ബോക്സോഫീസിലെ സക്സസ് ഖാൻ, ഷാരൂഖ് ഖാനല്ലെന്നറിയാമോ?

സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾക്കൊത്ത് നടന്മാരുടെ താരമൂല്യം കണക്കാക്കാറുണ്ട്. പലരും പറയുന്നത്, ബോക്സ് ഓഫീസ് നേട്ടം ഒരു താരത്തിന് പ്രേക്ഷകരുമായുള്ള ബന്ധം കാണിക്കുന്നുവെന്നാണ്. അതുകൊണ്ടുതന്നെ ഒരു നടന്റെ സിനിമകൾ കൂടുതൽ വിജയിക്കുമ്പോൾ അവർ വലിയ താരങ്ങളായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ കണക്കാക്കിയാൽ ഏറ്റവും വലിയ സക്സസ് റെക്കോഡുള്ള ഇന്ത്യൻ നടൻ പ്രമുഖരായ മൂന്ന് ഖാൻമാരുമല്ല.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹിന്ദി സിനിമാലോകത്ത് വലിയ നേട്ടമുണ്ടാക്കിയവരാണ്. എങ്കിലും ബോക്സ് ഓഫീസ് മത്സരത്തിൽ മുന്നിൽ ഈ മൂന്ന് ഖാന്മാരുമല്ല, അത് അന്തരിച്ച നടൻ ഇർഫാൻ ഖാനാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ, ഇർഫാൻ ലോകമെമ്പാടും 4 ബില്യൺ ഡോളറിലധികം നേടിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജുറാസിക് വേൾഡ്, ദി അമേസിങ് സ്പൈഡർമാൻ, ദി ലൈഫ് ഓഫ് പൈ, സ്ലംഡോഗ് മില്യണയർ എന്നീ നാല് ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളാണ് ഇതിൽ പ്രധാനമായും സംഭാവന ചെയ്തത്. ഇർഫാൻ ഒട്ടേറെ അന്താരാഷ്ട്ര സിനിമകളിൽ പ്രവർത്തിച്ച ഇന്ത്യൻ നടനാണ്. 2006 മുതൽ 2016 വരെ അദ്ദേഹത്തിന്റെ ഹോളിവുഡ് സിനിമകൾ 21,000 കോടി രൂപയ്ക്ക് മുകളിൽ നേടി, ഇന്ത്യൻ സിനിമകൾ 1000 കോടി രൂപയ്ക്ക് മുകളിലും.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റ് പികു ആയിരുന്നു, ഇത് ബോക്സ് ഓഫീസിൽ 141 കോടി രൂപ നേടി.
ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും നേട്ടമുണ്ടാക്കിയ നടൻ ഷാരൂഖ് ഖാൻ ആണ്. അദ്ദേഹം അഭിനയിച്ച സിനിമകൾ ഏകദേശം 10,000 കോടി രൂപ നേടിയിട്ടുണ്ടാവും. രണ്ടാംസ്ഥാനത്ത് സൽമാൻ ഖാനാണ്, ഏകദേശം 7500 കോടി രൂപയ്ക്ക് മുകളിലാണ് നേട്ടം. ആമിർ ഖാൻ 7000 കോടി രൂപയുമായി മൂന്നാംസ്ഥാനത്താണ്. അതേസമയം, ഈ മൂന്ന് നടന്മാരും അവരുടെ സിനിമകളിൽ ഏതാണ്ട് എപ്പോഴും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ ഇർഫാൻ ഹോളിവുഡിൽ സഹവേഷങ്ങളാണ് ചെയ്തത്.
ഏറ്റവും മികച്ച ഇന്ത്യൻ നടന്മാരിൽ ഒരാളായ ഇർഫാൻ, 1987 ൽ ശ്രീകാന്ത് എന്ന ടിവി ഷോയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. 50 വയസ്സിൽ കാൻസറിനെ അതിജീവിച്ച അദ്ദേഹം 2020-ൽ 53-ാം വയസ്സിൽ അന്തരിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Irrfan Khan's global filmography grossed over ₹22,000 crore worldwide., His Hollywood blockbusters like Jurassic World and Life of Pi significantly outperformed the three Khans in total box office., Despite his massive financial success, he was often categorized differently due to his supporting roles in international cinema., His career transitioned from 90s TV struggle to global acclaim, spanning from 1987 to 2020.