'വിവാഹത്തിൽനിന്ന് രക്ഷപ്പെട്ട് എത്തിയത് സീരിയലിൽ; കാരണമായത് രജനീകാന്ത്': ഏക്താ കപൂർ

ടെലിവിഷൻ സീരിയലുകൾ നിർമിച്ച് പ്രശസ്തിയിലേക്കുയർന്നതാണ് ഏക്താ കപൂർ. ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറും ക്രിയേറ്റീവ് ഹെഡും കൂടിയാണവർ. 17-ാം വയസ്സിലാണ് അവർ തന്റെ ടെലിവിഷൻ കരിയർ തുടങ്ങുന്നത്. മുമ്പൊരു പോഡ്കാസ്റ്റിൽ ഇത്ര ചെറുപ്പത്തിലേ കരിയർ തുടങ്ങാനുള്ള കാരണം അവർ വെളിപ്പെടുത്തിയിരുന്നു. ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കേണ്ടിവരുമോ എന്ന ഭയത്തിൽനിന്നാണ് ഈ തീരുമാനത്തിലേക്കെത്തുന്നത്.
''എനിക്ക് 17 വയസ്സുള്ളപ്പോൾ, ഞാൻ എപ്പോഴും സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുമായിരുന്നു. കോളേജിൽ കയറാതെ ചുറ്റിനടക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു, 'ഒന്നുകിൽ പഠനത്തിൽ ശ്രദ്ധിക്കുക, അല്ലെങ്കിൽ എന്തെങ്കിലും ജോലിചെയ്യുക. ഇതൊന്നും ചെയ്തില്ലെങ്കിൽ നിന്നെ വിവാഹം കഴിപ്പിക്കുമെന്ന്. അതെന്നെ വളരെയധികം ഭയപ്പെടുത്തി''.
ക്യോംകി സാസ് ഭീ കഭീ ബഹു ഥി, കഹാനി ഘർ ഘർ കി, കസൗട്ടി സിന്ദഗി കീ, കഹീ തോ ഹോഗാ, സൗതൻ കഭീ സഹേലി...ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച സീരിയലുകൾ. ഇതെല്ലാം ഏക്ത നിർമിച്ചതാണ്.
2001 ആയപ്പോഴേക്കും അവർ നിർമിച്ച 34 സീരിയലുകളിൽ 20 എണ്ണവും പ്രമുഖചാനലുകളിൽ ഏറ്റവും ജനപ്രിയമായി മാറി. പക്ഷേ, ഒരു കാലത്ത് താൻ ജോലി കിട്ടാതെ ആകെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ ഏക്ത. അവർക്ക് ആദ്യ അവസരം നൽകുന്നതിൽ വലിയ പങ്കുവഹിച്ചത് നടൻ രജനീകാന്താണ്.
എംകെ ടോക്സുമായുള്ള (MK Talks) ഒരു സംഭാഷണത്തിലാണ് ഏക്ത ഇക്കാര്യം തുറന്നുപറഞ്ഞത്. രജനീകാന്തുമായുള്ള ഒരു യാദൃശ്ചിക കൂടിക്കാഴ്ച തന്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചുവെന്ന് അവർ ഓർക്കുന്നു. ''ഒരിക്കൽ രജനീകാന്ത് എന്റെ വീട്ടിൽ ഉച്ചഭക്ഷണത്തിന് വന്നു. അദ്ദേഹം എന്റെ അച്ഛനുമായി (actor Jeetendra) നല്ല സുഹൃത്തുക്കളാണ്. എനിക്ക് ജോലിയില്ലാത്തതിനാൽ ഞാൻ അസ്വസ്ഥയായിരുന്നു. ഞാൻ അസ്വസ്ഥയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ, 'എനിക്ക് ജോലി ചെയ്യാൻ താത്പര്യമുണ്ട്' എന്ന് ഞാൻ പറഞ്ഞു. തുടർന്ന് അദ്ദേഹം പറഞ്ഞു, ശരി, ഒരാളുമായി ഒരു മീറ്റിങ് വെക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം,''.
അങ്ങനെ കലാനിധി മാരനെ കാണാൻ രജനീകാന്ത് തന്നെ സഹായിച്ചുവെന്ന് ഏക്ത പറയുന്നു. ''ആ കൂടിക്കാഴ്ചയ്ക്ക് ശേഷം, അദ്ദേഹം എനിക്ക് നോൺ പ്രൈം ടൈം (non prime time) ദക്ഷിണേന്ത്യൻ ഷോ തന്നു. ഒരു ഉത്തരേന്ത്യക്കാരിക്ക് എങ്ങനെ ഒരു ദക്ഷിണേന്ത്യൻ ഷോ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അവർ സംശയിച്ചിരുന്നു. ഞങ്ങൾ ഹിന്ദിയിൽ ഷോ എഴുതി, പ്രാദേശിക അഭിനേതാക്കളെ ഉപയോഗിച്ച് ഷൂട്ട് ചെയ്യാൻ എന്റെ ടീമിനെ അയച്ചു, അത് ഒന്നാം നമ്പർ ഷോയായി മാറി. പിന്നീട് ഞാൻ അതിന്റെ ടിആർപി തെളിവായി ഉപയോഗിക്കുകയും ഹിന്ദി ടെലിവിഷനിൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങുകയും ചെയ്തു,'' ഏക്ത പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ekta Kapoor started her career at 17 to avoid early marriage. Rajinikanth played a pivotal role in securing her first production opportunity.