രുചിയുടെ പൂരമായി കണ്ണൂര്‍ സോണല്‍ മത്സരം

വായില്‍ കപ്പലോടിക്കുന്ന ബീഫ് നിറച്ച ഇടിയപ്പവും കോഴി ചീരയും മധുരിപ്പിച്ചു സന്തോഷിപ്പിക്കുന്ന കറുത്ത അരി ഹല്‍വയും കടല മണ്ടയും ഒപ്പം അസ്സല്‍ തലശ്ശേരി പലഹാരങ്ങളും ചേര്‍ന്നപ്പോള്‍ ഗൃഹലക്ഷ്മി ഹോം ഷെഫ് നാലാം സീസണ്‍ കണ്ണൂര്‍ സോണല്‍ മത്സരം രുചിയുടെ പൂരമായി. വ്യത്യസ്തമായ വിഭവങ്ങളാല്‍ മത്സരാര്‍ഥികള്‍ രുചിയുടെ കുടമാറ്റം തീര്‍ത്തപ്പോള്‍ വിധികര്‍ത്താക്കളും കുഴങ്ങി.
കേരളത്തിന്റെ തനിനാടന്‍ രുചികളുടെ പ്രദര്‍ശനമായി മത്സരം മാറിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ബ്രോഡ് ബീന്‍ ഹോട്ടല്‍ എക്സിക്യൂട്ടീവ് ഷെഫ് സുകേഷ് എം., കണ്‍സള്‍ട്ടന്റ് ഷെഫ് സയ്യിദ് എം. മുഹ്സിന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കെ. ഹസീബ് (മാനേജര്‍, എല്‍.പി.ജി. സെയില്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കണ്ണൂര്‍), ഭരത് റാം (ഡയറക്ടര്‍, ഹൈനെസ്സ് പ്രൊഡക്ട്‌സ്) എന്നിവര്‍ അതിഥികളായി.
ആറ് സോണുകളിലായി നടന്ന ഗൃഹലക്ഷ്മി ഹോം ഷെഫ് നാലാം സീസണിന്റെ അവസാന സോണല്‍ മത്സരമായിരുന്നു കണ്ണൂര്‍ ബ്രോഡ് ബീന്‍ ഹോട്ടലില്‍ നടന്നത്. സോണല്‍ മത്സരങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 15 പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കുക. സോണലില്‍ വിജയിച്ച വിഭവം ഫൈനലില്‍ തത്സമയം പാചകം ചെയ്യണം. പാചകരംഗത്തെ പ്രമുഖരും സെലിബ്രിറ്റികളും ചേര്‍ന്ന് ഫിനാലെയിലെ വിജയികളെ കണ്ടെത്തും. 50000 രൂപയാണ് ഒന്നാംസമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 30000 രൂപയും 20000 രൂപയുമാണ് സമ്മാനത്തുക. ഇതോടൊപ്പം 15 ഫൈനലിസ്റ്റുകളുടെയും ഫോട്ടോയും വിഭവങ്ങളുടെ പാചകകുറിപ്പുകളും ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കും.
വിഡിയം ആണ് ഹോം ഷെഫ് നാലാം സീസണിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഇന്ത്യന്‍ ഓയില്‍ പ്രെസന്റിങ് സ്‌പോണ്‍സറും ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ടണറും ഹൈനസ് വെല്‍നസ് പാര്‍ടണറുമാണ്. ബ്രോഡ് ബീന്‍ ഹോട്ടലായിരുന്നു കണ്ണൂര്‍ സോണിലെ വെന്യൂ പാര്‍ട്ണര്‍.
Content Highlights: grihalakshmi home chef season 4 zonal competition