വിജയ്നെ സ്വന്തമാക്കിയല്ലേ എന്ന് ജഗപതി ബാബു; ഈ മോതിരം ഏറെ പ്രിയപ്പെട്ടതെന്ന് രശ്മിക

താരങ്ങളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത കഴിഞ്ഞമാസമാണ് പുറത്തുവന്നത്. ഒരു സ്വകാര്യചടങ്ങായിട്ടായിരുന്നു വിവാഹനിശ്ചയമെന്നും വാർത്തകൾ വന്നു. താരങ്ങൾ അതിനോട് പ്രതികരിച്ചില്ലെങ്കിലും, വിജയുടെ ടീം വാർത്ത സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

ഏറ്റവുമൊടുവിൽ സീ5 ചാനലിൽ ജഗപതി ബാബുവിന്റെ ടോക്ക്‌ഷോയിലും ചർച്ചയായി രശ്മികയുടെ മോതിരം. പുതിയ ചിത്രമായ 'ദ ഗേൾഫ്രണ്ടി'ന്റെ പ്രൊമോഷന്റെ ഭാഗമായാണ് രശ്മിക എത്തിയത്.

ഷോയിലെത്തിയ രശ്മികയെ ജഗപതി കളിയാക്കുകയും ചെയ്തു. അതിനെല്ലാം നാണം കലർന്ന പുഞ്ചിരിയോടെയാണ് താരം പ്രതികരിച്ചത്.

രശ്മികയെ കളിയാക്കിക്കൊണ്ട് ജഗപതി ഇങ്ങനെ പറഞ്ഞു, ''വിജയ് ദേവരകൊണ്ടയും സൗഹൃദവും. വിജയ് സേതുപതിയും ആരാധനയും. ദളപതി വിജയും എക്കാലത്തെയും ആരാധികയും. ഇപ്പോൾ നിങ്ങൾ വിജയവും വിജയും സ്വന്തമാക്കിയെന്ന് കരുതുന്നു''. അതിന് രശ്മിക ചിരിച്ചു.

പിന്നീട് രശ്മികയുടെ വിരലിലെ മോതിരം കണ്ടപ്പോൾ, ഇതെല്ലാം വൈകാരികബന്ധമുള്ളതാണോ എന്ന് ജഗപതി ചോദിച്ചു. ഇതെല്ലാം വളരെ പ്രധാനപ്പെട്ടാണെന്ന് താരം മറുപടിയും പറഞ്ഞു. ''ഇതിലൊന്ന് നിനക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് എനിക്കുറപ്പാണ്. അതിനുപിന്നിലൊരു ചരിത്രമുണ്ടെന്നും എനിക്കറിയാം'', എന്ന ജഗപതി ബാബുവിന്റെ കമന്റും പുഞ്ചിരിയോടെയാണ് രശ്മിക നേരിട്ടത്.

കുറച്ചുദിവസം മുമ്പ് വളർത്തുനായയെ ഓമനിക്കുന്നൊരു വീഡിയോ രശ്മിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതിൽ രശ്മികയുടെ കൈവിരലിലെ വജ്രമോതിരം വ്യക്തമായി കാണാമായിരുന്നു. അതോടെ വിവാഹനിശ്ചയം നടന്നുവെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തു. പിന്നാലെ പുട്ടപർത്തിയിലെ സത്യസായി ബാബയുടെ ആശ്രമം സന്ദർശിച്ചപ്പോൾ വിജയുടെ കൈയിലെ മോതിരവും ആരാധകരുടെ കണ്ണിൽപ്പെട്ടു. ഇത് വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ളതിനുള്ള തെളിവായി ആളുകൾ ചൂണ്ടിക്കാട്ടി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Jagapathi Babu playfully teased Rashmika Mandanna about her ring and relationship with Vijay Deverakonda, sparking engagement rumors