'മാംസാഹാരം കഴിക്കുന്ന വീട്ടിലാണ് ജനിച്ചത്, എന്നാൽ ഇപ്പോൾ പൂർണ്ണമായും വെജിറ്റേറിയനാണ്’

ജെനീലിയ ഡിസൂസ
ജെനീലിയ ഡിസൂസ

ബോളിവുഡിലും കോളിവുഡിലുമെല്ലാം അഭിനയിച്ച് ഏറെ ആരാധകരെ നേടിയ താരമാണ് ജെനീലിയ ഡിസൂസ. മൃഗങ്ങളോടുള്ള സ്‌നേഹവും പരിസ്ഥിതി സൗഹൃദമായ ജീവിതശൈലി സ്വീകരിക്കാനുള്ള താല്പര്യവും കാരണം 2020-ലാണ് നടി വെജിറ്റേറിയനായത്. സോഹ അലി ഖാനുമായി അടുത്തിടെ നടത്തിയ പോഡ്കാസ്റ്റിലാണ് തന്റെ ഭക്ഷണരീതികളെ സ്വാധീനിച്ച ഘടകങ്ങളെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. 

2017-ലാണ് ജെനീലിയ മാംസാഹാരം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. 'ഞാൻ മാംസാഹാരം കഴിക്കുന്ന കുടുംബത്തിലാണ് ജനിച്ചത്. അതിനാൽ വെജിറ്റേറിയൻ ഭക്ഷണത്തെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. പനീറും ഉരുളക്കിഴങ്ങും പയർ വർഗ്ഗങ്ങളും മാത്രമാണ് വെജിറ്റേറിയൻ ഭക്ഷണമെന്നായിരുന്നു എന്റെ വിചാരം,' ജെനീലിയ പറഞ്ഞു.

ആദ്യം ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് വെജിറ്റേറിയൻ ആയതെങ്കിലും, പിന്നീട് അത് മൃഗങ്ങളോടുള്ള സ്‌നേഹത്തിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും തന്നെ നയിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഇറച്ചി കഴിക്കുന്നത് നിർത്തിയപ്പോൾ ശരീരത്തിന് കൂടുതൽ ഉന്മേഷം തോന്നിയതായും അവർ പറഞ്ഞു.

2020-ലെ കോവിഡ് കാലത്താണ് ജെനീലിയയും ഭർത്താവ് റിതേഷ് ദേശ്മുഖും പൂർണ്ണമായും സസ്യാഹാരത്തിലേക്ക് മാറിയത്. റിതേഷ് 2016-ൽ തന്നെ മാംസാഹാരം ഉപേക്ഷിച്ചിരുന്നു.

ലോക്ക്ഡൗൺ സമയത്ത് പാൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മൃഗജന്യ ഉൽപ്പന്നങ്ങളും ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചു. പാൽ, വെണ്ണ തുടങ്ങിയവ ഒഴിവാക്കിയപ്പോൾ ശരീരത്തിന് കൂടുതൽ സുഖം തോന്നിയതായും ജെനീലിയ പറഞ്ഞു.

മാതൃത്വവും മൃഗങ്ങളോടുള്ള അനുകമ്പയും തന്റെ ഭക്ഷണരീതികളെ കൂടുതൽ രൂപപ്പെടുത്തിയെടുത്തുവെന്നും നടി പറഞ്ഞു. 'ഞാൻ മൃഗങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ്, പക്ഷേ മാംസാഹാരവും ഞാൻ ആസ്വദിച്ചിരുന്നു. സസ്യാഹാരിയായി മാറുന്നതിനിടയിൽ, ഇത് അനേകം കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇപ്പോഴും ഞാൻ പെർഫക്ട് ആയ ആളല്ല. പക്ഷേ ഞാൻ എല്ലാ ദിവസവും പഠിക്കാൻ ശ്രമിക്കുന്നു.' ഈ മാറ്റം കൂടുതൽ അവബോധത്തോടെ ജീവിതം നയിക്കാൻ സഹായിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Genelia D`Souza shares her journey to vegetarianism and veganism, citing animal love, environmental concerns, and health benefits. Discover her experience.