വിജയ്‌യെപ്പറ്റി പുറത്തുള്ള കഥകൾ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് ജേസൺ, കുടുംബത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കേണ്ടതുണ്ട്

ജേസൺ സഞ്ജയ്/Instagram, സി.ജോസഫ് വിജയ്/PTI
ജേസൺ സഞ്ജയ്/Instagram, സി.ജോസഫ് വിജയ്/PTI

തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ സി. ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി കോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ജേസൺ സംവിധാനം ചെയ്യുന്ന ‘സിഗ്മ’ ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് അച്ഛൻ വിജയ്‌യെ ചുറ്റിപ്പറ്റിയുള്ള സിനിമാ-രാഷ്ട്രീയ ചർച്ചകളെ എങ്ങനെയാണ് താൻ കൈകാര്യം ചെയ്യുന്നതെന്ന് ജേസൺ തുറന്നുപറഞ്ഞത്.

വിജയ്‌യുടെ സിനിമകളും രാഷ്ട്രീയവും വ്യക്തിജീവിതവുമെല്ലാം പൊതുചർച്ചകളിൽ നിറയുമ്പോൾ അതിൽനിന്ന് പരമാവധി അകലം പാലിക്കാനാണ് ശ്രമിക്കുന്നതെന്ന് ജേസൺ പറഞ്ഞു. വിജയ് ഇപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിയായ സാഹചര്യത്തിൽ കുടുംബത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

''കഴിയുന്നത്ര ഇത്തരം കാര്യങ്ങളിൽനിന്ന് അകന്നുനിൽക്കാനാണ് ഞാൻ ശ്രമിക്കുന്നത്. കാരണം പുറത്തുനിന്നുള്ള ഒരു കഥ എപ്പോഴും വന്നുകൊണ്ടിരിക്കും. അച്ഛൻ ഇപ്പോൾ നിൽക്കുന്ന ജീവിതഘട്ടത്തിൽ കുടുംബത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് എനിക്ക് ഉറപ്പാക്കണം,'' ജേസൺ പറഞ്ഞു.

തന്റെ ജോലിയുടെ കാര്യത്തിലല്ല, വ്യക്തിജീവിതത്തിലാണ് ഇപ്പോൾ ചില നിയന്ത്രണങ്ങൾ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''അച്ഛൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതിനാൽ വ്യക്തിജീവിതത്തിൽ എനിക്ക് ചില പരിമിതികളുണ്ട്. അതിൽനിന്ന് മറ്റൊരു തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. എന്റെ ഉൾബോധത്തെ വിശ്വസിച്ച് മുന്നോട്ടുപോകുക മാത്രമാണ് ചെയ്യുന്നത്,'' എന്നും ജേസൺ വ്യക്തമാക്കി.

വിജയ്‌യുടെ മകനെന്ന നിലയിൽ ആളുകളുടെ വിലയിരുത്തലുകളെക്കുറിച്ച് ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിനും ജേസൺ മറുപടി നൽകി. ഇക്കാര്യം എല്ലായ്പ്പോഴും മനസ്സിലുണ്ടാകാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

''അതിനെക്കുറിച്ച് എല്ലായ്പ്പോഴും ചിന്തിക്കാറുണ്ട്. അത് നിഷേധിക്കാനാകില്ല. കാര്യങ്ങൾ സംഭവിച്ച സമയവും രസകരമാണ്. എന്റെ കുടുംബത്തിന്റെ പാരമ്പര്യം സ്വാഭാവികമായും എന്നും കൂടെയുണ്ടാകും. അതോടൊപ്പം അടുത്തിടെ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളും സാഹചര്യങ്ങളും ഉണ്ട്. മറുവശത്ത്, ഞാൻ എന്റെ സ്വന്തം സിനിമ ചെയ്യുകയാണ്. വ്യവസായത്തിൽ എന്റേതായൊരു ഇടം കണ്ടെത്താനും എന്റെ കാഴ്ചപ്പാട് പ്രേക്ഷകരിലെത്തിക്കാനുമാണ് ശ്രമിക്കുന്നത്,'' ജേസൺ പറഞ്ഞു.

വിജയിയുടെ മകനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന ചിന്ത പ്രേക്ഷകരുടെ മനസ്സിൽ ആദ്യമുണ്ടാകാമെങ്കിലും സിനിമ ആരംഭിച്ച് കുറച്ച് സമയം കഴിയുമ്പോൾ അത് മാറുമെന്നാണ് ജേസൺ പ്രതീക്ഷിക്കുന്നത്. ''ആരാണ് സിനിമ സംവിധാനം ചെയ്തതെന്ന കാര്യം സ്വാഭാവികമായും അവരുടെ മനസ്സിലുണ്ടാകും. പക്ഷേ, സിനിമ തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ അവർ അതിനെ ഒരു സിനിമയായി മാത്രം കാണുമെന്ന് ഞാൻ കരുതുന്നു,'' അദ്ദേഹം പറഞ്ഞു.

സിഗ്മ പുറത്തിറങ്ങിയശേഷം ലഭിക്കുന്ന പ്രശംസകളും വിമർശനങ്ങളും തന്റെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതാകണമെന്നാണ് ജേസന്റെ ആഗ്രഹം. ചിത്രത്തിന് ശേഷം തന്റേതായൊരു വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന സിഗ്മ ജേസൺ സഞ്ജയ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi