വീട് വേണ്ട, ജോലി വേണ്ട, പക്ഷേ പണം? ജെൻ സി യുടെ സാമ്പത്തികതന്ത്രങ്ങൾ ഇങ്ങനെയാണ്

സ്ഥിരം ജോലി വേണ്ടെന്നും ഒന്നിലും ഒരു സ്ഥിരത വേണ്ടെന്നും പറയുന്ന തലമുറ, സാമ്പത്തിക സുരക്ഷയെക്കുറിച്ച് എങ്കിലും ചിന്തിക്കുന്നുണ്ടോ? വീടും സ്വത്തും സ്വപ്നങ്ങളിലില്ലാത്ത യുവതലമുറയും അവരേക്കുറിച്ച് ആലോചിച്ച് ആധി പിടിക്കുന്ന രക്ഷിതാക്കളെയും കൊണ്ടു നിറഞ്ഞ നാടായിരിക്കുന്നു കേരളം. ''ഞാൻ ഒരു സ്ഥലത്ത് സ്ഥിരമായി ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. വീട് വാങ്ങാനും താൽപര്യമില്ല. പണം സമ്പാദിച്ചു വെക്കുന്നതും എനിക്കിഷ്ടമല്ല.'' ഇന്നത്തെ യുവതലമുറയിൽ നിന്ന് രക്ഷിതാക്കൾ പതിവായി കേൾക്കുന്ന വാചകങ്ങളാണിവ.
ജോലി മാറുന്നു, നഗരം മാറുന്നു, രാജ്യം പോലും മാറുന്നു. ഒരു കാലത്ത് 'സ്ഥിരത' എന്ന വാക്ക് സുരക്ഷയുടെ പ്രതീകമായിരുന്നെങ്കിൽ, ഇന്നത്തെ തലമുറയ്ക്ക് അത് ഒരു ബാധ്യതയാണ്. സ്വാതന്ത്ര്യം, സൗകര്യങ്ങൾ, അനുഭവങ്ങൾ - ഇതാണ് അവരുടെ ജീവിതത്തിന്റെ മൂലധനം. ഇത്തരം കാഴ്ചപ്പാടുകൾ സ്വാഭാവികമായി അവരുടെ സമ്പാദ്യ ശീലങ്ങളെയും സാമ്പത്തിക തീരുമാനങ്ങളെയും മാറ്റിമറിച്ചിരിക്കുകയാണ്.
Gen Z എന്നു വിളിക്കപ്പെടുന്ന ഈ തലമുറ ഒരു സ്ഥാപനത്തിൽ 30 വർഷം ജോലി ചെയ്ത് പിന്നെ പെൻഷനും വാങ്ങി ജീവിക്കുന്ന കിനാ ശേരി ഒന്നും സ്വപ്നം കാണുന്നില്ല. അവർ ഫ്രീലാൻസർമാരാണ്, ഗിഗ് വർക്കർമാരാണ്, റിമോട്ട് ജോലിയിലൂടെയും കണ്ടന്റ് ക്രിയേഷനിലൂടെയും വരുമാനം കണ്ടെത്തുന്നവരാണ്. ജീവിതം ഒരു സ്ഥലത്ത് കെട്ടിയിടേണ്ടതില്ല എന്നാണ് അവരുടെ വിശ്വാസം.
അതുകൊണ്ടുതന്നെ:
സ്വന്തം വീട് അവർക്കൊരു ആവശ്യമല്ല
വലിയ സ്വത്തുക്കൾ അവർക്ക് ഭാരമാണ്
''ഇപ്പോൾ ജീവിതം ആസ്വദിക്കാം, ഭാവി പിന്നെ നോക്കാം'' എന്നാണ് അവരുടെ ഒരിത്
ഇത് പൂർണമായും തെറ്റാണെന്ന് പറയാൻ കഴിയില്ല. പക്ഷേ, ഇവിടെ ഒരു വലിയ അപകടം ഒളിഞ്ഞിരിക്കുന്നു എന്നതും ചൂണ്ടിക്കാട്ടാതിരിക്കാൻ ആകില്ല.
ജെൻ സി പണം സൂക്ഷിക്കാറില്ലെന്ന് പറയുന്നത് ശരിയല്ല. അവർ സൂക്ഷിക്കുന്നത് പാരമ്പര്യ രീതിയിൽ അല്ല എന്നതാണ് സത്യം. ബാങ്ക് അക്കൗണ്ടിൽ പണം കിടക്കുന്നത് അവർക്ക് ഇഷ്ടമല്ല. പക്ഷേ, അതേസമയം
അടിയന്തര സാഹചര്യങ്ങൾക്ക് പ്രത്യേക ഫണ്ട് ഉണ്ടോ?
സ്ഥിരവരുമാനം ഇല്ലാത്ത സാഹചര്യത്തിൽ എത്ര മാസത്തെ ചെലവിന് പണം കൈവശമുണ്ട്?
ആരോഗ്യ ഇൻഷുറൻസ് പോലുള്ള അടിസ്ഥാന സുരക്ഷകളുണ്ടോ?
ഈ ചോദ്യങ്ങൾക്ക് പലപ്പോഴും ഉത്തരം ഇല്ല എന്നു തന്നെയാണ്.
ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം തുടർന്നും വർധിക്കുമെന്ന് ഉള്ള അമിതമായ ആത്മവിശ്വാസം ഇവരെ പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നു. ''ഇപ്പോൾ ഇല്ലെങ്കിലും പിന്നെ ഉണ്ടാക്കാം'' എന്ന ചിന്തയാണ് അവർക്ക്. പക്ഷേ യാഥാർത്ഥ്യത്തെ നേരിടുമ്പോൾ സ്ഥിതി മറ്റൊന്നാണ്.
സമ്പാദ്യം, നിക്ഷേപം തുടങ്ങിയർ സംബന്ധിച്ച പാരമ്പരാഗത ഉപദേശങ്ങൾ എന്തുകൊണ്ട് ആണ് ഇവർക്കു ചേരാത്തത്.
''വീട് വാങ്ങണം'', ''സ്വർണം വേണം'', ''ഫിക്‌സഡ് ഡിപ്പോസിറ്റ് വേണം'' - രക്ഷിതാക്കളുടെ ഈ ഉപദേശങ്ങൾ ജെൻ സി-യ്ക്ക് ഒരു പഴയ സിനിമയുടെ ഡയലോഗുകൾ പോലെ മാത്രമേ തോന്നുകയുള്ളൂ.
കാരണം:
അവരുടെ ജോലി സ്ഥിരമല്ല
ജീവിതം മൊബൈലാണ്
ലോൺ, ഇ എം ഐ, ബാധ്യതകൾ ഇവരെ ഭയപ്പെടുത്തുന്നു
പക്ഷേ, ഇവിടെ രക്ഷിതാക്കളും ഒരു കാര്യം മനസ്സിലാക്കണം. പാരമ്പരഗത സാമ്പത്തിക ഉപദേശങ്ങൾ അവർ തള്ളിക്കളയുന്നത് കൊണ്ട് അതിനെ ഉപേക്ഷിച്ച് കളയേണ്ട. അതിനെ പുതിയ ജീവിതരീതിയോട് പൊരുത്തപ്പെടുത്തുകയാണ് വേണ്ടത്.
ജെൻ സി എന്തെല്ലാം ശ്രദ്ധിക്കണം?
1. സ്വാതന്ത്ര്യം തേടുന്ന ജീവിതത്തിനും സാമ്പത്തിക അടിത്തറ ആവശ്യമാണ്.
2. എമർജൻസി ഫണ്ട് വേണം. സ്ഥിരവരുമാനം ഇല്ലെങ്കിൽ പോലും, കുറഞ്ഞത് 6 മാസത്തെ ചെലവിന് തുല്യമായ തുക എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ വേണം.
3. ഇൻഷുറൻസ്: ആരോഗ്യം നഷ്ടപ്പെട്ടാൽ സ്വാതന്ത്ര്യം നിമിഷങ്ങൾക്കകം ഇല്ലാതാകും. ആരോഗ്യ ഇൻഷുറൻസ്, അപകട ഇൻഷുറൻസ് - ഇവ ആർഭാടമല്ല, survival tools ആണ്.
4. സമ്പാദിച്ച് നിക്ഷേപിച്ച് ശീലിക്കണം. പണം വളരാൻ അതല്ലാതെ മാർഗമൊന്നുമില്ല.
രക്ഷിതാക്കൾ എന്താണ് ശ്രദ്ധിക്കേണ്ടത്?
1. ഈ തലമുറയെ പഴയ അളവുകോലുകൾ കൊണ്ട് അളക്കരുത്.
2. അവരുടെ ജീവിതരീതിയെ ആദ്യം മനസ്സിലാക്കുക.
3. ഉപദേശം നിയന്ത്രണമാകരുത്.
4. സാമ്പത്തികശീലങ്ങൾ പഠിപ്പിക്കുക, ഭയം കുത്തിവയ്ക്കരുത്.
5. എല്ലായ്‌പ്പോഴും 'ബെയിൽഔട്ട്' ചെയ്യുന്ന രക്ഷിതാക്കളാവരുത്.
6. കുട്ടികൾ സ്വതന്ത്രരാകണം, പക്ഷേ അതിന് സാമ്പത്തിക ഉത്തരവാദിത്വം പഠിക്കണം. അത് പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് വലിയ പങ്കുണ്ട്.
സ്വാതന്ത്ര്യത്തിനും ശീലത്തിനും ഇടയിൽ ഒരു കാര്യം വ്യക്തമാണ്. സ്ഥിരതയില്ലാത്ത ജീവിതത്തിനും ഫിനാൻഷ്യൽ പ്ലാനിംഗ് വേണം. വീട് വാങ്ങാത്തതും, ജോലി മാറുന്നതും പ്രശ്‌നമല്ല. പക്ഷേ, സാമ്പത്തിക അവബോധമില്ലായ്മ പ്രശ്‌നമാണ്. ജെൻ സി-യുടെ സ്വപ്നങ്ങൾ തകർക്കാതെ, അവരുടെ ജീവിതത്തെ കൂടുതൽ സുരക്ഷിതമാക്കുന്ന സംവാദമാണ് ഇന്ന് ആവശ്യമായത്. സ്വാതന്ത്ര്യം ഒരു ആഡംബരമല്ല. പക്ഷേ, അതിന് ഉറച്ച അടിത്തറ വേണം.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ: 9447667716,
e-mail: jayakumarkk8@gmail.com)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi