വിഷപ്പക്ഷിയെ വായിൽ വെച്ചതും ശാസ്ത്രജ്ഞന്റെ ചുണ്ടും നാവും മരവിച്ചു

ഹൂഡെഡ് പിറ്റോഹി
ഹൂഡെഡ് പിറ്റോഹി

ലോകത്ത് വിഷമുള്ള പക്ഷികളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി പ്രയാസമുണ്ടാവും. ശരീരത്തിൽ വിഷം വഹിക്കുന്നവർ പക്ഷികൾക്കിടയിലുമുണ്ട്. പപ്പുവ ന്യൂ ഗിനിയിലെ ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഹൂഡെഡ് പിറ്റോഹിയാണ് ലോകത്ത് വിഷമുള്ള പക്ഷികളിൽ ഒന്നാമൻ. ചർമത്തിലും തൂവലുകളിലുമാണ് അവ വിഷം സൂക്ഷിച്ചിരിക്കുന്നത്. അതും, ശാസ്ത്രലോകത്തിന് അറിവുള്ളതിൽ ഏറ്റവും വീര്യമുള്ള ന്യൂറോടോക്സിനുകളിൽ ഒന്നായ ബാട്രാകോടോക്സിൻ.

ഇതേ വിഷം മധ്യ, തെക്കേ അമേരിക്കയിലെ ചിലയിനം വിഷത്തവളകളിലും കാണപ്പെടുന്നുണ്ട്. വളരെ ചെറിയ അളവിൽപ്പോലും മാരകമാണിത്. വെറും 2 മുതൽ 3 മൈക്രോഗ്രാം വരെ മതി ഒരു മനുഷ്യന്റെ ജീവനെടുക്കാൻ. പിറ്റോഹിയിൽ അടങ്ങിയിരിക്കുന്ന അളവ് അതിലും കുറവാണെങ്കിലും കരുതലോടെയേ ഇതിനെ കൈകാര്യം ചെയ്യാൻ പാടുള്ളൂ.

വിഷമെങ്ങനെ?

മറ്റ് വിഷജന്തുക്കളെപ്പോലെ പിറ്റോഹി പക്ഷിയിലെ വിഷം അതിന്റെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതല്ല. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണിത് ലഭിക്കുന്നത്. ഈ വനമേഖലയിൽ കാണപ്പെടുന്ന ഒരുതരം വിഷവണ്ടുകളുണ്ട്. ഈ വിഷവണ്ടുകൾ പിറ്റോഹികളുടെ ഭക്ഷണമാണ്. അങ്ങനെയാണ് പക്ഷിയിലേക്കും വിഷമെത്തുന്നത്. പക്ഷിയുടെ ശരീരം ബാട്രാകോടോക്സിൻ ആഗിരണം ചെയ്ത് സംഭരിക്കുന്നു.

മേഖലയിലെ പരമ്പാരഗത വേട്ടക്കാർക്കെല്ലാം ഈ പക്ഷിയെപ്പറ്റി നല്ല ധാരണയുണ്ട്. ഇവ മനുഷ്യനെ ആക്രിമിക്കുകയൊന്നുമില്ല. എങ്കിലും, അതുമായി ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കും. പിറ്റോഹിയെ കഴിച്ചാൽ ശരീരത്തിൽ മരവിപ്പും പുകച്ചിലും തുടങ്ങി ഗുരുതരമായ ലക്ഷണങ്ങൾക്ക് വരെയുണ്ടാകാം.

പിറ്റോഹിയെ വായിൽവെച്ച ശാസ്ത്രജ്ഞൻ

ഹൂഡെഡ് പിറ്റോഹിയുടെ വിഷാംശം ശാസ്ത്രീയമായി രേഖപ്പെടുത്തിയത് 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാത്രമാണ്. 1980-കളിൽ, പപ്പുവ ന്യൂ ഗിനിയിൽ പക്ഷികളെ ടാഗ് ചെയ്യുന്നതിനിടെ അമേരിക്കൻ പക്ഷിശാസ്ത്രജ്ഞനായ ജാക്ക് ഡംബാച്ചർ അബദ്ധവശാൽ ഒരു പിറ്റോഹിയെ തന്റെ വായിൽ പിടിച്ചുനിർത്തി. ഫീൽഡ് ബയോളജിസ്റ്റുകൾക്കിടയിലുള്ള ഒരു ശീലമാണിത്. അപ്പോൾത്തന്നെ അദ്ദേഹത്തിന്റെ ചുണ്ടുകൾക്കും നാവിനും മരവിപ്പ് അനുഭവപ്പെട്ടു.

പ്രദേശവാസികൾ പറഞ്ഞപ്പോഴാണ് പക്ഷിക്ക് വിഷമുള്ളകാര്യം സംഘമറിയുന്നത്. പശ്ചാത്യ ശാസ്ത്രത്തിന് പുതിയ അറിവായിരുന്നു അത്. ഡംബാച്ചർ ശേഖരിച്ച സാമ്പിളുകൾ പിറ്റോഹി തൂവലുകളിൽ ബാട്രാകോടോക്സിൻ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുന്നതിലേക്ക് വഴിതെളിയിച്ചു.

പപ്പുവ ന്യൂ ഗിനിയിലെ വേരിയബിൾ പിറ്റോഹി, ബ്ലൂ-ക്യാപ്ഡ് ഇഫ്രിറ്റ് എന്നിവയും ചെറിയ അളവിൽ വിഷം വഹിക്കുന്നവരാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi