‘സൗജന്യത്തിന്’ കൊടുക്കേണ്ടി വരുന്ന വില എത്രയെന്ന് അറിയാമോ?

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

മ്മുടെ നിത്യജീവിതത്തിൽ ഏറ്റവും ആകർഷകമായ വാക്ക് ഏതാണെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാം, അത് 'സൗജന്യം' അല്ലെങ്കിൽ 'ഫ്രീ' എന്ന വാക്കാണ്. ഒരു സാധനം വാങ്ങുമ്പോൾ മറ്റൊന്ന് ഫ്രീ എന്ന് കാണുമ്പോഴോ, പണമൊന്നും നൽകാതെ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാമെന്ന് കരുതുമ്പോഴോ നമുക്ക് ലഭിക്കുന്ന ഒരു മാനസിക സന്തോഷമുണ്ട്. പക്ഷേ നമ്മൾ 'ഫ്രീ' എന്ന് കരുതുന്ന പല കാര്യങ്ങൾക്കും യഥാർത്ഥത്തിൽ നാം വലിയൊരു വില നൽകുന്നുണ്ട്. പലപ്പോഴും പണത്തേക്കാൾ മൂല്യമുള്ള നമ്മുടെ സ്വകാര്യതയും, സമയവും, തെറ്റായ സാമ്പത്തിക ശീലങ്ങളുമാണ് ആ വില.

സ്മാർട്ട്‌ഫോണുകളിൽ നാം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള പകുതിയിലധികം ആപ്പുകളും സൗജന്യമാണ്. ഗെയിമുകൾ, എഡിറ്റിംഗ് ആപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയെല്ലാം നാം പണം നൽകാതെയാണ് ഉപയോഗിക്കുന്നത്. നമുക്ക് എന്ത് ആവശ്യം വന്നാലും നാം അത് സൈബർ സ്‌പേസിൽ ചെന്ന് ഫ്രീ ആയി എടുത്തുപയോഗിക്കുകയാണ്. അത് ഇമേജുകളാകട്ടെ, മ്യൂസിക് ആകട്ടെ, ഫയൽ കൺവേർഷൻ ആകട്ടെ.

ഇന്നത്തെ കാലത്ത് ഏറ്റവും അപകടകമാണ് ഇത്തരത്തിൽ ഫ്രീ ആയി ഓൺലൈനിൽ കിട്ടുന്ന പലതും. കാരണം, പലപ്പോഴും നമ്മൾ പണം കൊടുക്കാതെ വാങ്ങുന്നത് തന്നെയാണ് പിന്നീട് നമ്മളെ ഏറ്റവും കൂടുതൽ ചെലവഴിപ്പിക്കുന്നത്.

ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ''ഫ്രീ ഇൻസ്റ്റാൾ'' എന്ന് കാണുമ്പോൾ നമുക്ക് സന്തോഷം തോന്നും. ഓൺലൈൻ ഷോപ്പിംഗ് ആപ്പ് ''ബൈ വൺ ഗെറ്റ് വൺ'' എന്നു പറഞ്ഞാൽ കാർട്ട് തുറക്കും. ക്രെഡിറ്റ് കാർഡ് കമ്പനി ''നോ ആന്വൽ ഫീ'' എന്നു പറഞ്ഞാൽ ഉടൻ അപേക്ഷിക്കാൻ തോന്നും.

പക്ഷേ നമ്മളാരും ഈ ചോദ്യം ഒരിക്കലും ചോദിക്കാറില്ല. ഒരു വലിയ കമ്പനി എന്തിന് നമുക്ക് ഇത്രയും വിലപിടിച്ച സേവനങ്ങൾ സൗജന്യമായി നൽകുന്നു? അവർ ചാരിറ്റി നടത്തുന്നതല്ല എന്ന് നമുക്ക് അറിയാം. അവർ ബിസിനസ് നടത്തുകയാണ് എന്നും നമുക്കറിയാം. അപ്പോൾ അവർ എവിടെ നിന്നാണ് ലാഭം ഉണ്ടാക്കുന്നത്? അവിടെയാണ് ''ദി കോസ്റ്റ് ഓഫ് ഫ്രീ'' എന്ന യാഥാർത്ഥ്യം തുടങ്ങുന്നത്. ഇന്ന് നമ്മുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് പണമല്ല. നമ്മുടെ ശ്രദ്ധ, നമ്മുടെ സ്വഭാവം, നമ്മുടെ വിവരങ്ങൾ - ഇവയാണ് ഏറ്റവും വിലയേറിയ സാധനങ്ങൾ.

നമ്മൾ ഒരു ഫ്രീ ആപ്പ് ഉപയോഗിക്കുമ്പോൾ, അത് നമുക്ക് സേവനം നൽകുന്നതോടൊപ്പം നമ്മളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നു.

നമ്മൾ എന്താണ് സെർച്ച് ചെയ്യുന്നത്...

എത്ര നേരം സ്‌ക്രീൻ നോക്കുന്നു...

എന്ത് ഡ്രെസ് ആണ് ഇഷ്ടം...

ഏത് സമയത്താണ് ഓൺലൈൻ ഷോപ്പിങ് കൂടുതലായി ചെയ്യുന്നത്...

എന്ത് ഭക്ഷണം ആണ് ഓർഡർ ചെയ്യുന്നത്...

എന്ത് വീഡിയോകൾ ആണ് കാണുന്നത്... അതിനുശേഷം ആൽഗോരിതം നമുക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്.നമ്മളെ കൂടുതൽ ചെലവഴിപ്പിക്കാൻ വേണ്ടിയാണ് അത് പ്രവർത്തിക്കുന്നത്.

നമ്മുടെ ഓരോ ക്ലിക്കുകളും, ഇഷ്ടാനിഷ്ടങ്ങളും, ലൊക്കേഷനും, കോൺടാക്റ്റുകളും ഈ ആപ്പുകൾ നിരീക്ഷിക്കുന്നു. പിന്നീട് അവയെല്ലാം ഒരു ''ഡിജിറ്റൽ ഫുട്പ്രിന്റ്'' ആയി മാറുന്നു. ഈ വിവരങ്ങൾ അടങ്ങിയ ഡാറ്റ വൻകിട പരസ്യ കമ്പനികൾക്ക് അവർ വിൽക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ഒരു സാരി സെർച്ച് ചെയ്താൽ, തൊട്ടടുത്ത നിമിഷം മുതൽ നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ സോഷ്യൽ മീഡിയ ആപ്പുകളിലും സാരിയുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ താല്പര്യങ്ങളെ കൃത്യമായി പഠിച്ച്, നമ്മളെക്കൊണ്ട് കൂടുതൽ സാധനങ്ങൾ വാങ്ങിപ്പിക്കാനുള്ള ഒരു സൈക്കോളജിക്കൽ കെണിയാണിത്. 'ഫ്രീ' ആയി ലഭിക്കുന്ന സേവനത്തിന് പകരമായി നാം നൽകുന്നത് നമ്മുടെ സ്വകാര്യതയും നമ്മുടെ ഉപഭോഗ ശീലങ്ങളെ നിയന്ത്രിക്കാനുള്ള അവകാശവുമാണ്.

'ഒന്ന് വാങ്ങിയാൽ ഒന്ന് ഫ്രീ', '50% ഡിസ്‌കൗണ്ട്', 'ക്ലിയറൻസ് സെയിൽ' - ഇത്തരം ബോർഡുകൾ കാണുമ്പോൾ നമ്മളിൽ പലരും അറിയാതെ കടകളിലേക്ക് കയറിപ്പോകാറുണ്ട്. യഥാർത്ഥത്തിൽ നമുക്ക് ആ സാധനം ആവശ്യമുണ്ടോ എന്ന് പോലും ചിന്തിക്കാൻ ഇത്തരം ഓഫറുകൾ നമ്മെ അനുവദിക്കില്ല. 1000 രൂപയുടെ ഒരു ഡ്രസ്സ് 500 രൂപയ്ക്ക് കിട്ടുമ്പോൾ നാം കരുതുന്നത് 500 രൂപ ലാഭിച്ചു എന്നാണ്. എന്നാൽ സത്യത്തിൽ നാം നമ്മുടെ കൈവശമുള്ള 500 രൂപ ചിലവാക്കുകയാണ് ചെയ്യുന്നത്.

പലപ്പോഴും ആവശ്യത്തിലധികം സാധനങ്ങൾ വാരിക്കൂട്ടാൻ ഇത്തരം ഓഫറുകൾ നമ്മെ പ്രേരിപ്പിക്കുന്നു. 'ഇത്ര രൂപയ്ക്ക് പർച്ചേസ് ചെയ്താൽ ഗിഫ്റ്റ് കൂപ്പൺ ലഭിക്കും' എന്ന പരസ്യം കണ്ട്, ആ കൂപ്പൺ കിട്ടാനായി മാത്രം ആവശ്യമില്ലാത്ത മറ്റു പല സാധനങ്ങളും നാം വാങ്ങാറുണ്ട്. ഇത് നമ്മുടെ ബജറ്റിനെ താളം തെറ്റിക്കുന്നു. ഓരോ മാസവും സമ്പാദ്യത്തിലേക്ക് മാറ്റിവെക്കേണ്ട തുകയാണ് ഇത്തരം അനാവശ്യ ഓഫറുകളുടെ പുറകെ പോയി നാം നഷ്ടപ്പെടുത്തുന്നത്.

ചെലവാക്കൽ ശീലങ്ങളിലെ മാറ്റം സൗജന്യങ്ങളും ഓഫറുകളും നമ്മുടെ ചെലവാക്കൽ ശീലത്തെ എങ്ങനെ മാറ്റുന്നു എന്നത് ഗൗരവമായി കാണേണ്ട ഒന്നാണ്. ക്രെഡിറ്റ് കാർഡുകൾ നൽകുന്ന റിവാർഡ് പോയിന്റുകളും കാഷ് ബാക്കുകളും ഇതിന് ഉദാഹരണമാണ്. കാഷ് ബാക്ക് കിട്ടാൻ വേണ്ടി മാത്രം യുപിഐ വഴി പണം ചിലവാക്കുന്ന രീതി പലരിലും കണ്ടുവരുന്നു. ഇത് പണത്തോടുള്ള നമ്മുടെ മനോഭാവത്തെ ലഘൂകരിക്കുന്നു. പണം നേരിട്ട് കൈമാറുമ്പോൾ അനുഭവപ്പെടുന്ന ആ ഒരു 'വേദന' ഡിജിറ്റൽ ഇടപാടുകളിലും ഓഫറുകളിലും നമുക്ക് അനുഭവപ്പെടാറില്ല. ഫലമോ, മാസാവസാനം വരുമാനത്തേക്കാൾ കൂടുതൽ ചെലവ് വരികയും നാം കടക്കെണിയിലേക്ക് നീങ്ങുകയും ചെയ്യുന്നു.

ഇവ സാധാരണ പരസ്യങ്ങൾ അല്ല. ഇവ മനുഷ്യരുടെ സൈക്കോളജി പഠിച്ചുള്ള ''സ്‌പെൻഡിംഗ് ട്രാപ്‌സ്'' ആണ്. പ്രത്യേകിച്ച് സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇന്ന് വലിയൊരു ഡിജിറ്റൽ മാർക്കറ്റിംഗ് ലോകം പ്രവർത്തിക്കുന്നത്. കാരണം സ്ത്രീകൾ വീട്ടിലെ വാങ്ങൽ തീരുമാനങ്ങളിൽ വലിയ പങ്ക് വഹിക്കുന്നു.

''നിങ്ങൾ ഡിസർവ് ചെയ്യുന്നു...'

'സെൽഫ് കെയർ ഈസ് ഇംപോർട്ടന്റ്...'

'ട്രീറ്റ് യുവർസെൽഫ്...'

'ഡോണ്ട് മിസ് ദിസ് ഓഫർ...'

ഇങ്ങനെ വികാരങ്ങളോട് ബന്ധിപ്പിക്കുന്ന പരസ്യഭാഷയാണ് ഇപ്പോൾ കൂടുതലും. ഇതിൽ തെറ്റൊന്നുമില്ല. പക്ഷേ പ്രശ്‌നം, നമ്മൾ ആവശ്യമുള്ളതോന്നുമായിരിക്കില്ല പിന്നെ വാങ്ങുന്നത് എന്നതാണ്. ...

നമ്മളെക്കൊണ്ട് ഇവർ അവർക്ക് ആവശ്യമുള്ളത് വാങ്ങിപ്പിക്കുകയാണ്. മിക്ക ഫ്രീ ഓഫറുകളും നമ്മളെ പണം ലാഭിക്കാൻ സഹായിക്കില്ല. പലപ്പോഴും അത് നമ്മളെ കൂടുതൽ ചെലവിലേക്കാണ് നയിക്കുന്നത്. ''ഫ്‌ളാറ്റ് ഫിഫ്റ്റി പെർസെന്റ് ഓഫ്'' എന്ന് കണ്ടാൽ നമ്മൾ രണ്ടായിരം രൂപ ലാഭിച്ചതായി കരുതും. പക്ഷേ യഥാർത്ഥത്തിൽ രണ്ടായിരം രൂപ ചെലവാക്കി എന്നതാണ് സത്യം.

ഒരു സൂപ്പർമാർക്കറ്റിലേക്ക് പാൽ വാങ്ങാൻ പോയിട്ട് സ്‌നാക്‌സ്, ചോക്ലേറ്റ്‌സ്, ബ്യൂട്ടി പ്രോഡക്റ്റ്‌സ്, സ്റ്റോറേജ് ബോക്‌സുകൾ എന്നിവയുമായി മടങ്ങിയ അനുഭവം പലർക്കും ഉണ്ടാകും.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? കാരണം ഓഫറുകളുടെ യഥാർത്ഥ ലക്ഷ്യം നമ്മുടെ ആവശ്യങ്ങൾ നിറവേറ്റൽ അല്ല. നമ്മുടെ ഇംപൾസ് ട്രിഗർ ചെയ്യലാണ്.

ഇന്ന് ഇഎംഐ, പേ ലേറ്റർ, വൺ ക്ലിക്ക് പർച്ചേസ് പോലുള്ള സംവിധാനങ്ങൾ ചെലവിടൽ വളരെ എളുപ്പമാക്കി. പണം കൈയിൽ നിന്ന് പോകുന്നത് ''കാണാനാകാത്ത'' അവസ്ഥ. മുമ്പ് പേഴ്‌സ് തുറന്ന് കാഷ് എടുത്തു കൊടുക്കുമ്പോൾ പണം കയ്യിൽ നിന്ന് പോകുന്ന ഒരു ഫീൽ ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ഫിംഗർപ്രിന്റ് മതി.

ഇതിന്റെ ഏറ്റവും വലിയ ബാധ്യത പല മിഡിൽ ക്ലാസ് കുടുംബങ്ങളിലും സ്ത്രീകൾക്കാണ് അനുഭവപ്പെടുന്നത്. കാരണം കുടുംബ ബജറ്റ് കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം പലപ്പോഴും അവരുടെതായിരിക്കും. അതുകൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ആദ്യം പഠിക്കേണ്ട കഴിവ് ''എർണിംഗ്'' അല്ല... 'കോൺഷ്യസ് സ്‌പെൻഡിംഗ്'' ആണ്.

'സൗജന്യം' എന്ന വാക്കിന് പിന്നിലെ ചതിക്കുഴികൾ തിരിച്ചറിയുകയാണ് ആദ്യപടി. ഏതെങ്കിലും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴോ, ഒരു ഓഫർ കണ്ട് സാധനങ്ങൾ വാങ്ങുമ്പോഴോ സ്വയം മൂന്ന് ചോദ്യങ്ങൾ ചോദിക്കുക:

1. എനിക്ക് ഇത് ഇപ്പോൾ അത്യന്താപേക്ഷിതമാണോ?

2. ഇത് സൗജന്യമാണെന്ന് പറയുന്നതിന് പിന്നിൽ കമ്പനിക്ക് എന്ത് ലാഭമാണുള്ളത്?

3. ഇത് വാങ്ങുന്നതിലൂടെ എന്റെ മാസ ബജറ്റിൽ മാറ്റം വരുമോ?

ഓർക്കുക, നിങ്ങളുടെ അധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന പണം എവിടെ, എങ്ങനെ ചിലവാകുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് പൂർണ്ണമായ ബോധ്യം ഉണ്ടായിരിക്കണം. പരസ്യങ്ങളും ഓഫറുകളും നിങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ അനുവദിക്കരുത്. യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യം എന്നത് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങുന്നതല്ല, മറിച്ച് അനാവശ്യമായ ചിലവുകളിൽ നിന്ന് വിട്ടുനിന്ന് സമ്പാദ്യം വളർത്തുന്നതാണ്.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi