കുട്ടികളേക്കാളധികം അരുമജീവികളുണ്ടത്രേ ഈ രാജ്യത്ത്, പെറ്റ്സിന്റെ അന്ത്യകർമങ്ങൾക്ക് കോടികൾ വരെ ചിലവിടുന്നവർ

ബേബി സ്ട്രോളറുമായി തെരുവുകളിൽ അനേകമാളുകളെ കാണാം ജപ്പാനിൽ. പക്ഷേ, അതിൽ മുഴുവൻ കുട്ടികളാണെന്നു തെറ്റിദ്ധരിക്കരുത്. അരുമജീവികൾക്കുവേണ്ടിയാണ് രാജ്യത്ത് ഭൂരിഭാഗം ആളുകളും ഇന്നിത് ഉപയോഗിക്കുന്നത്. നാലുവർഷങ്ങൾക്കുമുമ്പ് രാജ്യത്ത് കുട്ടികളേക്കാളുമധികം അരുമജീവികളുണ്ടെന്ന കണക്കുകൾ പുറത്തുവന്നിരുന്നു.
ജപ്പാൻ പെറ്റ് ഫുഡ് അസോസിയേഷൻ്റെ 2021-ലെ കണക്കനുസരിച്ച്, രാജ്യത്ത് 16 വയസ്സിന് താഴെയുള്ള 1.7 കോടി കുട്ടികളാണുണ്ടായിരുന്നത്. എന്നാൽ അരുമകളായ പൂച്ചകളുടെയും നായ്ക്കളുടെയും എണ്ണം ഏകദേശം 2 കോടിയും. പ്രായമായവരുടെ എണ്ണം കൂടുകയും ജനനനിരക്ക് കുത്തനെ ഇടിയുകയും ചെയ്യുന്ന രാജ്യത്ത്, കുട്ടികളേക്കാൾ വളർത്തുമൃഗങ്ങളെയാണ് ആളുകളിഷ്ടപ്പെടുന്നത്. ജോലിക്ക് അമിതമായി പ്രാധാന്യം നൽകുന്നതും സമയക്കുറവും കാരണം കുട്ടികൾ വേണ്ടെന്നുവെക്കുകയാണ് ഭൂരിഭാഗംപേരും. പരിപാലിക്കാൻ താരതമ്യേന എളുപ്പമാണ് എന്നതുതന്നെയാണ് കൂടുതലാളുകളും വളർത്തുമൃഗങ്ങളെ തിരഞ്ഞെടുക്കാൻ കാരണം.
അതേസമയം, അവയ്ക്കുവേണ്ടി ധാരാളം പണം ചെലവഴിക്കാനും അവർ തയ്യാറാണ്. നിലവാരമുള്ള ഭക്ഷണം നൽകുന്നത് മുതൽ, വാക്സിനേഷൻ, വാരാന്ത്യങ്ങളിലെ വിനോദയാത്രകൾ തുടങ്ങി ജപ്പാനിലെ വളർത്തുമൃഗങ്ങൾക്ക് അവയുടെ ഉടമസ്ഥർ ഏറ്റവും മികച്ച ജീവിതമാണ് നൽകുന്നത്. കൂട്ടുവേണമെന്നും ഏകാന്തതയും തോന്നുമ്പോൾ എപ്പോഴുമവരെ കൂടെക്കൂട്ടുകയും ചെയ്യാം. വളർത്തുമൃഗങ്ങൾ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ജപ്പാനിൽ, ഒരു നിശ്ചിത സമയത്തേക്ക് പണംനൽകി നായ്ക്കളെ കൂടെ നിർത്താനുള്ള സംവിധാനങ്ങളുമുണ്ട്. അവയുടെ സുരക്ഷ ഉറപ്പുനൽകണമെന്ന് മാത്രം. റോബോട്ടിക് വളർത്തുമൃഗങ്ങൾക്കും രാജ്യത്ത് പ്രചാരമേറെയാണിന്ന്.
2017-ൽ റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, ജപ്പാനിൽ ബുദ്ധമതം പിന്തുടരുന്നവർ തങ്ങളുടെ വളർത്തുമൃഗങ്ങളുടെ ശവസംസ്കാരത്തിനായി വലിയ തുക തന്നെ ചെലവിടുന്നുണ്ട്. ബേസിക്, മീഡിയം, ഡീലക്സ് എന്നിങ്ങനെ അന്ത്യകർമ്മങ്ങൾക്ക് പല വിഭാഗങ്ങളുണ്ട്. ഏറ്റവും ലളിതമായ സംസ്കാരത്തിന് 67,000 രൂപയിലധികം ചെലവ് വരുമ്പോൾ, ആഡംബര ശവസംസ്കാരങ്ങൾക്ക് കോടികൾ വരെ ചെലവിടുന്നവരുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover why Japan has more pets than children. Explore reasons like an aging population, busy lifestyles, and the deep bond between Japanese people and their animal companions.