ഇളനീര്‍ കൊണ്ട് ഓലന്‍, പീച്ചിങ്ങയും കണവയും ചേര്‍ത്ത് കറി...

ബീഫ് ചമ്മന്തിപ്പൊടി, കോഴിപ്പിടി, താറാവ് കുരുമുളക് മപ്പാസ്, പീച്ചിങ്ങ-കണവ കൂട്ടാന്‍ തുടങ്ങി അസ്സല്‍ നാടന്‍ വിഭവങ്ങളുടെ മേളമുതിര്‍ത്ത് 'ഗൃഹലക്ഷ്മി ഹോം ഷെഫ്' നാലാം സീസണ്‍ കോട്ടയം സോണല്‍ മത്സരം. പരമ്പരാഗത കോട്ടയം വിഭവങ്ങള്‍ക്കൊപ്പം കേരളത്തിന്റെ വൈവിധ്യമാര്‍ന്ന തനിനാടന്‍ രുചികളും വിധികര്‍ത്താക്കള്‍ക്ക് മുന്നിലെത്തി. ചേമ്പിന്‍തണ്ട്-താള്‍ തോരനും ഇളനീര്‍ ഓലനും ത്രിമധുര പ്രഥമനുമെല്ലാം മത്സരത്തിന് മാറ്റുകൂട്ടി.
കേരളത്തിലെ നാടന്‍ രുചിവൈവിധ്യങ്ങളുടെ പ്രദര്‍ശനമായി മത്സരം മാറിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. പാരഗണ്‍ റെസ്റ്റോറന്റ് ഗ്രൂപ്പ് അസിസ്റ്റന്റ് കോര്‍പറേറ്റീവ് ഷെഫ് അനുജിത്ത് രാമചന്ദ്രന്‍, റെസ്റ്റോറന്റ് ഷെഫ് പിള്ള ലെ മെറിഡിയന്‍ കൊച്ചി എക്‌സിക്യൂട്ടീവ് ഷെഫ് സിജോ ജോണ്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ.സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ്. പ്രോഗ്രാം മാനേജര്‍ ഓപ്പറേഷന്‍സ് സിജോ തോമസ് എന്നിവര്‍ അതിഥികളായി.
ആറ് സോണുകളിലായി നടക്കുന്ന 'ഗൃഹലക്ഷ്മി ഹോം ഷെഫ്' നാലാം സീസണിന്റെ രണ്ടാം സോണല്‍ മത്സരമായിരുന്നു കോട്ടയം തെള്ളകത്തെ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നത്. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി സോണല്‍ മത്സരങ്ങള്‍ വരുംദിവസങ്ങളില്‍ തുടരും.
സോണല്‍ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 15 പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കുക. സോണലില്‍ വിജയിച്ച വിഭവം ഫൈനലില്‍ തത്സമയം പാചകം ചെയ്യണം. പാചകരംഗത്തെ പ്രമുഖരും സെലിബ്രിറ്റികളും ചേര്‍ന്ന് ഫിനാലെയിലെ വിജയികളെ കണ്ടെത്തും.
50000 രൂപയാണ് ഒന്നാംസമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 30000 രൂപയും 20000 രൂപയുമാണ് സമ്മാനത്തുക. ഇതോടൊപ്പം 15 ഫൈനലിസ്റ്റുകളുടെയും ഫോട്ടോയും വിഭവങ്ങളുടെ പാചകക്കുറിപ്പും 'ഗൃഹലക്ഷ്മി'യില്‍ പ്രസിദ്ധീകരിക്കും. വിഡിയം ആണ് ഹോം ഷെഫ് നാലാം സീസണിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. ഇന്ത്യന്‍ ഓയില്‍ പ്രെസന്റിങ് സ്പോണ്‍സറും ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ടണറും ഹൈനസ് വെല്‍നസ് പാര്‍ടണറുമാണ്. ചൈതന്യ പാസ്റ്ററല്‍ സെന്ററാണ് കോട്ടയം സോണിലെ വെന്യൂ പാര്‍ട്ണര്‍.
Content Highlights: home chef season 4-zonal competition