മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവനോടെയില്ലെന്ന് മാധ്യമപ്രവർത്തകൻ; ഉണ്ടെന്ന് സൈന്യം

മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഇമ്രാൻ ഖാൻ, 1990-കളുടെ മധ്യത്തിലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 1996-ൽ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പി.ടി.ഐ) എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തു. 2018-ൽ അദ്ദേഹത്തിന്റെ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും അദ്ദേഹം പ്രധാനമന്ത്രിയാവുകയും ചെയ്തു.
എന്നാൽ, 2022-ൽ അവിശ്വാസവോട്ടിലൂടെ അദ്ദേഹം പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അഴിമതിക്കേസുമായി ബന്ധപ്പെട്ടായിരുന്നു പുറത്താക്കൽ. ഇതേ അഴിമതിക്കേസിൽ 14 വർഷത്തെ തടവുശിക്ഷയാണ് കോടതി അദ്ദേഹത്തിന് വിധിച്ചത്.
അതിനിടെ അദ്ദേഹം ജയിലിൽവെച്ച് മരിച്ചെന്ന് വെളിപ്പെടുത്തി, മുതിർന്ന മാധ്യമപ്രവർത്തകനായ വജാഹത്ത് സയീദ് ഖാൻ രംഗത്തെത്തിയിരുന്നു. ഇത് വിവാദമായതോടെ അദ്ദേഹം സ്വന്തം അവകാശവാദത്തിൽനിന്ന് പിൻമാറുകയും, ഇത് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടാണെന്ന് പറയുകയും ചെയ്തു.
പാകിസ്ഥാൻ സൈന്യത്തിന്റെ ജനറൽ ആസ്ഥാനത്തുള്ള പേര് വെളിപ്പെടുത്താത്ത ഒരുദ്യോഗസ്ഥനാണ് ഇമ്രാൻ ഖാൻ കസ്റ്റഡിയിലിരിക്കെ മരിച്ചതായി തന്നോട് പറഞ്ഞതെന്നായിരുന്നു വജാഹത്ത് ആദ്യം പറഞ്ഞത്.
'ഖാൻ ഇപ്പോഴും നമ്മോടൊപ്പമുണ്ടോ?', 'ഖാന് ശേഷം എന്ത് സംഭവിക്കും?' എന്നിങ്ങനെ രണ്ട് ഭാഗങ്ങളുള്ള ഒരു പരമ്പര അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. വിവാദമായതോടെ വിശദീകരണക്കുറിപ്പുമായി വജാഹത്ത് വീണ്ടുമെത്തി. പാകിസ്ഥാൻ സൈന്യത്തിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇമ്രാൻ ഖാന്റെ അവസ്ഥയെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, അദ്ദേഹം മരിച്ചുവെന്നതിന് തെളിവുകളൊന്നും നൽകിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ''നമുക്ക് ഇക്കാര്യം വളരെ വ്യക്തമായി പറയാം. ഇമ്രാൻ ഖാൻ മരിച്ചുവെന്ന് അവർ സ്ഥിരീകരിച്ചിട്ടില്ല'', അദ്ദേഹം പറഞ്ഞു.
പകരം, 'ഏറ്റവും മോശമായത് സംഭവിച്ചിട്ടുണ്ടാകാമെന്നോ അല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്നോ ഉള്ള കടുത്ത ഭയം' എന്നാണ് ആ ഉദ്യോഗസ്ഥർ വിവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താൻ സൈന്യവും ഇമ്രാന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ചുവെന്നും വജാഹത്ത് പറഞ്ഞു. ''എത്രയോ മാസങ്ങൾക്കിടയിൽ സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിങ് തങ്ങളുടെ മൗനം വെടിഞ്ഞിരിക്കുന്നു. എന്റെ വാർത്ത വ്യാജമാണെന്ന് അവർ പറഞ്ഞു. അവർ പ്രതികരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ വാർത്ത വ്യാജമാണെങ്കിലും അല്ലെങ്കിലും, അതിനർഥം ഇമ്രാൻ ജീവനോടെയുണ്ടെന്നാണ്'', വീഡിയോയിൽ വജാഹത്ത് തുറന്നടിക്കുന്നു.
73-കാരനായ ഇമ്രാൻ ഖാൻ 2023 മുതൽ വിവിധ കേസുകളിൽ ജയിലിലാണ്. കഴിഞ്ഞ നവംബറിലും ഇമ്രാൻ ഖാൻ ജയിലിൽവെച്ച് മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെച്ചൊല്ലിയുള്ള ആശങ്കകൾക്കിടയിലും, മുൻ പ്രധാനമന്ത്രിയെ കാണാൻ തങ്ങളെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടിയിലെ സഹപ്രവർത്തകരും അടുത്തിടെ പരാതിപ്പെട്ടിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Journalist Wajahat Saeed Khan claimed a military official said Imran Khan died in custody, but later retracted. Wajahat clarified that officials only expressed severe concern, not confirmation of death.