‘ബോളിവുഡിൽ സമയനിഷ്ഠയില്ല; സെറ്റിൽ ഏറ്റവും കൂടുതൽ കാത്തിരുന്നത് സൽമാൻ ഖാനെ’: കാജൽ അഗർവാൾ

തെന്നിന്ത്യൻ സിനിമയിൽ എല്ലാവരും സമയത്തിന് എത്തി കൃത്യമായി ജോലി ചെയ്യുമ്പോൾ ഹിന്ദി സിനിമയിൽ സമയക്രമം പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന നടി കാജൽ അഗർവാളിന്റെ വിമർശനം ശ്രദ്ധ നേടുകയാണ്. ബോളിവുഡ് തെന്നിന്ത്യൻ സിനിമയിൽ നിന്ന് പഠിക്കേണ്ട പ്രധാന കാര്യം സമയനിഷ്ഠയാണെന്ന് കാജൽ തുറന്നുപറഞ്ഞു. തെന്നിന്ത്യൻ സിനിമകൾക്കാണ് താൻ കൂടുതൽ പ്രാധാന്യം നൽകിയതെന്നും അതിന് കാരണം അവിടെ ലഭിച്ച മികച്ച കഥാപാത്രങ്ങളാണെന്നും കാജൽ പറഞ്ഞു. ബോളിവുഡിൽ ലഭിച്ച പല വേഷങ്ങളും ശരാശരി നിലവാരത്തിലുള്ളതായിരുന്നപ്പോൾ, താൻ ആഗ്രഹിച്ച തരത്തിലുള്ള കഥാപാത്രങ്ങൾ തെന്നിന്ത്യൻ സിനിമയിൽ ധാരാളമായി ലഭിച്ചുവെന്നും അതിനാലാണ് അവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
"സമയനിഷ്ഠയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇവിടെ എല്ലാം ക്ലോക്ക് നോക്കിയാണ് നടക്കുന്നത്. ഞാൻ സമയത്ത് ലൊക്കേഷനിൽ എത്തുന്ന ആളാണ്, അങ്ങനെയാണ് ജോലി ചെയ്യാൻ ഇഷ്ടവും. എന്നാൽ ഹിന്ദി സിനിമയിൽ സമയക്രമം പലപ്പോഴും തെറ്റിപ്പോകാറുണ്ട്.”
സൽമാൻ ഖാനൊപ്പമുള്ള 'സികന്ദർ' സിനിമയുടെ ചിത്രീകരണ അനുഭവവും കാജൽ പങ്കുവെച്ചു. “കുട്ടിക്കാലം മുതൽ സൽമാൻ ഖാന്റെ ആരാധികയായിരുന്ന എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായത് വലിയ സന്തോഷമായിരുന്നു. എന്നാൽ സെറ്റിൽ ഏറ്റവും കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നത് സൽമാൻ ഖാനുവേണ്ടിയായിരുന്നു. ഉച്ചയോ വൈകുന്നേരമോ ആയാലേ അദ്ദേഹം എത്താറുണ്ടായിരുന്നുള്ളൂ. അതിനിടയിൽ ഞാൻ സെറ്റിലെ ജിമ്മിൽ പോയി വ്യായാമം ചെയ്യുമായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ അച്ചടക്കവും കൃത്യനിഷ്ഠയുമാണ് എനിക്ക് പരിചയം.” കാജൽ പറഞ്ഞു.
അതേസമയം, തെന്നിന്ത്യൻ സിനിമ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്ന് കാജൽ അഭിപ്രായപ്പെട്ടു. സ്ത്രീപ്രാധാന്യമുള്ള, കാലാനുസൃതമായ കഥകൾ ഇപ്പോൾ കൂടുതൽ പറയുന്നുണ്ടെന്നും, നായികമാരുടെ ശരീരഭാഗങ്ങളെ മാത്രം മുൻനിർത്തിയുള്ള അവതരണങ്ങളിൽ നിന്ന് സിനിമാവ്യവസായം മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
2004-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം 'ക്യുൻ ഹോ ഗയാ നാ'യിലൂടെയാണ് കാജൽ അഭിനയരംഗത്തെത്തിയത്. തുടർന്ന് 'മഗധീര', 'ഡാർലിങ്', 'മിസ്റ്റർ പെർഫെക്റ്റ്', 'ബിസിനസ്മാൻ', 'തുപ്പാക്കി', 'മെർസൽ', 'വിവേഗം' തുടങ്ങി നിരവധി തെലുങ്ക്, തമിഴ് ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി. ഹിന്ദിയിൽ 'സിങ്കം', 'സ്‌പെഷ്യൽ 26' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
കാജലിന്റെ പുതിയ ചിത്രം 'ദി ഇന്ത്യ സ്റ്റോറി' ജൂലൈ 24-ന് തിയേറ്ററുകളിൽ എത്തും. ഇതിന് പുറമെ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' എന്ന ബിഗ് ബജറ്റ് ചിത്രത്തിലും കാജൽ അഭിനയിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kajal-aggarwal-bollywood-south-indian-cinema-discipline-work-culture