തലച്ചോറിലെ രക്തസ്രാവം; കിം ജോങ് ഉൻ മരിച്ചോ ഇല്ലയോ? ചർച്ചകൾ തീരുന്നില്ല

ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ ആണ് കുറച്ചുദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹം മരിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഉത്തരകൊറിയയിൽ മികച്ച സൗകര്യങ്ങളില്ലാത്തതിനാൽ, അദ്ദേഹത്തെ ബീജിങ്ങിലെ ആസ്പത്രിയിലേക്ക് മാറ്റിയെന്നും അവിടെവെച്ച് കോമയിലേക്ക് പോയെന്നും ചൈനീസ് വിമതനായ വാൻജുൻ ഷീ അവകാശപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹം മരിച്ചുവെന്നും അതോടെ ചർച്ചകൾ സജീവമായി.
മൃതദേഹം തിരിച്ച് ഉത്തരകൊറിയയിലേക്ക് കൊണ്ടുപോയെന്നും കിമ്മിന്റെ സഹോദരി അധികാരം ഏറ്റെടുത്തുവെന്നും ഷീ പറഞ്ഞിരുന്നു. ഈ വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കകം കിമ്മിന്റെ പുതിയ ചിത്രം പുറത്തുവിട്ടുകൊണ്ട് ഉത്തരകൊറിയ ഇതിന് മറുപടി നൽകി. ക്ലോത്തിങ്-ഫുട്വെയർ എക്സിബിഷനിൽ നിന്നുള്ള കിമ്മിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.
ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി'യാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. അദ്ദേഹത്തോടൊപ്പം ഭാര്യ റി സോൾ ജുവും, മകൾ കിം ജു ഏയും ഉണ്ടായിരുന്നു. എക്സിബിഷനിലെ ഉത്പന്നങ്ങൾ അദ്ദേഹം പരിശോധിക്കുന്നതും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും ചിത്രങ്ങളിൽ കാണാം.
അതോടെ നേരത്തെ അദ്ദേഹത്തെ കുറിച്ച് പ്രചരിച്ച കഥകളിലൊന്നായി ഈ മരണവാർത്തയും മാറുകയാണ്. ജനിച്ച് 21-ാം ദിവസം തന്നെ കിം എഴുന്നേറ്റുനടന്നുവെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പലപ്പോഴും പ്രചരിപ്പിച്ചിട്ടുണ്ട്. മൂന്നാം വയസ്സിൽ തന്നെ അദ്ദേഹം ഡ്രൈവിങ് പഠിച്ചിട്ടുണ്ടെന്നും. ഇതെല്ലാം സത്യമാണെന്നാണ് ഉത്തരകൊറിയയിലെ ജനങ്ങൾ കരുതുന്നതും. മഞ്ഞുമൂടിയ കൊടുമുടിയിൽ സൈനികർക്ക് ആത്മവിശ്വാസം നൽകാൻ കിം പോകാറുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകളിൽ ചിലത് മാത്രം. എന്തു തീരുമാനമെടുക്കുമ്പോഴും വെള്ളക്കുതിരയുടെ പുറത്തേറി ഈ കൊടുമുടികളിൽ അദ്ദേഹം പോകാറുണ്ടത്രെ.
കിമ്മിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മുൻപും പലതവണ ഉയർന്നു വന്നിട്ടുണ്ട്. ഉത്തര കൊറിയയിലെ അതീവ രഹസ്യസ്വഭാവം കാരണം, അദ്ദേഹം കുറച്ചു കാലത്തേക്ക് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്നാൽ പോലും, അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് അവസാനിക്കാറുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rumours surfaced claiming North Korean leader Kim Jong Un suffered a fatal brain hemorrhage., A Chinese dissident claimed Kim went into a coma in Beijing and died, with his sister taking power., North Korea disproved the death rumors by releasing official photos of Kim visiting a clothing and footwear exhibition., Kim Jong Un's health has repeatedly been the subject of speculation due to North Korea's extreme secrecy