ഫ്ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാർക്ക് ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ ലാഭവിഹിതം നൽകുന്ന ജോളി മേക്കർ

ജോളി മേക്കർ | Instagram
ജോളി മേക്കർ | Instagram

നഗരങ്ങളിലെ കൂറ്റൻ ഫ്ലാറ്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവർക്ക് വലിയൊരു ബാധ്യതയാണ് ഓരോ മാസവും നൽകേണ്ടി വരുന്ന മെയിന്റനൻസ് ചാർജ്. എന്നാൽ മുംബൈയിലെ ഒരു സൊസൈറ്റി തങ്ങളുടെ താമസക്കാരിൽ നിന്ന് പണം വാങ്ങുന്നതിന് പകരം അവർക്ക് ലക്ഷങ്ങൾ അങ്ങോട്ട് നൽകുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നും. 'ജോളി മേക്കർ 1' എന്നാണ് ആ  സൊസൈറ്റിയുടെ പേര്.

മെട്രോ നഗരങ്ങളിൽ സാധാരണയായി ചതുരശ്ര അടിക്ക് 2 രൂപ മുതൽ 25 രൂപ വരെയാണ് മെയിന്റനൻസ് ചാർജ് ഈടാക്കാറുള്ളത്. എന്നാൽ മുംബൈ കഫ് പരേഡിലെ ജോളി മേക്കർ 1-ൽ സ്ഥിതി വ്യത്യസ്തമാണ്. 1970-കളിൽ ജോളി ഗ്രൂപ്പ് നിർമ്മിച്ച ഈ സൊസൈറ്റിയിലെ താമസക്കാർക്ക് ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ ഡിവിഡന്റായി (ലാഭവിഹിതം) ലഭിക്കുന്നു.

ഇത് എങ്ങനെ സാധ്യമാകുന്നു?

ഈ സൊസൈറ്റിയുടെ സാമ്പത്തിക ഭദ്രതയ്ക്ക് പിന്നിൽ ദീർഘവീക്ഷണത്തോടെയുള്ള ഒരു നിക്ഷേപമുണ്ട്. ജോളി മേക്കർ 1-ൽ വീട് വാങ്ങിയവർക്ക് നരിമാൻ പോയിന്റിലുള്ള മറ്റൊരു കെട്ടിടത്തിൽ വാണിജ്യ ഉടമസ്ഥാവകാശം കൂടി നൽകിയിരുന്നു. ഇതിനായി അന്ന് അവർ 40% പ്രീമിയം അധികം നൽകിയിരുന്നു. നരിമാൻ പോയിന്റിലെ ഈ കെട്ടിടത്തിൽ നിന്ന് ഇന്ന് പ്രതിമാസം 50 ലക്ഷം രൂപയോളം വാടക ലഭിക്കുന്നുണ്ട്. ഈ വരുമാനമുപയോഗിച്ചാണ് സൊസൈറ്റിയുടെ മെയിന്റനൻസ്, മുൻസിപ്പൽ നികുതികൾ, മറ്റ് ബില്ലുകൾ എന്നിവ അടയ്ക്കുന്നത്. താമസക്കാർ വെറും ഒരു പൈസ (പ്രതിമാസം ചതുരശ്ര അടിക്ക്) മാത്രമേ നൽകേണ്ടി വരുന്നുള്ളൂ.

താമസക്കാർക്ക് ലഭിക്കുന്ന ലാഭവിഹിതം

മെയിന്റനൻസ് സൗജന്യമാണെന്ന് മാത്രമല്ല, ബാക്കി വരുന്ന തുക താമസക്കാർക്ക് ഡിവിഡന്റായി നൽകുകയും ചെയ്യുന്നു.

2003-ൽ ചതുരശ്ര അടിക്ക് 100 രൂപ നിരക്കിലായിരുന്നു ലാഭവിഹിതം. അന്ന് 2,500 ചതുരശ്ര അടിയുള്ള ഒരു ഫ്ലാറ്റ് ഉടമയ്ക്ക് വർഷം 2.5 ലക്ഷം രൂപ ലഭിക്കുമായിരുന്നു. 2012-ൽ ഈ തുക ചതുരശ്ര അടിക്ക് 300 രൂപയായി വർദ്ധിച്ചു. ഇതോടെ വലിയ ഫ്ലാറ്റുകൾ ഉള്ളവർക്ക് വർഷം 7.5 ലക്ഷം രൂപ വരെ ലഭിച്ചു തുടങ്ങി.

ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സൊസൈറ്റികളിലൊന്നാണ് ജോളി മേക്കർ 1. 2012-ൽ ഇവിടുത്തെ ഒരു ഫ്ലാറ്റ് ചതുരശ്ര അടിക്ക് 1.11 ലക്ഷം രൂപ എന്ന നിരക്കിൽ 29 കോടി രൂപയ്ക്കാണ് വിറ്റുപോയത്. നിലവിൽ ചതുരശ്ര അടിക്ക് 75,000 രൂപയ്ക്ക് മുകളിലാണ് ഇവിടുത്തെ ശരാശരി വില.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover how Jolly Maker 1 in Mumbai pays its residents lakhs annually, turning maintenance charges into dividends. Learn about their unique investment strategy.