മാങ്ങാ സാമ്പാര്‍, കുമ്പളങ്ങയും തേങ്ങാപ്പൊങ്ങും ചേര്‍ത്ത ഹല്‍വ...

രുചിയുടെ കാര്യത്തിലും വിഭവങ്ങള്‍ ഒരുക്കിയതിലും വ്യത്യസ്തത പുലര്‍ത്തി ഗൃഹലക്ഷ്മി ഹോം ഷെഫ് തൃശ്ശൂര്‍ സോണല്‍ മത്സരം. തനിനാടന്‍ ചേരുവകളിലുള്ള കറികളും മധുരവിഭവങ്ങളും ഒന്നിനൊന്ന് രുചികരമായിരുന്നുവെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. കുമ്പളങ്ങളയും തേങ്ങാപ്പൊങ്ങും ചേര്‍ത്ത ഹല്‍വ, നാടന്‍ചിക്കനും ചേനയും ഉലര്‍ത്തിയത്, ഇഞ്ചി പായസം, വാഴയില പ്രഥമന്‍, ചെമ്മീന്‍ പിടി തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ആളുകളുടെ നാവില്‍ രുചിമേളം തീര്‍ത്തു. അതിനൊപ്പം മാങ്ങാ സാമ്പാര്‍, അവിയല്‍, കൂണ്‍ കുരുമുളക് റോസ്റ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന തനിനാടന്‍ രുചികളും മേശമേല്‍ അണിനിരന്നു. റെസ്റ്റോറന്റ് ഷെഫ് പിള്ള ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഷെഫ് കെ.വി.ജയരാജ്, തൃശ്ശൂര്‍ വൈറ്റ് പാലസ് ഹോട്ടല്‍ എക്സിക്യുട്ടീവ് ഷെഫ് കെ.പി.അജിത് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ആറ് സോണുകളിലായി നടക്കുന്ന 'ഗൃഹലക്ഷ്മി ഹോം ഷെഫ്' നാലാം സീസണിന്റെ മൂന്നാം സോണല്‍ മത്സരമായിരുന്നു തൃശ്ശൂര്‍ വൈറ്റ് പാലസ് ഹോട്ടലില്‍ നടന്നത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി വരുംദിവസങ്ങളില്‍ സോണല്‍ മത്സരങ്ങള്‍ തുടരും.
സോണല്‍ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കും. സോണലില്‍ വിജയം നേടിത്തന്ന വിഭവം ഫൈനലില്‍ തത്സമയം പാചകം ചെയ്യണം. പാചകരംഗത്തെ പ്രമുഖരും സെലിബ്രിറ്റികളും ചേര്‍ന്ന് ഫിനാലെയിലെ വിജയികളെ കണ്ടെത്തും.
50000 രൂപയാണ് ഒന്നാംസമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 30000 രൂപയും 20000 രൂപയുമാണ് സമ്മാനത്തുക. ഇതോടൊപ്പം 15 ഫൈനലിസ്റ്റുകളുടെയും ഫോട്ടോയും വിഭവങ്ങളുടെ പാചകകുറിപ്പും ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കും. വിഡിയം ആണ് ഹോം ഷെഫ് നാലാം സീസണിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഇന്ത്യന്‍ ഓയില്‍ പ്രെസന്റിങ് സ്‌പോണ്‍സറും ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ട്ണറും ഹൈനസ് വെല്‍നസ് പാര്‍ട്ണറുമാണ്. വൈറ്റ് പാലസ് ഹോട്ടലാണ് തൃശ്ശൂരിലെ വെന്യൂ പാര്‍ട്ണര്‍.
ഫോട്ടോ ക്യാപ്ഷന്‍: ഗൃഹലക്ഷ്മി ഹോം ഷെഫ് തൃശ്ശൂര്‍ സോണല്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ ഭരത് റാം (ഡയറക്ടര്‍, ഹൈനെസ് പ്രോഡക്ട്സ്), ഷെഫ് കെ.വി.ജയരാജ് (ആര്‍.സി.പി ഗ്രൂപ്പ്), ഷെഫ് കെ.പി.അജിത് (വൈറ്റ് പാലസ് ഹോട്ടല്‍ തൃശ്ശൂര്‍), സോന മോഹനന്‍ (ഡയറക്ടര്‍, വൈറ്റ് പാലസ് ഹോട്ടല്‍, തൃശ്ശൂര്‍) എന്നിവര്‍ക്കൊപ്പം
Content Highlights: grihalakshmi home chef season 4