നമുക്കു ചുറ്റും വീട്ടിലോ ജോലിസ്ഥലത്തോ പൊതുവിടങ്ങളിലോ ചിലരെങ്കിലും ടോക്‌സിക് സ്വഭാവമുള്ളവരാവാം. ടോക്‌സിക് ആളുകളുമായി ഇടപെടുമ്പോള്‍, വൈകാരികമായി പ്രതികരിക്കുന്നത് പലപ്പോഴും അവര്‍ക്ക് ആവശ്യമുള്ള നിയന്ത്രണം അല്ലെങ്കില്‍ അധികാരബോധം തുടങ്ങിയവ കൃത്യമായി നല്‍കുന്നു. ഇതിനെ ചെറുക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് 'ഗ്രേ റോക്ക്'.

പേര് സൂചിപ്പിക്കുന്നത് പോലെ, ഗ്രേ റോക്കിങ് നിങ്ങളെത്തന്നെ വിരസവും, വികാരമില്ലാത്തവനും, താല്‍പ്പര്യമില്ലാത്തവനുമാക്കുന്ന ഒരു മാര്‍ഗമാണ്. ഇത് ഫലപ്രദമാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങളൊന്നുമില്ലെങ്കിലും സംഘര്‍ഷം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പലരും പറയുന്നു. മറ്റേയാള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളോടുള്ള വൈകാരിക പ്രതികരണങ്ങള്‍ ഒഴിവാക്കുകയാണ് ഇതില്‍ പ്രധാനം. ഹ്രസ്വവും ലളിതവുമായ ഉത്തരങ്ങള്‍ നല്‍കലും ഇതിന്റെ ഭാഗം തന്നെ.

ടോക്‌സിക് വ്യക്തിക്ക് അവര്‍ പ്രതീക്ഷിക്കുന്ന പ്രതികരണം ലഭിച്ചില്ലെങ്കില്‍, അവര്‍ താല്‍പര്യം നഷ്ടപ്പെട്ട് ഒഴിഞ്ഞുപോകാം എന്നതാണ് ആശയം. ഗ്രേ റോക്കിങ് സാമൂഹിക പിന്മാറ്റമല്ലെന്ന് പ്രത്യേകം ഓര്‍ക്കണം. അതൊരു ബോധപൂര്‍വമായ തിരഞ്ഞെടുപ്പാണ്. ടോക്‌സിക് വ്യക്തിയുമായുള്ള ഇടപെടലുകളില്‍ മാത്രം പ്രയോഗിക്കുന്നത്.

അത്തരം വ്യക്തികളുമായി സമയം ചെലവഴിക്കാന്‍ കഴിയാത്ത വിധം ജോലികളിലും അപ്പോയിന്റ്‌മെന്റുകളിലും സ്വയം തിരക്കിലാവുന്ന രീതി തിരഞ്ഞെടുക്കാം. സംഭാഷണത്തില്‍ കഴിയുന്നത്ര കുറച്ച് മാത്രം പങ്കെടുക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ പ്രതികരണങ്ങള്‍ 'അതെ', 'ഇല്ല' എന്നിവയിലേക്ക് പരിമിതപ്പെടുത്തുക. ആ വ്യക്തി നിങ്ങളെ വിളിക്കുകയോ, ടെക്സ്റ്റ് ചെയ്യുകയോ, മെസ്സേജ് ചെയ്യുകയോ ആണെങ്കില്‍, പ്രതികരിക്കാന്‍ വൈകിക്കുക. അവരെ ബ്ലോക്ക് ചെയ്യുക അല്ലെങ്കില്‍ ഒരു മറുപടിയും നല്‍കാതെ സന്ദേശം ഒഴിവാക്കുക.

മറ്റേയാള്‍ ശബ്ദം കൂട്ടുകയോ വഴക്കുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍ പോലും നിങ്ങളുടെ പ്രതികരണത്തില്‍ ശാന്തതയും സമചിത്തതയും പുലര്‍ത്തുക. ഇവയൊക്കെ ഗ്രേ റോക്കിങ്ങിന്റെ ഭാഗമാണ്. വൈകാരിക പീഡനത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനാണ് ആളുകള്‍ ഗ്രേ റോക്കിങ്ങിലേക്ക് തിരിയുന്നതിന്റെ പ്രധാന കാരണം.

പൂര്‍ണ്ണമായ ഒരു പരിഹാരമല്ലെങ്കിലും ചിലപ്പോള്‍ കുറഞ്ഞസമയത്തേക്കെങ്കിലും മോശമായ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ ഇത് കൊണ്ടു സാധിച്ചേക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi