ഉത്തരവാദിത്വങ്ങൾക്കിടയിൽ സ്വന്തം സുരക്ഷ മറന്നുപോകുന്ന സ്ത്രീകൾ

രാവിലെ അമ്മയുടെ ആശുപത്രി പരിശോധനയ്ക്കുള്ള സമയം ഉറപ്പാക്കണം. മകളുടെ പഠനച്ചെലവിനുള്ള പണം അയയ്ക്കണം. മകന്റെ ജോലി സംബന്ധമായ ആവശ്യത്തിന് കുറച്ച് പണം വേണം. വീട്ടിലെ വായ്പയുടെ അടവും അടയ്ക്കാനുണ്ട്. ഇതിനിടയിൽ സ്വന്തം ബാങ്ക് അക്കൗണ്ടിലെ ബാലൻസ് എത്രയാണെന്ന് നോക്കാൻ പോലും സമയം കിട്ടാത്ത സ്ത്രീകൾ നമ്മുടെ ചുറ്റിലുമുണ്ട്.
കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി സ്വന്തം വരുമാനവും സമ്പാദ്യവും ചെലവഴിക്കുന്നതിൽ അവർക്ക് മടിയില്ല. മാതാപിതാക്കൾക്കു താങ്ങാകണം, മക്കളുടെ ഭാവി സുരക്ഷിതമാക്കണം, കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റണം. എന്നാൽ ഈ ഉത്തരവാദിത്വങ്ങൾക്കിടയിൽ ഒരു ചോദ്യം പലപ്പോഴും അവഗണിക്കപ്പെടുന്നു: ഈ സ്ത്രീയുടെ സ്വന്തം സാമ്പത്തിക ഭാവി ആരാണ് സംരക്ഷിക്കുന്നത്?
ഇന്ന് നാൽപ്പതും അമ്പതും വയസ്സു പിന്നിട്ട നിരവധി സ്ത്രീകൾ ഒരേസമയം രണ്ടു തലമുറകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ്. പ്രായമായ മാതാപിതാക്കളുടെ പരിചരണവും ചികിത്സയും ഒരു വശത്ത്. പഠിക്കുന്നവരോ ജോലി തേടുന്നവരോ വിവാഹപ്രായമെത്തിയവരോ ആയ മക്കളുടെ ആവശ്യങ്ങൾ മറുവശത്ത്. ചിലർ സ്വന്തം കുടുംബത്തിന്റെ ചെലവുകൾക്കൊപ്പം സഹോദരങ്ങളുടെയും ബന്ധുക്കളുടെയും സാമ്പത്തിക ആവശ്യങ്ങൾക്കും സഹായം നൽകുന്നു. ഈ ഉത്തരവാദിത്വങ്ങളെല്ലാം നിറവേറ്റുന്നതിനിടയിൽ സ്വന്തം വിരമിക്കൽ സമ്പാദ്യവും ആരോഗ്യസുരക്ഷയും അടിയന്തരനിധിയും പിന്നിലേക്ക് മാറ്റിവയ്ക്കുന്നു.
സ്നേഹവും ഉത്തരവാദിത്വവും സാമ്പത്തിക ആസൂത്രണത്തിന് പകരമാകരുത്.
1. രണ്ടു തലമുറകൾക്കിടയിൽ പെട്ടുപോകുന്ന സ്ത്രീകൾ
പ്രായമായ മാതാപിതാക്കളുടെ പരിചരണം ഇന്ന് പല കുടുംബങ്ങളിലും വലിയ സാമ്പത്തിക ഉത്തരവാദിത്വമാണ്. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയും മരുന്നുകളും ആശുപത്രി സന്ദർശനങ്ങളും തുടർച്ചയായ ചെലവുകളാണ്. ചിലപ്പോൾ വീട്ടിൽ ഒരാളെ പരിചരണത്തിനായി നിയോഗിക്കേണ്ടിവരും. ആശുപത്രിയിൽ പോകുന്നതിനുള്ള യാത്രാച്ചെലവും പരിചരണവുമായി ബന്ധപ്പെട്ട മറ്റു ചെലവുകളും കൂടിയാകുമ്പോൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ അത് ബാധിക്കും.
മക്കളുടെ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, വിദേശപഠനം, വിവാഹം തുടങ്ങിയ ആവശ്യങ്ങളും ഇതോടൊപ്പം വരുന്നു. മാതാപിതാക്കളുടെ ചികിത്സയ്ക്കും മക്കളുടെ ഭാവിക്കും ഒരേസമയം പണം കണ്ടെത്തേണ്ടിവരുന്ന സ്ത്രീകൾക്ക് സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങൾ മാറ്റിവയ്ക്കേണ്ടിവരുന്നു.
ഇതിൽ ഏറ്റവും വലിയ പ്രശ്നം പലപ്പോഴും ഉത്തരവാദിത്വം പങ്കുവയ്ക്കാത്തതാണ്. സഹോദരങ്ങൾ ഒന്നിലധികമുള്ള കുടുംബങ്ങളിൽ മാതാപിതാക്കളുടെ പരിചരണച്ചെലവ് ഒരാൾ മാത്രം വഹിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാം. കുടുംബത്തിലെ സ്ത്രീയാണെന്ന കാരണത്താൽ പരിചരണത്തിന്റെ ഭൂരിഭാഗം ഉത്തരവാദിത്വവും അവരിലേക്ക് എത്തുന്നതും സാധാരണമാണ്.
2. മാതാപിതാക്കളുടെ ചെലവ്: ഉത്തരവാദിത്വം പങ്കിടണം
മാതാപിതാക്കളെ സംരക്ഷിക്കുന്നത് മക്കളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ആ ഉത്തരവാദിത്വം ഒരാളുടെ മാത്രം ചുമലിലാകേണ്ടതില്ല. സഹോദരങ്ങൾ തമ്മിൽ തുറന്ന ചർച്ച നടത്തി ചികിത്സാച്ചെലവ്, മരുന്ന്, പരിചരണം, യാത്ര എന്നിവയുടെ സാമ്പത്തിക ബാധ്യത പങ്കിടണം.
എല്ലാവർക്കും ഒരേ വരുമാനമോ സാമ്പത്തികശേഷിയോ ആയിരിക്കണമെന്നില്ല. അതിനാൽ തുല്യമായ തുകയെന്നതിലുപരി ഓരോരുത്തരുടെയും ശേഷിക്കനുസരിച്ചുള്ള സംഭാവനയാണ് പ്രായോഗികം. ഒരാൾ ചികിത്സാച്ചെലവ് വഹിക്കുമ്പോൾ മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രയോ പരിചരണത്തിനുള്ള ക്രമീകരണമോ ഏറ്റെടുക്കാം.
മാതാപിതാക്കളുടെ ബാങ്ക് നിക്ഷേപങ്ങൾ, പെൻഷൻ, ഇൻഷുറൻസ്, മറ്റു വരുമാനങ്ങൾ എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ വേണം. അവരുടെ സ്വന്തം സമ്പാദ്യം എങ്ങനെ ഉപയോഗിക്കാമെന്ന് അവരുമായി ആലോചിക്കണം. ആവശ്യമായ രേഖകളും നോമിനി വിവരങ്ങളും ക്രമീകരിച്ചുവയ്ക്കുന്നതും പ്രധാനമാണ്.
3. മക്കൾക്കുവേണ്ടി സ്വന്തം ഭാവി പണയപ്പെടുത്തരുത്
മക്കളുടെ വിദ്യാഭ്യാസത്തിനും ജീവിതത്തിലെ പ്രധാന ആവശ്യങ്ങൾക്കും സഹായം നൽകുന്നത് മാതാപിതാക്കളുടെ സ്വാഭാവിക ആഗ്രഹമാണ്. എന്നാൽ അതിനായി സ്വന്തം വിരമിക്കൽ സമ്പാദ്യം മുഴുവൻ ചെലവാക്കുന്നത് ദീർഘകാലത്തിൽ അപകടകരമായ തീരുമാനമായേക്കാം.
മക്കൾക്ക് വിദ്യാഭ്യാസത്തിനും തൊഴിൽപരമായ വളർച്ചയ്ക്കും വായ്പകളും മറ്റു ധനസഹായ മാർഗങ്ങളും ലഭ്യമായേക്കാം. എന്നാൽ വിരമിച്ചശേഷം സ്വന്തം ജീവിതച്ചെലവുകൾക്കായി വായ്പയെടുക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായം നൽകുമ്പോഴും സ്വന്തം ആരോഗ്യച്ചെലവ്, ജീവിതച്ചെലവ്, വിരമിക്കൽ ആവശ്യങ്ങൾ എന്നിവയ്ക്കുള്ള പണം മാറ്റിവയ്ക്കണം.
മക്കൾക്ക് സഹായം നൽകുന്നതിന് മുമ്പ് അതിന്റെ സാമ്പത്തിക പ്രത്യാഘാതം വിലയിരുത്തുക. വീടോ ഭൂമിയോ വിൽക്കുക, ദീർഘകാല നിക്ഷേപങ്ങൾ പിൻവലിക്കുക, വിരമിക്കൽ സമ്പാദ്യം ഉപയോഗിക്കുക തുടങ്ങിയ തീരുമാനങ്ങൾ വികാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം എടുക്കരുത്.
4. പരിചരണച്ചുമതലയും വരുമാനനഷ്ടവും
കുടുംബത്തിലെ പ്രായമായ ഒരാളെ പരിചരിക്കേണ്ടിവരുമ്പോൾ പല സ്ത്രീകൾക്കും ജോലി ഉപേക്ഷിക്കേണ്ടിവരുന്നു. ചിലർ ജോലിസമയം കുറയ്ക്കുന്നു. ചിലർ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ പോലും വേണ്ടെന്നുവയ്ക്കുന്നു. ഇതിന്റെ സാമ്പത്തിക പ്രത്യാഘാതം ഉടനടി കാണണമെന്നില്ല. എന്നാൽ ശമ്പളവർധന, വിരമിക്കൽ ആനുകൂല്യങ്ങൾ, പെൻഷൻ സംഭാവനകൾ, തൊഴിൽപരിചയം എന്നിവയെല്ലാം അതിലൂടെ ബാധിക്കപ്പെടാം.
അതുകൊണ്ട് പരിചരണച്ചുമതല ഏറ്റെടുക്കുന്ന സ്ത്രീകൾ സ്വന്തം വരുമാനത്തിന്റെ ദീർഘകാല മൂല്യവും പരിഗണിക്കണം. സാധ്യമെങ്കിൽ കുടുംബാംഗങ്ങൾക്കിടയിൽ പരിചരണസമയം പങ്കിടുക. ജോലിയിൽനിന്ന് പൂർണമായി മാറിനിൽക്കുന്നതിനുപകരം ഭാഗികസമയം ജോലി ചെയ്യാനോ വീട്ടിലിരുന്ന് തൊഴിൽ ചെയ്യാനോ കഴിയുമോ എന്ന് പരിശോധിക്കുക. സ്വന്തം തൊഴിൽപരമായ കഴിവുകളും ബന്ധങ്ങളും നിലനിർത്താൻ ശ്രമിക്കണം.
5. സ്വന്തം പേരിൽ ഒരു സാമ്പത്തിക സുരക്ഷാവലയം
കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുമ്പോഴും സ്വന്തം പേരിൽ ചില സാമ്പത്തിക ക്രമീകരണങ്ങൾ നിർബന്ധമായും വേണം.
- അടിയന്തരനിധി: പെട്ടെന്നുണ്ടാകുന്ന ചികിത്സാച്ചെലവുകൾക്കും വരുമാനനഷ്ടത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി പ്രത്യേകമായി പണം മാറ്റിവയ്ക്കണം. സ്വന്തം വ്യക്തിഗത ചെലവുകൾക്കുള്ള ഒരു നിധിയും കുടുംബത്തിന്റെ അടിയന്തര ആവശ്യങ്ങൾക്കുള്ള നിധിയും വേർതിരിച്ച് സൂക്ഷിക്കുന്നത് കൂടുതൽ നല്ലതാണ്. സാധാരണയായി മൂന്ന് മുതൽ ആറുമാസത്തെ അനിവാര്യ ചെലവുകൾക്കുള്ള തുക ലക്ഷ്യമിടാം. കുടുംബബാധ്യതകളും വരുമാനത്തിന്റെ സ്ഥിരതയും അനുസരിച്ച് ഈ തുക ക്രമീകരിക്കാം.
- ആരോഗ്യ ഇൻഷുറൻസ്: മാതാപിതാക്കൾക്കും സ്വന്തം കുടുംബത്തിനും അനുയോജ്യമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കുക. പ്രായവും നിലവിലുള്ള രോഗങ്ങളും അനുസരിച്ച് പരിരക്ഷയുടെ നിബന്ധനകൾ മാറാം. ചികിത്സാച്ചെലവ് മുഴുവൻ ഇൻഷുറൻസ് നൽകുമെന്ന ധാരണയിൽ കഴിയരുത്. ഒഴിവാക്കലുകൾ, കാത്തിരിപ്പുകാലം, ആശുപത്രി ശൃംഖല, സ്വന്തം വിഹിതം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കണം.
- വിരമിക്കൽ സമ്പാദ്യം: ജോലി ചെയ്യുന്ന സ്ത്രീകൾ ശമ്പളത്തിൽനിന്ന് ഒരു നിശ്ചിത തുക സ്വന്തം ദീർഘകാല ലക്ഷ്യങ്ങൾക്കായി മാറ്റിവയ്ക്കണം. ജോലി ചെയ്യാത്ത സ്ത്രീകൾക്കും കുടുംബത്തിന്റെ സാമ്പത്തിക ആസൂത്രണത്തിൽ സ്വന്തം പേരിലുള്ള സമ്പാദ്യത്തിന് സ്ഥാനം ഉറപ്പാക്കാം. പ്രായം, നിക്ഷേപകാലയളവ്, അപകടസാധ്യത ഏറ്റെടുക്കാനുള്ള ശേഷി എന്നിവ പരിഗണിച്ചായിരിക്കണം നിക്ഷേപം തിരഞ്ഞെടുക്കേണ്ടത്.
- സ്വന്തം സാമ്പത്തിക രേഖകൾ: ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, ഇൻഷുറൻസ്, വായ്പകൾ, നോമിനി വിവരങ്ങൾ എന്നിവയുടെ കൃത്യമായ പട്ടിക തയ്യാറാക്കുക. കുടുംബത്തിലെ വിശ്വസ്തരായ ഒരാൾക്ക് ആവശ്യമായ വിവരങ്ങൾ എവിടെയാണെന്ന് അറിയാമെന്ന് ഉറപ്പാക്കുകയും വേണം.
6. കുടുംബത്തിന് സഹായം നൽകുന്നതിന് പരിധി വേണം
കുടുംബാംഗങ്ങൾ പണം ആവശ്യപ്പെടുമ്പോൾ നിരസിക്കാൻ പല സ്ത്രീകൾക്കും പ്രയാസമാണ്. എന്നാൽ എല്ലാ ആവശ്യങ്ങളും സ്വന്തം സമ്പാദ്യത്തിൽനിന്ന് നിറവേറ്റണമെന്നില്ല. സ്വന്തം സാമ്പത്തിക ശേഷിക്ക് പുറത്തുള്ള സഹായം നൽകാൻ കടമെടുക്കുന്നത് അപകടകരമാണ്.
കുടുംബത്തിനായി ചെലവാക്കാവുന്ന ഒരു പരിധി നിശ്ചയിക്കാം. സ്വന്തം വരുമാനത്തിൽനിന്ന് എത്ര തുക കുടുംബസഹായത്തിനും എത്ര തുക സമ്പാദ്യത്തിനും നിക്ഷേപത്തിനും മാറ്റിവയ്ക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കുക. വലിയ തുക നൽകുന്നതിന് മുമ്പ് കുടുംബാംഗങ്ങളുമായി ചർച്ച ചെയ്യുക. സ്വന്തം പേരിലുള്ള സ്വത്തുക്കൾ പണയപ്പെടുത്തുകയോ വിൽക്കുകയോ ചെയ്യുന്നതിന് മുമ്പ് നിയമപരവും സാമ്പത്തികവുമായ ഉപദേശം തേടുക.
സഹായം നൽകുന്നത് സ്നേഹത്തിന്റെ പ്രകടനമാണ്. എന്നാൽ സ്വന്തം സാമ്പത്തിക സുരക്ഷ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള സഹായം പിന്നീട് അതേ കുടുംബത്തിന് മറ്റൊരു ബാധ്യതയായി മാറാം.
7. ഒരു കുടുംബ സാമ്പത്തിക പദ്ധതി തയ്യാറാക്കാം
മാസത്തിൽ ഒരിക്കൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുന്നത് നല്ല ശീലമാണ്. മാതാപിതാക്കളുടെ ചികിത്സാച്ചെലവ്, മക്കളുടെ വിദ്യാഭ്യാസച്ചെലവ്, വായ്പകൾ, സമ്പാദ്യം, നിക്ഷേപം എന്നിവയെല്ലാം ചർച്ചയിൽ ഉൾപ്പെടുത്തണം. അടുത്ത ആറുമാസത്തേക്കുള്ള പ്രധാന ചെലവുകൾ മുൻകൂട്ടി കണക്കാക്കുക. ആരാണ് എന്ത് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്ന് വ്യക്തമായി തീരുമാനിക്കുക.
സ്ത്രീയുടെ സാമ്പത്തിക സംഭാവന പണമായി മാത്രം കണക്കാക്കരുത്. കുടുംബപരിചരണം, കുട്ടികളുടെ വളർച്ച, പ്രായമായവരുടെ സംരക്ഷണം തുടങ്ങിയവയ്ക്കും സാമ്പത്തിക മൂല്യമുണ്ട്. അതുകൊണ്ട് കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങളിൽ സ്ത്രീക്ക് തുല്യമായ പങ്കാളിത്തവും തീരുമാനാധികാരവും ഉറപ്പാക്കണം.
8. കുടുംബത്തെ സംരക്ഷിക്കുമ്പോൾ സ്വയം മറക്കരുത്
സ്ത്രീകൾ കുടുംബത്തിന്റെ സാമ്പത്തിക താങ്ങാകുന്നത് അഭിമാനകരമാണ്. എന്നാൽ ആ താങ്ങ് തളർന്നുപോകാതിരിക്കണമെങ്കിൽ അതിന് സ്വന്തം സാമ്പത്തിക അടിത്തറ വേണം. മാതാപിതാക്കളെ സംരക്ഷിക്കണം, മക്കളുടെ ഭാവി സുരക്ഷിതമാക്കണം, കുടുംബത്തെ സഹായിക്കണം. അതോടൊപ്പം സ്വന്തം വാർധക്യവും ആരോഗ്യവും സാമ്പത്തിക സ്വാതന്ത്ര്യവും സംരക്ഷിക്കണം.
കുടുംബത്തിനുവേണ്ടി ചെലവഴിക്കുന്ന പണം സ്നേഹത്തിന്റെ അടയാളമായിരിക്കാം. എന്നാൽ സ്വന്തം ഭാവിക്കായി മാറ്റിവയ്ക്കുന്ന പണം ഉത്തരവാദിത്വത്തിന്റെ അടയാളമാണ്. മാതാപിതാക്കൾക്ക് മക്കൾ താങ്ങാകണം; മക്കൾക്ക് മാതാപിതാക്കൾ കരുത്താകണം. എന്നാൽ ഈ രണ്ടു തലമുറകൾക്കിടയിൽ നിൽക്കുന്ന സ്ത്രീ സ്വന്തം ജീവിതത്തിന്റെ താങ്ങാകാനും മറക്കരുത്. കുടുംബത്തെ സംരക്ഷിക്കുന്നതിനൊപ്പം സ്വന്തം സാമ്പത്തിക ഭാവിയും സുരക്ഷിതമാക്കുക. കാരണം, കുടുംബത്തിന്റെ സാമ്പത്തിക താങ്ങായ സ്ത്രീക്കും ഒരുനാൾ ഒരു താങ്ങ് ആവശ്യമായി വരും.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi