ആറുമാസത്തെ എമർജൻസി ഫണ്ട് എങ്ങനെ സ്വരൂപിക്കാം; സ്ത്രീകൾ അറിയണം ഇക്കാര്യങ്ങൾ

ജീവിതം എല്ലായ്‌പ്പോഴും നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ച് മുന്നോട്ടുപോകില്ല എന്നൊക്കെ നമുക്കറിയാം. ഒരു രോഗം, ജോലിയിലെ അനിശ്ചിതത്വം, അപ്രതീക്ഷിതമായ ചിലവ്, കുടുംബത്തിലെ അടിയന്തര സാഹചര്യം-ഇവ ഏത് നിമിഷവും നമ്മുടെ സാമ്പത്തികനില തകർക്കാം. പ്രത്യേകിച്ച് കുടുംബ ബജറ്റ് വളരെ കർശനമായി നിയന്ത്രിച്ച് മുന്നോട്ടുപോകുന്ന സിംഗിളായ സ്ത്രീകൾക്ക് ഇത്തരം സാഹചര്യങ്ങൾ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടുതന്നെ അപ്രതീക്ഷിത ചിലവുകൾ ജീവിതത്തെ നരകതുല്യമാക്കുന്നത് ഒഴിവാക്കാനും മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാനും ഒരു എമർജൻസി ഫണ്ടിന്റെ സുരക്ഷാ കവചം ഒരുക്കുന്നത് അഭികാമ്യമാണ്.
എമർജൻസി ഫണ്ട് എന്നത് സാധാരണ ചെലവുകൾക്കായി ഉപയോഗിക്കുന്ന പണം അല്ല. അത് ഒരു സുരക്ഷയാണ്. വരുമാനം പെട്ടെന്ന് നിലച്ചാലോ, വലിയൊരു ചികിത്സാചെലവ് വന്നാലോ, ജോലി മാറേണ്ട സാഹചര്യം ഉണ്ടായാലോ കുടുംബം കുറഞ്ഞത് ആറുമാസം എങ്കിലും സമാധാനത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുന്ന ഒരു സാമ്പത്തിക കരുതലാണ് അത്.
പലർക്കും ഒരു സംശയം ഉണ്ടാകും. ''മാസം അവസാനിക്കുമ്പോൾ കൈവശം ഒന്നുമില്ല. അതത് മാസച്ചിലവുകൾ നിറവേറ്റാൻ തന്നെ ബുദ്ധിമുട്ടാണ്. പിന്നെ ഇങ്ങനെ ആറുമാസത്തെ ചെലവിനുള്ള ഫണ്ട് മുൻകൂട്ടി ഉണ്ടാക്കിവെക്കും?'' എന്നത്. സത്യത്തിൽ അത്രയും വലിയ ഒരു തുക ഒരേസമയം സേവ് ചെയ്യണമെന്നില്ല. കൊച്ചുകൊച്ച് തുകകൾ പറ്റുമ്പോഴൊക്കെ മാറ്റിവെച്ചാൽ മതി. കുറച്ചുനാൾ കഴിയുമ്പോൾ അത് വളരെ വലിയ സുരക്ഷയായി മാറും.
ആദ്യം ചെയ്യേണ്ടത് കുടുംബത്തിന്റെ മാസച്ചെലവ് വ്യക്തമായി മനസ്സിലാക്കുക എന്നതാണ്. വാടക, ഭക്ഷണം, വൈദ്യുതി, വിദ്യാഭ്യാസം, യാത്ര, മരുന്ന് തുടങ്ങിയ നിർബന്ധ ചെലവുകൾ മാത്രം കണക്കാക്കുക. ഉദാഹരണത്തിന് ഒരു കുടുംബത്തിന്റെ അടിസ്ഥാന മാസച്ചെലവ് 15,000 രൂപയാണെന്ന് കരുതുക. അങ്ങനെ എങ്കിൽ ആറ് മാസത്തേക്ക് ഏകദേശം 90000 രൂപയാണ് എമർജൻസി ഫണ്ടായി ഉണ്ടാക്കേണ്ടത്.
ഇത് കേൾക്കുമ്പോൾ വലിയ തുകയാണെന്ന് തോന്നാം. എന്നാൽ ലക്ഷ്യം ചെറിയ ഘട്ടങ്ങളായി വിഭജിച്ചാൽ അത് സാധ്യമാകും. മാസം രണ്ടായിരം രൂപയെങ്കിലും മാറ്റിവയ്ക്കാൻ കഴിയുമെങ്കിൽ മൂന്നേമുക്കാൽ വർഷത്തിനുള്ളിൽ തന്നെ എമർജൻസി ഫണ്ട് ഉണ്ടാക്കാൻ കഴിയും.
