എസ്.ഐ.പി: എങ്ങനെ തുടങ്ങണം?എപ്പോൾ നിർത്തണം?

ഘു സമ്പാദ്യം കൊണ്ട് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പണം സ്വരുകൂട്ടാനുള്ള മികച്ച മാർഗമാണ് മ്യൂച്ചൽ ഫണ്ട് എസ്.ഐ.പി. എന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ ഒരു നിശ്ചിത തുക സ്ഥിരമായി എല്ലാ മാസവും ദീർഘകാലത്തേക്ക് മുടക്കം വരാതെ നിക്ഷേപിക്കുന്നതാണ് എസ്.ഐ.പി. പവർ ഓഫ് കോമ്പൗണ്ടിങ്ങിന്റെ അഥവാ കൂട്ടുപലിശയുടെ മാജിക് മൂലം ചെറിയ തുകയെ ഇത് ലക്ഷങ്ങൾ ആക്കി മാറ്റുന്നു.

എസ്.ഐ.പി.തുടങ്ങുമ്പോൾ ''എങ്ങനെ തുടങ്ങണം?'' എന്നതിൽ മാത്രമാണ് ശ്രദ്ധ. ''എപ്പോൾ നിർത്തണം?'' എന്നത് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല. എന്നാൽ യഥാർത്ഥ സാമ്പത്തിക ബുദ്ധി തുടങ്ങുന്നതിലല്ല, ശരിയായ സമയത്ത് നിർത്തുന്നതിലാണ്.

എസ്.ഐ.പി. ഒരു നിക്ഷേപ മാർഗം മാത്രമല്ല, ഒരു ശീലമാണ്. മാസംതോറും ചെറിയ തുക നിക്ഷേപിച്ച് കാലക്രമേണ വലിയൊരു തുക സമ്പാദിക്കാനുള്ള വഴിയാണ് ഇത്. പക്ഷേ എസ്.ഐ.പി. ഒരു അവസാനം ഇല്ലാത്ത യാത്രയല്ല അല്ല. അത് ഒരു ലക്ഷ്യത്തോട് ബന്ധിപ്പിച്ച യാത്രയാണ്. കൃത്യമായ ലക്ഷ്യമില്ലാതെ നിക്ഷേപം തുടരുന്നത് പാതിവഴിയിൽ ഇന്ധനം തീർന്ന വാഹനത്തിൽ യാത്ര ചെയ്യുന്നതുപോലെയാണ്.

നിങ്ങളുടെ എസ്.ഐ.പി (SIP) നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്ത് പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1. ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ:

ഒരു വീട് വാങ്ങാനോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വേണ്ടിയാണ് നിങ്ങൾ നിക്ഷേപം തുടങ്ങിയതെങ്കിൽ, ആ തുക സമാഹരിച്ചു കഴിഞ്ഞാലുടൻ നിക്ഷേപം നിർത്തുകയും പണം സുരക്ഷിതമായ ഡെബ്റ്റ് ഫണ്ടുകളിലേക്കോ ബാങ്ക് നിക്ഷേപത്തിലേക്കോ മാറ്റുകയും ചെയ്യാം.

2. വിപണിയിലെ വൻ ഇടിവ് കണ്ട് ഭയപ്പെടരുത്:

വിപണി താഴേക്ക് പോകുമ്പോൾ പലരും പേടിച്ച് എസ്.ഐ.പി. നിർത്താറുണ്ട്. യഥാർത്ഥത്തിൽ അപ്പോഴാണ് കുറഞ്ഞ വിലയ്ക്ക് കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ കഴിയുന്നത്. അതുകൊണ്ട് വിപണിയിലെ താൽക്കാലിക തകർച്ച കണ്ട് ഒരിക്കലും നിക്ഷേപം അവസാനിപ്പിക്കരുത്.

3. ഫണ്ടിന്റെ പ്രകടനം വിലയിരുത്തുക:

നിങ്ങൾ നിക്ഷേപിച്ച ഫണ്ട് അതിന്റെ ബെഞ്ച്മാർക്കിനേക്കാളും ' മറ്റ് സമാന ഫണ്ടുകളേക്കാളും തുടർച്ചയായി (രണ്ടോ മൂന്നോ വർഷം) മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിൽ ആ ഫണ്ട് നിർത്തി മികച്ച മറ്റൊന്നിലേക്ക് മാറാം.

4. പോർട്ട്‌ഫോളിയോ റീബാലൻസിങ്:

ഓഹരി വിപണി കുതിച്ചുയരുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിൽ ഇക്വിറ്റിയുടെ അളവ് നിശ്ചയിച്ചതിലും കൂടുനിന്നേക്കാം. റിസ്‌ക് കുറയ്ക്കുന്നതിനായി അത്തരം സാഹചര്യങ്ങളിൽ എസ്.ഐ.പി. ക്രമീകരിക്കുകയോ ഭാഗികമായി നിർത്തുകയോ ചെയ്യാം.

5. ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ:

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിന് ഒന്നോ രണ്ടോ വർഷം മാത്രം ബാക്കിയുള്ളപ്പോൾ ഇക്വിറ്റി എസ്.ഐ.പി. നിർത്തി പണം സേഫ് ആയ നിക്ഷേപങ്ങളിലേക്ക് മാറ്റണം. വിപണിയിലെ പെട്ടെന്നുള്ള ഇടിവ് നിങ്ങളുടെ പ്ലാനിംഗിനെ ബാധിക്കാതിരിക്കാൻ ഇത് സഹായിക്കും.

6. അടിയന്തര ആവശ്യങ്ങൾ വരുമ്പോൾ:

നിക്ഷേപം തുടങ്ങുന്നതിന് മുൻപ് ഒരു 'എമർജൻസി ഫണ്ട്' കരുതണം. എങ്കിലും അപ്രതീക്ഷിതമായ വലിയ സാമ്പത്തിക ബാധ്യതകൾ വരുമ്പോൾ മറ്റ് വഴികളില്ലെങ്കിൽ മാത്രം എസ്.ഐ.പി. നിർത്തുന്നത് ആലോചിക്കാം. കടം വാങ്ങി നിക്ഷേപം തുടരുന്നത് ബുദ്ധിയല്ല.

7. വരുമാനത്തിലെ മാറ്റങ്ങൾ:

ജോലി നഷ്ടപ്പെടുകയോ വരുമാനത്തിൽ വലിയ കുറവ് സംഭവിക്കുകയോ ചെയ്യുമ്പോൾ മാസതവണകൾ മുടങ്ങുന്ന അവസ്ഥയുണ്ടെങ്കിൽ താൽക്കാലികമായി എസ്.ഐ.പി. നിർത്താം. സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ വീണ്ടും തുടങ്ങുകയും ചെയ്യാം.

8. ഫണ്ട് മാനേജരോ നയങ്ങളോ മാറുമ്പോൾ:

നിങ്ങൾ നിക്ഷേപിച്ച സ്‌കീമിന്റെ അടിസ്ഥാനപരമായ സ്വഭാവത്തിലോ നിക്ഷേപ രീതിയിലോ വലിയ മാറ്റങ്ങൾ വരികയും അത് നിങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാവുകയും ചെയ്താൽ ആ നിക്ഷേപം അവസാനിപ്പിക്കാം.

9. മറ്റ് മെച്ചപ്പെട്ട അവസരങ്ങൾ:

നിലവിലെ നിക്ഷേപത്തേക്കാൾ കുറഞ്ഞ റിസ്‌കിൽ കൂടുതൽ ആദായം നൽകുന്ന മറ്റ് നിക്ഷേപ മാർഗങ്ങൾ ലഭ്യമായാൽ എസ്.ഐ.പി. പുനഃക്രമീകരിക്കാവുന്നതാണ്.

10. കടബാധ്യതകൾ തീർക്കാൻ:

വലിയ പലിശയുള്ള ലോണുകൾ (ഉദാഹരണത്തിന് ക്രെഡിറ്റ് കാർഡ് ലോൺ) ഉണ്ടെങ്കിൽ, അതിനേക്കാൾ കുറഞ്ഞ ലാഭം മാത്രം തരുന്ന എസ്.ഐ.പി. തുടരുന്നതിനേക്കാൾ നല്ലത് അത് നിർത്തി കടം വീട്ടുന്നതാണ്.

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയിൽ അച്ചടക്കമുള്ള നിക്ഷേപം പോലെ തന്നെ പ്രധാനമാണ് വിവേകപൂർണ്ണമായ പിൻവാങ്ങലും. വികാരങ്ങൾക്കടിമപ്പെടാതെ, അക്കൗണ്ടിലെ തുകയുടെ വളർച്ച മാത്രം നോക്കാതെ, സ്വന്തം ലക്ഷ്യങ്ങളെ മുൻനിർത്തി തീരുമാനങ്ങളെടുക്കുന്ന സ്ത്രീകളാണ് സാമ്പത്തികമായി വിജയിക്കുന്നത്.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi