ആഗോളസമ്പത്ത് ശതകോടീശ്വരരിലേക്ക് ഒതുങ്ങുന്നുവോ? ബില്യണയര്‍മാരുടെ എണ്ണം റെക്കോഡില്‍

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

ആഗോള ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് ഇത്തവണ ഫോബ്‌സ് മാഗസിന്‍ രേഖപ്പെടുത്തിയത്. മാസിക തയ്യാറാക്കിയ ഈ വര്‍ഷത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 2781 പേര്‍ ഇടംപിടിച്ചു. 2023-ലേതിനേക്കാള്‍ 141 പേര്‍ അധികം. പുതുതായി വന്നവരില്‍ പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് അടക്കമുള്ളവര്‍ ഉള്‍പ്പെടും. ശതകോടി യു.എസ്. ഡോളര്‍ സമ്പത്തുള്ളവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് സി.ഇ.ഒ. രേണുക ജഗതിയാനി അടക്കം 25 ഇന്ത്യന്‍ ബില്യണയര്‍മാര്‍ പട്ടികയില്‍ പുതുതായി ഇടംപിടിച്ചു. 

ശതകോടീശ്വരന്മാര്‍ തങ്ങളുടെ സമ്പത്ത് വലിയ അളവില്‍ ഉയര്‍ത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രധാനവസ്തുത. ഇവരുടെ സംയോജിയ ആസ്തി 14.2 ട്രില്യണ്‍ ഡോളറാണ്. 2023-നേക്കാള്‍ 2 ട്രില്യണ്‍ ഡോളര്‍ അധികം വരുമിത്. യുഎസും ചൈനയും ഒഴികെയുള്ള ലോകരാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാള്‍ അധികവും. കഴിഞ്ഞ പതിറ്റാണ്ടില്‍ ബില്യണയര്‍മാരുടെ സമ്പത്ത് 120 ശതമാനമാണ് വര്‍ധിച്ചത്. 

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ പണപ്പെരുപ്പം, ജീവിതച്ചെലവ് പ്രതിസന്ധി, ജീവിതനിലവാരം കുറയല്‍ എന്നീ അവസ്ഥകളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് സമ്പന്നര്‍ ഒന്നുകൂടി സമ്പന്നരായിരിക്കുന്നത്. 'ധനികരായ ആളുകള്‍ക്ക് ഇത് ഒരു അത്ഭുതകരമായ വര്‍ഷമാണെന്ന് ഫോബ്‌സിന്റെ വെല്‍ത്ത് എഡിറ്റര്‍ ചേസ് പീറ്റേഴ്‌സണ്‍ വിത്തോണ്‍ പറഞ്ഞു. '14 ശതകോടീശ്വരന്മാര്‍ക്ക് 12 അക്ക സമ്പത്തുണ്ട്. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ സമയത്തും, അതിസമ്പന്നര്‍ അഭിവൃദ്ധി പ്രാപിക്കുകയാണെ'ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

ലോകത്തെ ഒരുകൂട്ടം ആളുകള്‍ മാത്രം സമ്പന്നരാകുന്നത് ബാക്കിയുള്ളവരെ ചൂഷണം ചെയ്തും കുത്തകാവകാശം നേടിയുമാണെന്ന് ഗ്ലോബല്‍ ജസ്റ്റിസ് നൗ കാമ്പയിന്‍ ഗ്രൂപ്പിന്റെ വക്താവ് ഡെയ്‌സി പിയര്‍സണ്‍ പറഞ്ഞു. 

ഫ്രഞ്ച് വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ഫോബ്‌സ് പട്ടികയില്‍ ഇത്തവണ ഒന്നാംസ്ഥാനത്ത്. 23,300 കോടി ഡോളറാണ് ആസ്തി. ഇലോണ്‍ മസ്‌ക് (19,500 കോടി), ജെഫ് ബെസോസ് (19400 കോടി ഡോളര്‍) എന്നിവരാണ് അടുത്ത സ്ഥാനക്കാര്‍. ഇന്ത്യക്കാരില്‍ 11,600 കോടി ഡോളറിന്റെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാമതെത്തി. ആഗോളതലത്തില്‍ ആദ്യപത്തിലും മുകേഷ് ഇടംപിടിച്ചു.

ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ 14 മലയാളികളുമുണ്ട്. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 760 കോടി ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞകൊല്ലം പട്ടികയില്‍ 497-ാം സ്ഥാനത്തായിരുന്ന അദ്ദേഹം ഇത്തവണ 344-ാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് ആണ് മലയാളികളില്‍ രണ്ടാംസ്ഥാനത്ത്. 440 കോടി ഡോളറാണ് ആസ്തി. മൂന്നാംസ്ഥാനം ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, വി.പി.എസ് ഹെല്‍ത്ത് കെയര്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് എന്നിവയുടെ ചെയര്‍മാനായ ഡോ, ഷംഷീര്‍ വയലില്‍ എന്നിവര്‍ പങ്കിട്ടു. 

രവി പിള്ള, സണ്ണി വര്‍ക്കി, ടി.എസ്. കല്യാണരാമന്‍, പി.എന്‍.സി. മേനോന്‍, എസ്.ഡി. ഷിബുലാല്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സാറാ ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവരാണ് ബാക്കിയുള്ളവര്‍. ബൈജു രവീന്ദ്രന്‍ പട്ടികയില്‍ നിന്ന് പുറത്തായി.

Content Highlights: Forbes’ 38th Annual World’s Billionaires List more billionaires than ever before