“നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്”

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ സന്തോഷത്തിലാണ് മലയാളക്കര. എന്നാൽ സന്തോഷത്തിനിടയിലും ബാലതാരങ്ങളുടെ കഴിവിനെ അംഗീകരിച്ചില്ലെന്ന പരാതികളും വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. ജൂറി ബാലതാരങ്ങൾക്കും കുട്ടികളുടെ സിനിമകൾക്കും അംഗീകാരം നിഷേധിച്ചതിനെ തുടർന്ന് ബാലതാരം ദേവനന്ദയും സംവിധായകൻ വിനീഷ് വിശ്വനാഥും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
“നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്. ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാർത്ഥി ശ്രീക്കുട്ടൻ, ഗു, ഫീനിക്സും, എആർഎം അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ.
കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം. അവകാശങ്ങൾ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം” - ദേവനന്ദ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സമർപ്പിച്ച ചിത്രങ്ങൾ വേണ്ടത്ര ക്രിയാത്മകമല്ലാത്തതിനാൽ ജൂറി അംഗീകരിച്ചില്ല എന്നായിരുന്നു ബാലതാരങ്ങളുടെ പുരസ്കാരം ഒഴിവാക്കാനുള്ള കാരണമായി ചലച്ചിത്ര മന്ത്രി സജി ചെറിയാൻ പറഞ്ഞത്. അടുത്ത വർഷം കുട്ടികൾക്ക് തീർച്ചയായും അവാർഡുകൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.
'സ്താനാർത്ഥി ശ്രീകുട്ടൻ' എന്ന സിനിമയുടെ സംവിധായകൻ വിനീഷ് വിശ്വനാഥും ജൂറിയുടെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തി.
"മികച്ച എൻട്രികൾ ഇല്ലാത്ത ലോകത്ത്, അവർ തലയുയർത്തി നിൽക്കുന്നു," എന്ന് അദ്ദേഹം തൻ്റെ സിനിമയിലെ ഒരു ചിത്രത്തോടൊപ്പം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇത് കുട്ടികളുടെ സിനിമകളെക്കുറിച്ചുള്ള ജൂറി ചെയർമാൻ പ്രകാശ് രാജിൻ്റെ പരാമർശങ്ങൾക്കുള്ള മറുപടിയായിരുന്നു.
https://www.facebook.com/photo?fbid=1223489862943949&set=a.110002537626026
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നതിനിടെ പ്രകാശ് രാജ് നടത്തിയ പ്രസ്താവനയുടെ വീഡിയോയും അദ്ദേഹം ടാഗ് ചെയ്തിരുന്നു. കുട്ടികളുടെ സിനിമ ഉണ്ടാക്കാനുള്ള ഒറ്റ ശ്രമം പോലും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പ്രകാശ് രാജ് ഇന്നലെ പറഞ്ഞിരുന്നു. ഒപ്പം കുട്ടികളുടെ സിനിമകൾ നിർമ്മിക്കാൻ സിനിമാ വ്യവസായത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Kerala State Film Awards spark debate over exclusion of child artists.