ഈസ്റ്റർ ബണ്ണിക്ക് പകരം ഓസ്ട്രേലിയയിൽ എന്തുകൊണ്ട് ഈസ്റ്റർ ബിൽബി?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

പല തരത്തിലാണ് ഓരോ നാടുകളിലും ഈസ്റ്റർ ആഘോഷം നടക്കുന്നത്. ദേശത്തിന്റെതായ പ്രത്യേകതകളും ചരിത്രവുമെല്ലാം ആഘോഷത്തിനെയും ആചാരങ്ങളെയും സ്വാധീനിക്കാറുണ്ട്.

ഈസ്റ്റർ മുട്ടകളും മുയലുകളുമെല്ലാം (Easter Eggs, Easter Bunny)എല്ലാ കാലത്തും വിശ്വാസത്തോടൊപ്പം കണ്ണുകൾക്ക് കൗതുകവും പകരുന്നതാണ്. പല തരം കഥകളും ഇവയെ പിൻപറ്റി നിലനിൽക്കുന്നുണ്ട്. മിക്ക നാടുകളിലും ഈസ്റ്റർ മുയലുകൾ ആഘോഷത്തിന്റെ ഭാഗമാകുമ്പോൾ ഓസ്‌ട്രേലിയയിൽ അത്തരം ഒരു കാഴ്ച കാണാൻ സാധിക്കില്ല.

ഈസ്റ്റർ ബണ്ണികൾക്കു പകരം ഈസ്റ്റർ ബിൽബികളെ ഓസ്ട്രേലിയ പ്രതീകമാക്കിയതിൽ വലിയൊരു കഥയുണ്ട്. അവരുടെ പ്രകൃതിസ്‌നേഹവും നീതിയും ചേർന്ന കഥ.

മുയലിനോട് സാദൃശ്യമുള്ള ബിൽബി, മരുഭൂമിപ്രദേശങ്ങളിൽ കാണപ്പെടുന്ന മാർസുപിയൽ വർഗ്ഗത്തിൽപ്പെട്ട ജീവിയാണ്. നീളം കൂടിയ ചെവികളും, നീണ്ട മൂക്കും, മൃദുവായ രോമവും ഉള്ള സുന്ദരമായ ജീവി. എന്നാൽ, ഈ ജീവി ഇന്ന് വംശനാശ ഭീഷണിയിലാണ്. ബിൽബി രൂപത്തിലുള്ള ചോക്ലേറ്റ് ഈസ്റ്റർ ദിനത്തിൽ വിറ്റഴിച്ചുകൊണ്ട് ഇവയെ സംരക്ഷിക്കാനുള്ള ധനം അതിലൂടെ സമാഹരിക്കാറുണ്ട്. ഈസ്റ്റർ ബിൽബി എന്ന ആശയം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഉടലെടുക്കുന്നത്.

1968 മാർച്ചിൽ, റോസ് മേരി ഡസ്റ്റിംഗ് എന്ന ഒമ്പതുവയസ്സുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനി 'Billy the Aussie Easter Bilby' എന്ന പേരിൽ ഒരു കഥ എഴുതി. 1997-ൽ പ്രസിദ്ധീകരിച്ച ഈ കഥ ബിൽബികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി.

1976-നും 1983-നും ഇടയിൽ ഹൗതുൺ ജൂനിയർ ഫീൽഡ് നാച്ചുറലിസ്റ്റ് ക്ലബ് ഈസ്റ്റർ മുട്ടകൾ വിതരണം ചെയ്യുന്നത് ഈസ്റ്റർ ബിൽബി ആണെന്ന തരത്തിലുള്ള ഒരു വിശ്വാസപാരമ്പര്യത്തിനു തുടക്കം കുറിച്ചു. ദക്ഷിണ ആസ്ട്രേലിയൻ നാഷണൽ പാർക്ക് സർവീസിലെ ടോണി മോറിസൺ ആണ് 1980-കളിൽ ഈസ്റ്റർ ബണ്ണികൾക്ക് പകരം ഈസ്റ്റർ ബിൽബികളെ നിർദ്ദേശിച്ചത് എന്നും പറയപ്പെടുന്നുണ്ട്.

ഓസ്ട്രേലിയക്കാർക്ക് മുയലുകളോടുള്ള ദേഷ്യത്തിനു നീതിയുക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. ഓസ്‌ട്രേലിയയിൽ മുയലിനെ ഒരു 'അധിനിവേശ ജന്തുവർഗ്ഗം' ആയി കണക്കാക്കുന്നു. 1859-ൽ തോമസ് ഓസ്റ്റിൻ (Thomas Austin) എന്ന ഇംഗ്ലീഷ് കുടിയേറ്റക്കാരൻ വിനോദത്തിനായി ഏകദേശം 24 മുയലുകളെ ഓസ്‌ട്രേലിയയിൽ കൊണ്ടുവന്നു. എന്നാൽ മുയലുകൾ വളരെ വേഗത്തിൽ വർദ്ധിച്ചു.

സ്വാഭാവിക ശത്രുക്കൾ കുറവായിരുന്നതിനാൽ നിയന്ത്രണമില്ലാതെ പെരുകിയ ഇവ കൃഷിനാശത്തിനും പരിസ്ഥിതി തകർച്ചയ്ക്കും കാരണമായിട്ടുണ്ട്. അതിനാൽ, ഈസ്റ്ററിന്റെ പ്രതീകമായ മുയലിനെ മാറ്റി, തനതു മൃഗമായ ബിൽബിയെ പ്രചരിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു.

1991-ൽ, റാബിറ്റ് ഫ്രീ ആസ്ട്രേലിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നിക്കോളാസ് ന്യൂലാൻഡ് ഈസ്റ്റർ ബണ്ണിക്ക് പകരം ഈസ്റ്റർ ബിൽബിയെ പ്രചരിപ്പിക്കാൻ തുടങ്ങി. അങ്ങനെ നിരവധി ശക്തമായ പ്രചാരണങ്ങൾ ഈ ആശയം പ്രമാണിച്ച് വിവിധരംഗങ്ങളിൽ ഉണ്ടായി.

ചോക്ലേറ്റ് കമ്പനികൾ വൻ തോതിൽ ഈസ്റ്റർ ബിൽബി ആകൃതിയിൽ ചോക്ലേറ്റുകൾ നിർമ്മിക്കാറുണ്ട്. ഓസ്‌ട്രേലിയയിലെ ഈസ്റ്റർ ആഘോഷത്തിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണിവ.

അധിനിവേശ ജീവജാലങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്താനും കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്താനും ഈ ആശയപ്രചരണം സഹായകമായിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explains the shift from the invasive Easter Bunny to the native Bilby in Australia. Highlights the environmental impact of rabbits on the Australian ecosystem.