ഒരിക്കല്‍ സച്ചിന്റെ ഉറ്റതോഴന്‍; ഇന്ന് അസുഖങ്ങളുടെ നടുവിലാണ് വിനോദ് കാംബ്ലി

മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ചര്‍ച്ചയാകുന്നു. ഒറ്റയ്ക്ക് നടക്കാന്‍പോലും കഴിയാതെ നിസ്സഹായനായി നില്‍ക്കുന്ന കാംബ്ലിയെ കാണുമ്പോള്‍, ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിറഞ്ഞുകളിച്ച കാംബ്ലിയെയാണ് പലരും ഓര്‍ത്തത്. വീഡിയോ പുറത്തുവന്നതോടെ കാംബ്ലിയുടെ പഴയ സുഹൃത്തായ സച്ചിന്‍ ടെണ്ടുല്‍ക്കറെ ടാഗ് ചെയ്ത്, അദ്ദേഹത്തെ സഹായിക്കാന്‍ ആരാധകര്‍ ആവശ്യപ്പെടുകയാണ്.
നടക്കാനാവാതെ ഒരു ബൈക്കിനെ ചാരിനില്‍ക്കുന്ന കാംബ്ലിയെ ചിലര്‍ ചേര്‍ന്ന് നടത്തിക്കൊണ്ടുപോവുന്നത് വീഡിയോയില്‍ കാണാം. ഇതിനുപിന്നാലെ കാംബ്ലിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. എന്നാല്‍, ഇത് കാംബ്ലി തന്നെയാണോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
സ്‌കൂള്‍കാലം മുതലേയുള്ള കൂട്ടുകെട്ടാണ് സച്ചിന്റെയും കാംബ്ലിയുടെയും. അന്ന് സച്ചിന് പത്തും കാംബ്ലിക്ക് പന്ത്രണ്ടും വയസ്സാണ്. രണ്ടുപേരും മുംബൈ സ്വദേശികള്‍. രണ്ടുപേരും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹം കൊണ്ട് പരിശീലകന്‍ രമാകാന്ത് അച്‌രേക്കറിനടുത്ത് എത്തുകയും ചെയ്തു. സ്‌കൂള്‍കാലത്ത് സച്ചിന്‍-കാംബ്ലി കൂട്ടുകെട്ട് നേടിയ 664 റണ്‍സ് കുറേക്കാലം റെക്കോഡായി നിലനിന്നു. അന്ന് 349 റണ്‍സെടുത്ത് കാംബ്ലി പുറത്താവാതെ നിന്നു. പിന്നീട് സച്ചിന്‍ 1989-ല്‍ ദേശീയടീമിലെത്തി, കാംബ്ലി 1991-ലും.
നേരത്തെ ദേശീയടീമിലെത്തിയ സച്ചിനെക്കാളും ഒരുകാലത്ത് തിളങ്ങിയത് കാംബ്ലിയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കി. ടെസ്റ്റില്‍ കഴിവ് തെളിയിച്ചിട്ടും പലപ്പോഴും ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതായി. അതിനൊപ്പം ആദ്യത്തെ ഫോം പിന്നീട് തുടരാന്‍ കഴിഞ്ഞില്ലെന്നതും വിടാതെ പിന്തുടരുന്ന പരിക്കും കാംബ്ലിയെ വലച്ചു. ഒടുവില്‍ അദ്ദേഹം ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയും ചെയ്തു.
2009-ല്‍ സച്ച് കാ സാമ്‌ന എന്ന ടെലിവിഷന്‍ പരിപാടിയില്‍വെച്ച് സച്ചിനെതിരെ സംസാരിച്ചതോടെയാണ് കാംബ്ലി വീണ്ടും വാര്‍ത്തയിലിടം പിടിക്കുന്നത്. ആവശ്യമുള്ള സമയത്ത് അടുത്തസുഹൃത്തായിട്ടും സച്ചിന്‍ തന്നെ സഹായിച്ചില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കാംബ്ലി പറഞ്ഞു. 2011-ല്‍ വീണ്ടും ഒരു തുറന്നുപറച്ചില്‍ നടത്തി. 2006-ല്‍ ഏഷ്യ കപ്പ് സെമി ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. അതിന് കോഴ വാങ്ങിയെന്ന് തനിക്ക് സംശയമുണ്ടെന്നായിരുന്നു കാംബ്ലി പറഞ്ഞത്.
പിന്നീട് കേട്ടതുമുഴുവന്‍ അസുഖങ്ങളും വിഷാദവും തളര്‍ത്തിയ കാംബ്ലിയെക്കുറിച്ചായിരുന്നു. 2013-ല്‍ മുംബൈയിലൂടെ വണ്ടി ഓടിക്കുമ്പോള്‍ ഹൃദയാഘാതം വന്നു. ആസ്പത്രിയിലെത്തിച്ചപ്പോഴാണ് ബ്ലോക്കുള്ള കാര്യമറിയുന്നത്. അങ്ങനെ കുറച്ചുനാള്‍ ആസ്പത്രിയിലായിരുന്നു. കോവിഡിനുശേഷം ഒരുനാള്‍ തനിക്ക് എന്തെങ്കിലും ജോലി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായാണ് കാംബ്ലി പ്രത്യക്ഷപ്പെട്ടത്. ''ഇന്ന് ആകെയുള്ള വരുമാനം വിരമിച്ച ക്രിക്കറ്റര്‍മാര്‍ക്ക് ബി.സി.സി.ഐ തരുന്ന 30,000 രൂപയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോവണമെങ്കില്‍ എന്തെങ്കിലും ജോലി വേണം''. അന്ന് കാംബ്ലി പറഞ്ഞു.
Content Highlights: former cricketer vinod kambli's video