മൂഡ് ശരിയാവുന്നില്ല, അതിനാൽ യാത്ര പോകുന്നു; ജെൻ സി ഇന്റേണിന്റെ കാഷ്വൽ ലീവ് ലെറ്റർ

ജെൻസികൾ പല രീതിയിലും ചർച്ചയാവാറുണ്ട്. പലപ്പോഴും അവരുടെ പെരുമാറ്റ രീതികളൊക്കെത്തന്നെയാണ് ചർച്ചയുടെ കാതൽ. ഇതിന്റെ തുടർച്ചയായി ഒരു എഐ സ്റ്റാർട്ടപ്പിലെ ജെൻസി ഇന്റേൺ അയച്ച ഇമെയിൽ ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തങ്ങളുടെ സ്ഥാപനത്തിലെ ഒരു ജെൻസി ഇന്റേൺ അയച്ച അസാധാരണമാംവിധം കാഷ്വൽ ആയ ഒരു ലീവ് ഇമെയിലാണ് എഐ സ്റ്റാർട്ടപ്പിലെ ജീവനക്കാരൻ പങ്കുവെച്ചത്. റെഡ്ഡിറ്റിൽ പോസ്റ്റ് വളരെപ്പെട്ടെന്ന് വൈറലായി. ‘കോർപ്പറേറ്റ് ലോകം ജെൻസിക്ക് വേണ്ടി തയ്യാറായിട്ടില്ല!’ എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത ഈ കുറിപ്പിൽ ഇന്റേണിന്റെ ലീവ് സന്ദേശത്തിന്റെ ഒരു സ്‌ക്രീൻഷോട്ടും ഉൾപ്പെടുത്തിയിരുന്നു.
യാത്ര പോകുന്നു എന്ന് തലക്കെട്ട് നൽകിയ ഇന്റേണിന്റെ ഇമെയിലിൽ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്, 'ഹായ്, ജോലിയുടെ ഭാരം കൊണ്ട് അല്പം തളർന്നിരിക്കുന്നു. എന്റെ ഊർജ്ജം കുറഞ്ഞതായി തോന്നുന്നു. അതുകൊണ്ട് ഇപ്പോൾ ഒരു മൂഡ് കിട്ടുന്നില്ല. ഞാൻ ജൂലൈ 28 മുതൽ 30 വരെ അവധിയിലായിരിക്കും (ദയവായി എന്നെ മിസ് ചെയ്യരുത്)’. ഇത്രമാത്രമല്ല ട്രെയിനിന്റെ പിഎൻആർ നമ്പറും ബുക്കിങ് സ്ലിപ്പും കൂടി ഇന്റേൺ മെയിലിനോടൊപ്പം ചേർത്തിരുന്നു. ഔദ്യോഗിക ആശയവിനിമയത്തേക്കാൾ ഒരു സൗഹൃദ സന്ദേശം പോലെ തോന്നിക്കുന്ന ലീവ് അപേക്ഷയെക്കുറിച്ച് ഭിന്നപ്രതികരണങ്ങളാണ് സമൂഹമാധ്യമത്തിൽ വന്നുകൊണ്ടിരിക്കുന്നത്.
‘താൻ മൂന്ന് ജെൻസി ഇന്റേണുകളുടെ സൂപ്പർവൈസറാണ്, അവരുടെ ഈ തുറന്ന സംസാരരീതിയിൽ താൻ അത്ഭുതപ്പെട്ടുപോയെന്നും 20 വർഷത്തെ കരിയറിൽ ഇങ്ങനെ ഒരു മെയിൽ ഞാൻ കണ്ടിട്ടില്ലെന്നും’ ജീവനക്കാരൻ കുറിച്ചു. ഈ ഞെട്ടലിനിടയിലും, ആ ഇന്റേണിന്റെ സത്യസന്ധതയെ താൻ ബഹുമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഈ പോസ്റ്റ് കമന്റുകളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ചിലർ ഇമെയിലിന്റെ ധൈര്യത്തെ പ്രശംസിച്ചപ്പോൾ, മറ്റുചിലർക്ക് അത് പ്രൊഫഷണലിസമില്ലാത്തതായി തോന്നി. 'സാമ്പത്തിക സുരക്ഷിതത്വത്തിൽ വളർന്നതുകൊണ്ടാണ് ജെൻസിക്ക് ഇങ്ങനെയൊരു ഇമെയിൽ അയക്കാൻ കഴിയുന്നത്. ഞങ്ങൾ മില്ലേനിയലുകൾ അനുഭവിച്ചപോലെയുള്ള ബുദ്ധിമുട്ടുകൾ അവർ കണ്ടിട്ടില്ല. ഇന്ത്യയിലെ കോർപ്പറേറ്റ് സംസ്‌കാരവുമായി അവരുടെ മാതാപിതാക്കൾ പൊരുത്തപ്പെടുന്നത് അവർ കണ്ടിട്ടുണ്ട്.' ഒരു ഉപയോക്താവ് എഴുതി. 'സത്യം പറഞ്ഞാൽ ഇത് ഗംഭീരമാണ്. നമ്മളെല്ലാവരും ജെൻസിയിൽ നിന്ന് പഠിക്കണം, പ്രത്യേകിച്ച് എന്റെ ഭർത്താവ്, അദ്ദേഹം രണ്ട് മാസമായി ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല.' മറ്റൊരാൾ തമാശയോടെ കുറിച്ചു. ഇത് മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വാദിച്ച് ചിലർ ഇന്റേണിന്റെ കാഷ്വൽ ശൈലിയെ പിന്തുണച്ചു. ഇങ്ങനെയല്ല മുതിർന്ന ഉദ്യോഗസ്ഥർക്കോ സഹപ്രവർത്തകർക്കോ ഇമെയിൽ അയക്കേണ്ടതെന്ന് വാദിച്ചവരും കൂട്ടത്തിലുണ്ട്.
ഇമെയിലിന്റെ സംസാരരീതിയെക്കുറിച്ച് ഇന്റർനെറ്റിൽ ഏകാഭിപ്രായമില്ലെങ്കിലും, പലരും ഈ സംഭവത്തെ മാറുന്ന തൊഴിലിടങ്ങളിലെ മുൻഗണനകളുടെ ഒരു സൂചനയായാണ് കാണുന്നത്. ഇവിടെ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളും അനൗപചാരികമായ സംസാരരീതികളും, പ്രൊഫഷണലിസത്തെക്കുറിച്ചുള്ള മാറാത്ത പ്രതീക്ഷകൾക്കൊപ്പം ഒരുമിച്ച് നിലനിൽക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: a gen z intern`s unusually casual leave email goes viral, sparking debate about professionalism and changing workplace dynamics.