്രതീകമായി മാറിയിരുന്നു. ഇന്ത്യൻ നേവി ഉദ്യോഗസ്ഥനായ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷിയുടേത്. തന്റെ ഭർത്താവിന്റെ മൃതദേഹത്തിനടുത്ത് തരിച്ചുനിൽക്കുന്ന ആ ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. അങ്ങനെ ഒട്ടേറെ പേരുടെ ഭാര്യമാരുടെ നഷ്ടത്തെ പ്രതിനിധീകരിച്ചാണ് 'ഓപ്പറേഷൻ സിന്ദൂർ' തിരഞ്ഞെടുത്തത്.
രാജ്യത്തെ വളരെ പ്രധാനപ്പെട്ട സൈനികദൗത്യങ്ങളെ കുറിച്ച് അറിയാം. 1971-ലെ ഇന്തോ-പാക് യുദ്ധകാലത്ത് ഇന്ത്യ നടത്തിയ വ്യോമാക്രമണമായിരുന്നു 'ഓപ്പറേഷൻ കാക്ടസ് ലില്ലി'. മേഘ്‌ന ഹെലി ബ്രിഡ്ജ് ഓപ്പറേഷൻ എന്നും ഇതിനു പേരുണ്ട്. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്താണ് ഇത് നടന്നത്. പാകിസ്താൻ ശക്തികേന്ദ്രങ്ങൾ മറികടന്ന് ധാക്കയിലെത്താൻ ഈ ദൗത്യമാണ് സഹായിച്ചത്. മേഘ്‌ന നദി മുറിച്ചുകടന്നാണ് ധാക്കയിലേക്കുള്ള നീക്കം സുഗമമാക്കിയത്. അന്നത്തെ മേജർ ജനറൽ സാഗത് സിങ്ങിന്റെ ആശയം, ഇന്ത്യൻസൈന്യവും വ്യോമസേനയും ചേർന്നാണ് നടപ്പിലാക്കിയത്. ഒരു കള്ളിമുൾച്ചെടിയുടെ പ്രതിരോധശേഷിയും താമരപ്പൂവിന്റെ ഭംഗിയും ചേരുന്നതാണ് കാക്ടസ് ലില്ലി എന്ന പേര്. പ്രതികൂലസാഹചര്യങ്ങളിലുള്ള ശക്തിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ആ പേരിനെ ആളുകൾ നിരീക്ഷിച്ചത്.
1984-ൽ സിയാച്ചിൻ മലനിരകളിലേക്ക് പാകിസ്താൻ നടത്തിയ നീക്കങ്ങളെ തടയാനായി ഇന്ത്യ ആരംഭിച്ച ദൗത്യത്തിന്റെ പേരാണ് 'ഓപ്പറേഷൻ മേഘദൂത്'. ഏപ്രിൽ 13-നാണ് ഇത് നടപ്പിലാക്കിയത്. ദൗത്യത്തിനൊടുവിൽ പാക് സൈന്യം എത്തുന്നതിനുമുമ്പ്, സിയാച്ചിന്റെ നിയന്ത്രണം പൂർണമായി ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളവുമായി അന്ന് സിയാച്ചിൻ മാറി. കാളിദാസന്റെ 'മേഘദൂത'ത്തിൽനിന്നാണ് ആ പേര് കിട്ടിയത്. സംഘർഷം നടന്നത് ഏറ്റവും ഉയരക്കൂടുതലുള്ള, മേഘങ്ങളോട് അടുത്തുനിൽക്കുന്ന പ്രദേശമായതുകൊണ്ടാണ് ആ പേരുവന്നത്.
1999-ലെ കാർഗിൽ യുദ്ധം, 'ഓപ്പറേഷൻ വിജയ്' എന്നും വിളിക്കപ്പെടുന്നു. കാശ്മീരിലെ തർക്കപ്രദേശത്തേക്ക് പാക് സൈനികർ നുഴഞ്ഞുകയറിയതാണ് സംഘർഷത്തിന് കാരണമായത്. കശ്മീരി തീവ്രവാദികളുടെ വേഷം ധരിച്ചാണ് അവരെത്തിയത്. പേരുപോലെ തന്നെ യുദ്ധത്തിനൊടുവിൽ, തന്ത്രപ്രധാനമായ സ്ഥലങ്ങളുടെയെല്ലാം നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തു. അതേ യുദ്ധത്തിന്റെ ഭാഗമായി വ്യോമസേന നടത്തിയ നീക്കങ്ങൾ 'ഓപ്പറേഷൻ സഫേദ് സാഗർ' എന്ന പേരിലാണ് അറിയപ്പെടുന്നത്. 'വെളുത്ത കടൽ' എന്നാണ് അതിന് അർഥം.
2003 ഏപ്രിലിൽ കശ്മീരിലെ പൂഞ്ച്-സുരൻകോട്ട് പ്രദേശങ്ങളിൽ തമ്പടിച്ച തീവ്രവാദികളെ തുരത്താൻ ഇന്ത്യൻ സൈന്യം നടത്തിയ ദൗത്യത്തിന്റെ പേര് 'ഓപ്പറേഷൻ സർപ്പ് വിനാഷ്' എന്നാണ്. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി 2017-ൽ ഇന്ത്യൻ സേന ആരംഭിച്ച സംയുക്ത ആക്രമണമാണ് 'ഓപ്പറേഷൻ ഓൾ ഔട്ട്'. തീവ്രവാദികളെ മുഴുവൻ തുരത്തുക എന്നതാണ് ഓൾ ഔട്ടിലൂടെ ഉദ്ദേശിച്ചത്.
Content Highlights: meaningful names of indias military operations from operation sindoor to operation safed sagar