ഇതിനായി ഓട്ടോമാറ്റിക് സേവിങ്സ് ഒരു മികച്ച മാർഗമാണ്. ശമ്പളം ലഭിക്കുന്ന ദിവസം തന്നെ ചെറിയൊരു തുക മറ്റൊരു അക്കൗണ്ടിലേക്കോ ഒരു ലിക്വിഡ് ഫണ്ടിലേക്കോ മാറ്റിവയ്ക്കുക. കൈവശം വന്ന പണത്തിൽനിന്നു ശേഷിക്കുന്നത് സേവ് ചെയ്യാൻ ശ്രമിക്കുന്നതിനേക്കാൾ ആദ്യം സേവ് ചെയ്തശേഷം ചെലവഴിക്കുന്ന രീതിയാണ് കൂടുതൽ ഫലപ്രദം.
കുടുംബ ബജറ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാലും എമർജൻസി ഫണ്ടിലേക്ക് പണം കണ്ടെത്താം. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചിലവുകൾ വലിയ തുകയായി മാറാറുണ്ട്. ഓൺലൈൻ ഷോപ്പിംഗ്, അനാവശ്യ സബ്‌സ്‌ക്രിപ്ഷനുകൾ, ഇടയ്ക്കിടെ പുറത്തു ഭക്ഷണം കഴിക്കുന്നത് തുടങ്ങിയവ കുറച്ചാൽ തന്നെ മാസം കുറച്ച് രൂപയെങ്കിലും മാറ്റിവയ്ക്കാൻ കഴിയും.
ഇതിനു പുറമേ അപ്രതീക്ഷിതമായി ലഭിക്കുന്ന പണവും എമർജൻസി ഫണ്ടിലേക്ക് ചേർക്കാം. ബോണസ്, ഇൻസെന്റീവ്, ഗിഫ്റ്റ് മണി, നികുതി റീഫണ്ട് തുടങ്ങിയവ മുഴുവനായോ ഭാഗികമായോ ഈ ഫണ്ടിലേക്ക് മാറ്റിവയ്ക്കുന്നത് ലക്ഷ്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കും.
എമർജൻസി ഫണ്ടിനായി മാറ്റിവെയ്ക്കുന്ന പണം സുരക്ഷിതവും എളുപ്പത്തിൽ പിൻവലിക്കാനാകുന്നതുമായ ഇടത്താണ് സൂക്ഷിക്കേണ്ടത്. സാധാരണ സേവിങ്‌സ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ്, അല്ലെങ്കിൽ ലിക്വിഡ് മ്യൂച്വൽ ഫണ്ട് പോലുള്ള ഓപ്ഷനുകൾ ഉപയോഗിക്കാം. ഓഹരി വിപണിയിലോ ദീർഘകാല ലോക്ക് ഇൻ ഉള്ള നിക്ഷേപങ്ങളിലോ ഈ തുക നിക്ഷേപിക്കുന്നത് ഉചിതമല്ല.
ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം മനസ്സിലാക്കണം. എമർജൻസി ഫണ്ട് നിക്ഷേപം അല്ല, അത് സുരക്ഷയാണ്. വലിയ ലാഭം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഈ പണം അപകടസാധ്യതയുള്ള ഇടങ്ങളിൽ നിക്ഷേപിക്കരുത്. ആവശ്യം വന്നാൽ ഉടൻ ഉപയോഗിക്കാനാകണം എന്നതാണ് പ്രധാന മാനദണ്ഡം.
സ്ത്രീകൾ കുടുംബത്തിന്റെ സാമ്പത്തികപദ്ധതികളിൽ സജീവമായി പങ്കെടുക്കുമ്പോൾ ഇത്തരം കരുതലുകൾ സ്വാഭാവികമായി രൂപപ്പെടും. ചെറിയ തുകയായാലും സ്ഥിരമായി മാറ്റിവയ്ക്കുന്ന ശീലമാണ് ഭാവിയിലെ വലിയ ആശങ്കകൾ ഒഴിവാക്കുന്നത്.
ഒരിക്കൽ ആറുമാസത്തെ എമർജൻസി ഫണ്ട് തയ്യാറായാൽ മനസ്സിൽ ഒരു വലിയ ആത്മവിശ്വാസം ഉണ്ടാകും. ജോലി നഷ്ടപ്പെട്ടാലും, ചില മാസങ്ങൾ വരുമാനം കുറഞ്ഞാലും കുടുംബം തകർന്നുപോകില്ലെന്ന ഉറപ്പ് ലഭിക്കും.
സമ്പത്ത് സൃഷ്ടിക്കുന്ന യാത്രയിലെ ആദ്യ പടി പലപ്പോഴും നിക്ഷേപമല്ല, സുരക്ഷ സൃഷ്ടിക്കലാണ്. അതുകൊണ്ട് ഇന്ന് തന്നെ ഒരു തീരുമാനം എടുക്കൂ. വലിയ തുക ആവശ്യമില്ല. ചെറിയൊരു തുകയോടെ ആരംഭിക്കാം. സന്തോഷത്തിനായി അൽപ്പം മധുരം കഴിക്കുന്നതുപോലെ ഒരു ചെറിയ എമർജൻസി ഫണ്ട് ആരംഭിച്ചുകൊണ്ട് വലിയ ഒരു ചുവടുവയ്ക്കാം. കാരണം സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങുന്നത് പലപ്പോഴും ഒരു ചെറിയ സേവിങ്‌സിലൂടെയാണ്.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi