ആദായ നികുതി പ്ലാനിംങ് ഒന്നുമായില്ലേ, ഇനിയുള്ള മൂന്നുമാസം കൊണ്ട് എന്തൊക്കെ ചെയ്യാം?

#കെ.കെ ജയകുമാര്‍ (പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് മെന്റര്‍)
പ്രതീകാത്മകചിത്രം/ shutter stock
പ്രതീകാത്മകചിത്രം/ shutter stock

സമ്പത്ത് ഉണ്ടാക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉണ്ടാക്കിയ സമ്പത്ത് ചോരാതെ കാത്തുസൂക്ഷിക്കുക എന്നതും. ഇതിനായി എല്ലാവരും ചെയ്തിരിക്കേണ്ടതാണ് ആദായ നികുതി ആസൂത്രണം. മിക്ക സ്ത്രീകളും ഏറെ പരാജയപ്പെടുന്ന ഒരു മേഖലയാണ് ഇത്. സാമ്പത്തിക കാര്യങ്ങളോടു തന്നെ പൊതുവേ ശമ്പള വരുമാനക്കാരായ സ്ത്രീകള്‍ക്ക് വലിയ വിമുഖതയാണ്. അതിന്റെ കൂടെ ഇന്‍കം ടാക്‌സിന്റെ കാര്യം കൂടി കേള്‍ക്കുമ്പോഴേ തലകറങ്ങും. എന്നാല്‍  പണത്തിന് സര്‍ക്കാര്‍ ടാക്‌സ് ഈടാക്കുമ്പോള്‍ ചില ഇളവുകള്‍ കൂടി തരുന്നുണ്ട്. ഈ ഇളവുകള്‍ പ്രയോജനപ്പെടുത്തിയാല്‍ പ്രതിവര്‍ഷം നല്ലൊരു തുക മിച്ചം പിടിക്കാന്‍ കഴിയും. അതിന് ആദായ നികുതി പ്ലാനിംഗിനും അല്‍പ്പസമയം മാറ്റിവെയ്ക്കണം. 

രണ്ട് തരത്തിലുള്ള സമ്പ്രദായങ്ങളിലൂടെയാണ് നമ്മുടെ വരുമാനത്തിന് സര്‍ക്കാര്‍ ആദായ നികുതി ഈടാക്കുന്നത്. ഇത് ന്യൂ റെജിം, ഓള്‍ഡ് റെജിം എന്നിങ്ങനെ അറിയപ്പെടുന്നു. ഏതു റെജിം അനുസരിച്ചാണ് ടാക്‌സ് കണക്കാക്കേണ്ടത് എന്ന് നമുക്ക് തീരുമാനിക്കാം. ന്യൂ റെജിം ആണ് സ്വീകരിക്കുന്നതെങ്കില്‍ കാര്യമായ നികുതി പ്ലാനിംഗിന്റെ ആവശ്യമില്ല. കാരണം ഇതില്‍ ഇളവുകള്‍ വലിയ തോതിലൊന്നുമില്ല. എന്നാല്‍ ഓള്‍ഡ് റെജിം ആണ് സ്വീകരിക്കുന്നതെങ്കില്‍ നന്നായി പ്ലാന്‍ ചെയ്താല്‍ വലിയ തുക ലാഭിക്കാം.

2024-25  സാമ്പത്തിക വര്‍ഷത്തിലേക്ക് ആദായ നികുതി ഇളവ് നേടാനുള്ള നിക്ഷേപം നടത്താന്‍ ഇനി ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസം വരെ ഇനി സമയം ഉണ്ട്. 2025 മാര്‍ച്ച് 31 വരെ നടത്തുന്ന നിക്ഷേപങ്ങള്‍ക്കാണ് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇളവ് ലഭിക്കുക. അതുകൊണ്ട് ഇതേവരെ ആദായ നികുതി ആസൂത്രണം ഒന്നും ചെയ്തിട്ടില്ലാത്തവര്‍ക്ക് ഹൈ സ്പീഡ് ടാക്‌സ് പ്ലാനിങ് നടത്തേണ്ട സമയമാണ് ആഗതമായിരിക്കുന്നത്. അതിന് കഷ്ടിച്ച് 90 ദിവസമാണ് ഇനി ലഭിക്കുക.

എന്തൊക്കെ ചെയ്യാം

ഈ സാമ്പത്തിക വര്‍ഷം നികുതി നല്‍കേണ്ടിവരുന്ന നിങ്ങളുടെ വരുമാനം എത്രയെന്ന് കണ്ടുപിടിക്കുക.  ശമ്പളവരുമാനക്കാരനാണ് നിങ്ങള്‍ എങ്കില്‍ ജോലിചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് എത്ര രൂപയാണ് 2025 മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇനി ടി.ഡി.എസ് പിടിക്കാന്‍ പോകുന്നതെന്ന് അറിയുക. അതേപോലെ അവരുടെ കണക്കനുസരിച്ച് ശമ്പള വരുമാനത്തില്‍ നിന്നുള്ള നിങ്ങളുടെ വാര്‍ഷിക നികുതിവിധേയ വരുമാനം എത്രയെന്നും കണ്ടുപിടിക്കുക. ഇതിന്റെ കൂടെ മറ്റ് ഉറവിടങ്ങളില്‍ നിന്ന് വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ അതും ചേര്‍ക്കണം. നിങ്ങള്‍ക്കു ലഭിച്ച ബാങ്ക് സ്ഥിരനിക്ഷേപം പോലുള്ളവയില്‍ നിന്നുള്ള പലിശവരുമാനം തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു.
 
ഇത്തരത്തിലുള്ള വരുമാനവും കൂടി ചേര്‍ക്കുമ്പോള്‍ മൊത്ത വരുമാനം എത്രയെന്ന് കണക്കാക്കുക. നികുതി നല്‍കേണ്ട വരുമാനത്തില്‍ നിന്ന് സെക്ഷന്‍ 80 സി, 80 സിസിസി, സെക്ഷന്‍ 80 സിസിഡി എന്നിവ പ്രകാരമുള്ള ചിലവുകളും നിക്ഷേപങ്ങളും കുറയ്ക്കാം. ചില പ്രത്യേക തരത്തിലുള്ള  ചിലവുകളും നിക്ഷേപങ്ങളും ആണ് ഈ വകുപ്പുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദായ നികുതി പ്ലാനിങ്ങിനായി വര്‍ഷം മുഴുവന്‍ ഒന്നും ചെയ്യാതിരിക്കുന്നവര്‍ അവസാന മാസങ്ങളില്‍ തിരക്കിട്ട് പലതും ചെയ്ത് അബദ്ധങ്ങളില്‍ ചെന്നുചാടുന്നതും പതിവാണ്.

നികുതി ലാഭിക്കാനായി പലയിടത്തും നിക്ഷേപിക്കണം എന്ന് ആഗ്രഹിക്കും. പക്ഷേ അതിനായി കയ്യില്‍ പണം ഒന്നും ഉണ്ടാകില്ല. അപ്പോള്‍ കടം വാങ്ങും അല്ലെങ്കില്‍ വായ്പ എടുക്കും. ഈ പണം ആദായ നികുതി ഇളവ് ലഭിക്കുന്ന മാര്‍ഗങ്ങളില്‍ നിക്ഷേപിക്കും. ഇങ്ങനെ കടം വാങ്ങിയതോ വായ്പ എടുത്തതോ ആയ പണം പിന്നീടുള്ള മാസങ്ങളിലെ സമ്പാദ്യം കൊണ്ട് തിരിച്ചടയ്ക്കുകയാണ് എങ്കില്‍ അത് നല്ലത്. അതല്ല എങ്കില്‍ ഇതിനേക്കാള്‍ വലിയ അബദ്ധം വേറെയില്ല.

നികുതിയിളവ് ലഭിക്കുവാന്‍ വേണ്ടി മാത്രം നിക്ഷേപം നടത്തരുത്. ഇന്‍ഷുറന്‍സ് പോളിസികള്‍, മ്യൂച്വല്‍ ഫണ്ട്, ബാങ്ക്, പോസ്റ്റോഫീസ് സ്ഥിര നിക്ഷേപം, ന്യൂ പെന്‍ഷന്‍ സ്‌കീം തുടങ്ങിയവയിലെ നിക്ഷേപത്തിനാണ് പൊതുവേ നികുതിയിളവ് ലഭിക്കുക. സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാഹായിക്കുന്ന മാര്‍ഗങ്ങളിലും അനുപാതത്തിലും മാത്രമേ നികുതി ഇളവിനായിട്ടാണെങ്കിലും ഇത്തരത്തില്‍ നിക്ഷേപം നടത്താവൂ.

നിക്ഷേപത്തിന് ഇളവ് കിട്ടുമെങ്കിലും അതില്‍ നിന്നുള്ള പലിശയ്ക്ക് നികുതി നല്‍കേണ്ടിവരും പലതിനും. ഉദാഹരണത്തിന്  നികുതി ഇളവിനായുള്ള ബാങ്ക് സ്ഥിര നിക്ഷേപ സ്‌കീമില്‍ പണം നിക്ഷേപിച്ചാല്‍ അത്രയും തുകയ്ക്കുള്ള ഇളവ് ലഭിക്കും. പക്ഷേ അതില്‍ നിന്നുള്ള പലിശയ്ക്ക് നികുതി വരും. എന്നാല്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ടിലാണെങ്കില്‍ നിക്ഷേപതുകയ്ക്കും  ലഭിക്കുന്ന പലിശയ്ക്കും നികുതി ഇളവുണ്ട്.
  
നികുതി ലാഭിക്കാനായി അവസാന നിമിഷം നടത്തുന്ന പല നിക്ഷേപങ്ങളും ഉദ്ദേശിക്കുന്ന ഫലം ചെയ്യില്ല. ഇത്തവണ എങ്കിലും അങ്ങനെ പറ്റി. അടുത്ത വര്‍ഷമെങ്കിലും വര്‍ഷാരംഭത്തില്‍ തന്നെ നികുതി ഇളവ് മനസില്‍ കണ്ടുള്ള നിക്ഷേപം തുടങ്ങണം.

വിരമിക്കലിന് ശേഷം

ഇനി റിട്ടയര്‍ ചെയ്ത് സ്ത്രീകളുടെ ആദായ നികുതി ബാധ്യതയുടെ കാര്യം എടുക്കാം.

മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍ വരുമാനം ഉള്ളവര്‍ക്കും ആദായ നികുതി ഏറ്റവും വലിയ ബാധ്യതയാണ്.  ജീവിത കാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്നും നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിനും ആദായ നികുതി നല്‍കേണ്ടിവരും. അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് 50,000 രൂപവരെയുള്ള പലിശ വരുമാനത്തിന് ഇളവ് നല്‍കിയിട്ടുണ്ട് എന്നത് ആശ്വാസം. എന്നാല്‍ ഈ വര്‍ഷം ഇളവ് നേടാന്‍ പരിമിതമായ അവസരങ്ങളേ മുതിര്‍ന്ന പൗരന്മാര്‍ക്ക്ു മുന്നിലുള്ളൂ. അതുകൊണ്ട് ലഭ്യമായ അവസരങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തണം.

നികുതിയിളവ് ലഭിക്കുന്ന ചെലവുകള്‍ ഈ പ്രായത്തില്‍ വളരെ കുറവായിരിക്കുമല്ലോ. അതുകൊണ്ട് സെക്ഷന്‍ 80 സിയ്ക്ക് ഉള്ളില്‍ വരുന്ന നിക്ഷേപമാര്‍ഗങ്ങളെ ഉപയോഗിക്കുകയാണ് പോംവഴി. 1.50 ലക്ഷം രൂപവരെ ഇതിനകത്തുള്ള മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാം. അവയില്‍ ഏറ്റവും ഇണങ്ങുന്ന നിക്ഷേപങ്ങള്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ്, ടാക്‌സ് സേവര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയാണ്.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം മുതിര്‍ന്നവര്‍ക്കുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതികളിലൊന്നാണ്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. കാലാവധി പൂര്‍ത്തിയാകും മുമ്പ് ആവശ്യമെങ്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പണം പിന്‍വലിക്കാം. പദ്ധതിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിയണം. നിലവില്‍ നികുതി ഇളവ് കിട്ടുന്ന സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളില്‍ മികച്ച പലിശ നിരക്ക് തരുന്ന നിക്ഷേപ മാര്‍ഗമാണിത്. ഈ പദ്ധതിയിലെ ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപകത്തിന് വകുപ്പ് 80 സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും.

നികുതി ഇളവ് ലഭിക്കുന്ന ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് സ്‌കീമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റൊരു നിക്ഷേപ മാര്‍ഗം. ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവിലേക്കുള്ള പ്രത്യേകം നോട്ടിഫൈ ചെയ്തിട്ടുള്ള സ്ഥിര നിക്ഷേപ പദ്ധതിയിലാണ് ചേരേണ്ടത്. ഒരിക്കല്‍ നിക്ഷേപം നടത്തിയാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞേ പണം പിന്‍വലിക്കാന്‍ കഴിയൂ. പലിശ ആവശ്യമെങ്കില്‍ മാസാമാസം എടുക്കാം.
സെക്ഷന്‍ 10(23 ഡി) പ്രകാരം നോട്ടിഫൈ ചെയ്തിട്ടുള്ള ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളായ ഇ.എല്‍.എസ്.എസിലേക്കുള്ള നിക്ഷേപമാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മുന്നിലുള്ള മറ്റൊരു മാര്‍ഗം. നിക്ഷേപം മൂന്നവര്‍ഷം കഴിഞ്ഞുമാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. നഷ്ട സാധ്യത ഉള്ള നിക്ഷേപ മാര്‍ഗമാണ് ഇത്.അതിനാല്‍  സമ്പാദ്യത്തിന്റെ വളരെ ചെറിയ ഒരു വിഹിതം മാ്ത്രമേ ഇതില്‍ മുതിര്‍ന്ന പൗരന്മാര്‍ നിക്ഷേപിക്കാവൂ. ഡിവിഡന്റായി ലഭിക്കുന്നത് വര്‍ഷാവര്‍ഷം വേണം എന്നുണ്ടെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ഡിവിഡന്റ് ഓപ്ഷന്‍ സ്വീകരിക്കണം.

Content Highlights: income tax return filing tips