രാഹുൽ ഗാന്ധിയുടെ സ്വപ്നവും എം.എ.ബേബിയുടെ മറുപടിയും സ്ത്രീ ഇരുന്നിട്ടില്ലാത്ത ആ കസേരയും

ചന്ദ്രനെയും കടന്ന് പിന്നെയുമേറെ ദൂരം കടക്കാനുള്ള യാത്രയിലാണ് ആർട്ടെമിസ്-2. ദൗത്യം പൂർത്തിയാക്കി പേടകം ശാന്തമഹാസമുദ്രത്തിൽ തിരിച്ചിറങ്ങുന്നതോടെ ഭൂമിയിൽ നിന്ന് ഏറ്റവും ദൂരത്തേക്ക് യാത്ര ചെയ്ത മനുഷ്യരെന്ന റെക്കോഡ് ദൗത്യസംഘാംഗങ്ങളുടെ പേരിലാകും. നാലുപേരടങ്ങുന്ന സംഘത്തിൽ ഒരാൾ സ്ത്രീയാണ്. ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ ആദ്യ വനിത ക്രിസ്റ്റീന കോച്ച്.
മനുഷ്യന് സഞ്ചരിക്കാവുന്ന ഏറ്റവും അകലത്തിലേക്കുള്ള യാത്രയിൽ നാലിലൊരാൾ സ്ത്രീയെന്നതിൽ ലോകത്തിന് അഭിമാനിക്കാം. ആർട്ടെമിസ് ദൗത്യത്തിന്റെ പത്തുദിവസ കാലയളവിനുള്ളിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് ബഹളങ്ങൾ ഉയരംതൊടുകയും സമ്മതിദായകർ അവരുടെ ചൂണ്ടുവിരൽ പതിക്കേണ്ടിടത്ത് പതിക്കുകയുംചെയ്യും.
മനുഷ്യന് ചെന്നെത്താൻ ഏറെക്കുറെ അസാധ്യമായ ഉയരത്തിൽ നിന്നുള്ള കാഴ്ചകൾ കണ്ട് ക്രിസ്റ്റീനാ കോച്ച് മടങ്ങിയെത്തുമ്പോൾ ഇവിടെ തുല്യതയുടെ സൂര്യൻ ഉദിക്കുമോ എന്നതാണ് ചോദ്യം. ഐക്യകേരളം സപ്തതിയാഘോഷിക്കുമ്പോൾ മുഖ്യമന്ത്രിക്കസേരയിൽ ഒരു സ്ത്രീയുണ്ടാകുമോ?
അടിത്തറയുണ്ടോ ആ സ്വപ്നത്തിന്?
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്നൊരു പരാമർശം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുകയുണ്ടായി. യുഡിഎഫ് പ്രചാരണത്തിനായി കോട്ടയത്ത് എത്തിയപ്പോഴാണ് രാഹുൽ ഗാന്ധിക്ക് ഇങ്ങനെയൊരു സ്വപ്നമുദിച്ചത്. പക്ഷേ, ആ സ്വപ്നത്തിന് പിന്തുണയേകി പുരുഷപ്രവർത്തകരാരും കാര്യമായി കൈയടിച്ചില്ലെന്നും ആവേശം സ്ത്രീകൾക്കു മാത്രമാണെന്നും കൂടി അതേ വേദിയിൽ അദ്ദേഹത്തിന് പറയേണ്ടിവന്നു. തന്റേത് വെറുമൊരു സ്വപ്നമല്ലെന്നും സ്വപ്നത്തിന് അടിത്തറയുണ്ടെന്നും ഉറപ്പാക്കാനായി അദ്ദേഹം ഇത്രകൂടി പറഞ്ഞു: ''കേരളത്തിന്റെ അടിത്തറ സ്ത്രീകളാണ്. സ്ത്രീകൾക്ക് ദീർഘവീക്ഷണമുണ്ട്.'' അക്കാര്യത്തിൽ ഉറപ്പില്ലാത്തതുകൊണ്ടാകുമോ അണികളായ പുരുഷന്മാരുടെ കൈകൾ തമ്മിൽ തൊടാൻ മടിച്ചത്? ഇനി അണികളുടെ പ്രതികരണം അനുകൂലമായാൽത്തന്നെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഏത് വനിതയെയാകും അദ്ദേഹം കണ്ടുവച്ചിട്ടുള്ളത്. അതേപ്പറ്റി ആരെങ്കിലും അദ്ദേഹത്തോട് ചോദിച്ചതായി അറിവില്ല. അങ്ങനെയാരെങ്കിലും ചോദിച്ചാൽത്തന്നെ ഉത്തരം അദ്ദേഹത്തിന്റെ പക്കലുണ്ടാകാൻ വഴിയുമില്ല.
രാഹുൽ ഗാന്ധി സ്വപ്നം പങ്കിട്ടതിന്റെ തൊട്ടടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ടൊരു ചോദ്യം സി.പി.എം. ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ അടുത്തുമെത്തി. കേരളത്തിൽ ഇതേവരെ ഒരു വനിതാ മുഖ്യമന്ത്രി എന്തുകൊണ്ട് ഉണ്ടായില്ല എന്നതായിരുന്നു ചോദ്യം. മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. രാഷ്ട്രീയനേതൃത്വത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടോ എന്നാണ് ചോദിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട് പാർട്ടി സെക്രട്ടറിയായി സ്ത്രീ വരുന്നില്ല എന്നാണ് നോക്കേണ്ടതെന്നും അതിനൊപ്പം അദ്ദേഹം പറഞ്ഞു. ‘ഗൗരിയമ്മ, സുശീലാ ഗോപാലൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി ഈ നേതാക്കളൊക്കെ കമ്യൂണിസ്റ്റ്പാർട്ടിൽനിന്ന് വന്നവരാണ്. മറ്റുപാർട്ടികളിൽ ഇതോടു ചേർത്തുവെക്കാനൊരു പേരുണ്ടോ?’ എം.എ.ബേബിയുടെ ചോദ്യമിതാണ്.
ചോദ്യത്തിൽ കഴമ്പുണ്ടെങ്കിലും വനിതാ മുഖ്യമന്ത്രി വേണ്ടേ എന്ന ചോദ്യം അപ്പോഴും ഉത്തരമില്ലാതെ ബാക്കിയാകുന്നു.
പ്രാതിനിധ്യം 11ശതമാനം
1084 സ്ത്രീകൾക്ക് 1000 പുരുഷന്മാരെന്നതാണ് കേരളത്തിലെ ലിംഗാനുപാതം. ഇന്ത്യയിൽ തന്നെ ഈ അനുപാതം ഏറ്റവും ഉയർന്ന നിരക്കിലുള്ള സംസ്ഥാനമാണ് കേരളം. 1.39 കോടി വനിതാ വോട്ടർമാർ ഇവിടെയുണ്ട്. 140 മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികൾ. മൂന്നു പ്രധാന മുന്നണികളുടെ ആകെ വനിതാ സ്ഥാനാർഥികളുടെ എണ്ണം അൻപതിൽ താഴെ. യുഡിഎഫ്-12, എൽഡിഎഫ്- 18, എൻഡിഎ-16 എന്നിങ്ങനെ മുന്നണികളുടെ സ്ത്രീ സ്ഥാനാർഥികളുടെ എണ്ണം. 140 സീറ്റുകളിലേക്ക് മുന്നണികൾ അങ്കത്തിനിറക്കിയ 420 സ്ഥാനാർഥികളിൽ 46 സ്ത്രീകൾ. 11 ശതമാനം സ്ത്രീ പ്രാതിനിധ്യം.
സാധ്യമാകുമോ സംവരണം?
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്താനുള്ള നിയമവും അതിനുവേണ്ടിയുള്ള ഭരണഘടനാ ഭേദഗതിയും 2023-ൽ പാസായതാണ്. 2026-ലെ കാനേഷുമാരി കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം പൂർത്തിയാക്കിയശേഷമേ നടപ്പാക്കാനാവൂ എന്ന നിബന്ധനയോടെയായിരുന്നു അത്. അതുപ്രകാരം 2034-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ മാത്രമേ മാറ്റം സാധ്യമാകൂ.
എന്നാൽ വനിതാ സംവരണം അടുത്ത പൊതുതിരഞ്ഞെടുപ്പിനുമുമ്പ് നടപ്പാക്കാനാവശ്യമായ മുന്നൊരുക്കങ്ങൾ നടന്നുതുടങ്ങിയിട്ടുണ്ട്. ഇതിനാവശ്യമായ ഭരണഘടനാഭേദഗതിബിൽ പാസാക്കാൻ ഉടൻ പാർലമെന്റ്കൂടും. ഇതുപ്രകാരം 2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനർവിഭജനം നടത്തി 33ശതമാനം വനിതാ സംവരണം സാധ്യമാക്കും. അതോടെ ലോക്സഭാ സീറ്റുകളുടെ എണ്ണം 540ൽ നിന്ന് 816ആയി ഉയരും. ഇതിൽ 273 സീറ്റിൽ സ്ത്രീകളെത്തും.
നിലവിൽ 540 അംഗ ലോക്സഭയിൽ 74 വനിതാ അംഗങ്ങളാണുള്ളത്. കഷ്ടിച്ച് 14ശതമാനം സ്ത്രീപ്രാതിനിധ്യം. പശ്ചിമബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമാണ് സ്ത്രീ എം.പിമാർ കൂടുതൽ. കേരളത്തിൽ നിന്നാകട്ടെ ഒരേയൊരു വനിതാ എം.പിയാണുള്ളത്. അതും മലയാളിയല്ലാത്ത പ്രിയങ്കാ ഗാന്ധി.
ആദ്യസർക്കാറിന്റെ ഇരിപ്പുറപ്പിച്ച വനിത
1957 ഏപ്രിൽ അഞ്ച്. ക്രിസ്തുവിന്റെ കുരിശാരോഹണ ദിനത്തിൽ, തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അധികാരാരോഹണം. ഇം.എം.എസ്. നമ്പൂതിരിപ്പാട് ഐക്യകേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ആവുകയാണ്.
ഐക്യകേരളത്തിന്റെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്തത് ദേവികുളത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട റോസമ്മാ പുന്നൂസ് ആയിരുന്നു. കേരള നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കറും സഭയിലെ ആറ് സ്ത്രീസാമാജികരിൽ ഒരാളുമായിരുന്നു റോസമ്മാ പുന്നൂസ്. ഐക്യകേരളത്തിന്റെ ആദ്യ നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത റോസമ്മാ പുന്നൂസാണ് പ്രോടേം സ്പീക്കർ എന്ന നിലയിൽ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയെ നിയന്ത്രിച്ചത്.
കേരള ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനും അവർ കാരണമായി. റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദാക്കി. 126 സീറ്റിൽ 65പേരുടെ മാത്രം പിന്തുണയോടെയാണ് അധികാരത്തിലേറിയ സർക്കാർ നിലംപതിക്കുമെന്ന ആശങ്കപടർന്നു. ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. റോസമ്മാ പുന്നൂസ് തന്നെയായിരുന്നു കമ്യൂണിസ്റ്റ് സ്ഥാനാർഥി. ദേവികുളം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല അന്നത്തെ യുവനേതാവായ വി.എസ്. അച്യുതാനന്ദനും. കേരളത്തെ ആശങ്കയുടെ മുനമ്പിൽ കൊണ്ടുനിർത്തിയ തിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസ് 7089 വോട്ടിന് ജയിച്ചു. അതോടെ സർക്കാർ ഭ്രമണപഥത്തിൽ ഉറച്ചു. അങ്ങനെ ആദ്യ നിയമസഭയുടെ നിലനിൽപ്പിന് ഒരു സ്ത്രീ കാരണമായി.
സഭയിലെ ആദ്യത്തെ സ്ത്രീകൾ
126 അംഗ നിയമസഭയിൽ ആറു സ്ത്രീകളാണ് ആകെ ഉണ്ടായിരുന്നത്. കേരളത്തിലെ ആദ്യ വനിതാ മന്ത്രി കെ.ആർ.ഗൗരി, നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ കെ.ഒ.ആയിഷാ ബായ്, റോസമ്മാ പുന്നൂസ് എന്നിവർ ഭരണപക്ഷത്ത്. ലീലാ ദാമോദര മേനോൻ, കുസുമം ജോസഫ്, ഒ.ടി.ശാരദാ കൃഷ്ണൻ എന്നിവർ പ്രതിപക്ഷത്ത്. ഇരുപക്ഷത്തും പ്രാതിനിധ്യക്കണക്ക് തുല്യം: 3-3.
ഒരേയൊരു വനിതാ മന്ത്രി
മുന്നണിയില്ലാതെ അധികാരത്തിൽ വന്ന ഏക മന്ത്രിസഭ കൂടിയായിരുന്നു അത്. അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെ 65 അംഗങ്ങൾ. വി.ആർ.കൃഷ്ണയ്യർക്കും ഡോ.എ.ആർ.മേനോനും പ്രൊഫ ജോസഫ് മുണ്ടശ്ശേരിക്കും സി.അച്യുതമേനോനും ടി.വി.തോമസിനും കെ.പി.ഗോപാലനും കെസി.ജോർജിനുമൊപ്പം മന്ത്രിയായി ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഐക്യകേരളത്തെ നയിക്കാൻ ആലപ്പുഴയിൽ നിന്നൊരു കരുത്ത. കെ.ആർ.ഗൗരി. ആദ്യ നിയമസഭയിൽ റവന്യൂ എക്സൈസ് ദേവസ്വം എന്നീ സുപ്രധാന വകുപ്പുകൾ അവരുടെ കൈയിലെത്തി. സർക്കാരിന്റെ ഐതിഹാസികമായ പല തീരുമാനങ്ങളും സഭയിലവതരിപ്പിച്ച് പ്രാബല്യത്തിൽ വരുത്താനുള്ള ചുമതല അവരുടെ പക്കലായിരുന്നു.
ഐക്യ കേരളത്തിന്റെ ആദ്യ മന്ത്രിസഭ അധികാരത്തിൽവന്ന് അഞ്ചാം ദിവസം തന്നെ കെ.ആർ. ഗൗരി ചരിത്രത്തിലിടംനേടി. റവന്യൂവകുപ്പ് ഐതിഹാസികമായ ഒരു ഓർഡിനൻസ് കൊണ്ടുവന്നു. കുടിയൊഴിപ്പിക്കൽ തടഞ്ഞുകൊണ്ടുള്ള ചരിത്രപ്രധാനമായ ഓർഡിനൻസ്. ഭൂപരിഷ്കരണത്തിന്റെ മുന്നോടിയായിരുന്നു അത്. റവന്യൂ മന്ത്രി എന്ന നിലയിൽ ഇതുൾപ്പെടെ ചരിത്രപ്രസിദ്ധമായ പല ബില്ലുകളും നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി നടപ്പിൽ വരുത്തിയത് ഗൗരിയമ്മയായിരുന്നു. തിരു-കൊച്ചി ഭൂനികുതി നിയമം, ഭൂസംരക്ഷണം നിയമം, ജന്മിക്കരം ഒഴിവാക്കൽ നിയമം, പാട്ടക്കുടിയാൻ നിയമം, ജപ്തിനിയമം തുടങ്ങിയവയിലെല്ലാം റവന്യൂ മന്ത്രി കെ.ആർ.ഗൗരിയുടെ കൈയൊപ്പ് പതിഞ്ഞു.
മൊത്തം ആറ് മന്ത്രിസഭകളിൽ ഗൗരിയമ്മ അംഗമായി. ഏറ്റവും കൂടുതൽകാലം നിയമസഭാംഗവും മന്ത്രിയുമായ വനിതയും അവരാണ്. പത്ത് തവണ നിയമസഭാ സാമാജികയായിരുന്നു കെആർ ഗൗരിയമ്മ. എട്ട് തവണ ഇടത്തുനിന്നും രണ്ടു തവണ വലത്തുനിന്നും അവർ സഭയിലെത്തി. രണ്ടുമുന്നണികളിൽ നിന്നുമായി ആറുതവണ അവർ മന്ത്രിപദത്തിലെത്തി. 1969-ൽ ഇംഎംഎസ് ചികിത്സയ്ക്കായി ജർമനിയിലേക്ക് പോയപ്പോൾ സഭാനേതൃസ്ഥാനം വഹിച്ചത് ആ മന്ത്രിസഭയിലെ റവന്യൂ, ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന ഗൗരിയമ്മയായിരുന്നു. പക്ഷേ, അതൊന്നും അവരെ മുഖ്യമന്ത്രിക്കസേരയിലേക്കെത്തിച്ചില്ല.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/FRhVLmaQqyZCb28nVURD4C
Content Highlights: Analysis of Rahul Gandhi and MA Baby's views on female leadership in Kerala., Statistical breakdown of women's representation in the 2026 Kerala electoral landscape., Historical context of KR Gauri Amma and the first Kerala legislative assembly., Impact of the 33% Women's Reservation Bill on future legislative structures., Examining the barriers to female leadership in major political coalitions.