മുംബൈയിൽ നിന്നൊരു ഓണം, ഇക്കുറി സദ്യയും കസവുസാരിയുമൊന്നുമില്ലെന്ന് കല്യാണി പ്രിയദർശൻ

മലയാളി പ്രേക്ഷകരുടെ പ്രിയതാരം കല്യാണി പ്രിയദർശന് (Kalyani Priyadarshan) ഇത്തവണത്തെ തിരുവോണം അല്പം വ്യത്യസ്തമായിരുന്നു. കുടുംബത്തോടൊപ്പമുള്ള ഓണാഘോഷങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഇല്ലാതെയാണ് താരം ഇക്കുറി ഓണം പിന്നിട്ടത്. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘പ്രളയ്’യുടെ (Pralay) ഷൂട്ടിങ് തിരക്കുകൾ കാരണം മുംബൈയിലായിരുന്നു കല്യാണി.
എല്ലാ വർഷവും കസവു സാരിയണിഞ്ഞുള്ള മനോഹരമായ ചിത്രങ്ങളും സദ്യവട്ടങ്ങളുടെ വിശേഷങ്ങളും കല്യാണി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ സദ്യയും ഓണക്കോടിയുമില്ലാതെ മുംബൈയിലെ പ്രൊഡക്ഷൻ തിരക്കുകളിലായിരുന്നു താനെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.
"ഇത്തവണത്തെ ഓണം മുംബൈയിൽ 'പ്രളയ്' ചിത്രീകരണത്തിരക്കിലാണ്. അതുകൊണ്ട് വീട്ടിലെ സദ്യയോ, കസവു സാരി ചിത്രങ്ങളോ, മറ്റ് ആഘോഷങ്ങളോ ഒന്നുമില്ല. പകരം കഴിഞ്ഞ കുറച്ചു മാസങ്ങളിലെ എന്റെ ചില ഓർമ്മച്ചിത്രങ്ങൾ ഇവിടെ പങ്കുവെക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ," കല്യാണി കുറിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ചിത്രങ്ങളുടെ ഒരു ഫോട്ടോ ഡംപും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പുതിയ വീടിന്റെ പെയിന്റ് കളർ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളും, പിറന്നാൾ ആഘോഷങ്ങളും, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്രളയ്’ സിനിമയുടെ സ്ക്രിപ്റ്റും ഉൾപ്പെടുന്നു.
തൊട്ടതെല്ലാം പൊന്നാക്കുന്ന കരിയർ ഗ്രാഫാണ് നിലവിൽ കല്യാണിയുടേത്. 2025-ൽ പുറത്തിറങ്ങി 300 കോടിയിലധികം കളക്ഷൻ നേടി ചരിത്രം കുറിച്ച 'ലോകഃ ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രത്തിലെ പ്രകടനത്തിന് വലിയ ജനപ്രീതി ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഫീമെയ്ൽ ലീഡ് ചിത്രമായി ഇത് മാറി. തുടർന്ന് ഫഹദ് ഫാസിലിനൊപ്പം 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിലും താരം ശ്രദ്ധേയ വേഷം ചെയ്തു.
രണവീർ സിങ്ങിനൊപ്പം കേന്ദ്രകഥാപാത്രമായി എത്തുന്ന സോംബീ ത്രില്ലർ ചിത്രമായ ‘പ്രളയ്’ ജയ് മേത്തയാണ് സംവിധാനം ചെയ്യുന്നത്. അനന്യ ബിർള, ഹൻസൽ മേത്ത, സാഹിൽ സൈഗൽ, രണവീർ സിങ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഇതിനുപുറമെ തമിഴിൽ 'ജീനി', 'മാർഷൽ' എന്നീ വൻകിട പ്രോജക്ടുകളും കല്യാണിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kalyani Priyadarshan spent Onam in Mumbai due to Pralay movie shoot., Missed traditional Onam sadhya and kasavu saree celebrations., Shared a photo dump including Pralay script and new home updates., Upcoming projects include Bollywood film Pralay with Ranveer Singh and Tamil films.