സംരംഭകര്‍ അറിയണം സ്വന്തം സംരംഭത്തിലെ പണം സ്വന്തമല്ല

സ്വന്തമായൊരു കൊച്ചു ബിസിനസ് സംരംഭം ഇപ്പോള്‍ പല വീട്ടമ്മമാരുടെയും സ്വപ്‌നമാണ്. ജോലിക്കാരായ സ്ത്രീകള്‍ പോലും ജോലി വിട്ട് സ്വന്തം സ്വപ്‌നത്തെയും ഹോബിയേയും ഒക്കെ ബിസിനസാക്കി വളര്‍ത്തി വലിയ വിജയം കൊയ്യുന്നത് സ്വപ്‌നം കാണുന്നു. സമൂഹത്തിലെ പല വിജയകഥകളും അവരെ പ്രചോദിപ്പിക്കുന്നു. ഇത്തരത്തില്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ചില വസ്തുതകള്‍ മുന്‍കൂട്ടി മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. ബിസിനസ് തുടങ്ങാന്‍ നടത്തുന്ന അത്രയും ശ്രദ്ധ ബിസിനസില്‍ നിന്നു ലഭിക്കുന്ന വരുമാനം കൈകാര്യം ചെയ്യാനും കാണിക്കണം. ബിസിനസ് രംഗത്തെ പല പരാജയങ്ങളുടെയും കാരണം ഇത്തരത്തിലുള്ള ലഘുവായ ചില ജാഗ്രതക്കുറവാണ്.
സംരംഭത്തിന്റെ വിജയത്തിനായി കൃത്യമായ പ്ലാനിങ് നടത്താന്‍ ആരും മടിക്കില്ല. അതില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചാല്‍ തിരുത്താനും നിരവധി ആളുകളും സ്ഥാപനങ്ങളും ഉണ്ട്. ബിസിനസ് നടത്തിപ്പിന്റെ സുഗമമായ ഒഴുക്ക് പലപ്പോഴും കൃത്യമായ പ്ലാനിങിന് സാഹചര്യങ്ങളും ഒരുക്കുന്നുണ്ട്. എന്നാല്‍ സംരംഭകരുടെ പണവും ഇതേപോലെ കൃത്യമായ പ്ലാനിങോടെ കൈകാര്യം ചെയ്യേണ്ടതാണ്.
സംരംഭത്തിനും സംരംഭകനും വേറെ വേറെ അക്കൗണ്ടുകളുണ്ടാകും. പക്ഷേ രണ്ടും സ്വന്തം അക്കൗണ്ട് പോലെയാണ് മിക്ക സംരംഭകരും കൈകാര്യം ചെയ്യുക. ബിസിനസിലെ പണം ഒരിക്കലും സംരംഭകന്റെ പണമല്ല. അത് സംരംഭകന്റെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചെലവഴിക്കാനുള്ളതല്ല. സംരംഭങ്ങള്‍ക്കുള്ള ഫിനാന്‍ഷ്യല്‍ പ്ലാനിങിലെ ആദ്യ പാഠം ഇതാണ്. ബിസിനസില്‍ നിന്നുണ്ടാക്കുന്ന ലാഭം സംരംഭകന്റെ ലാഭമാണോ. അതുമല്ല. ബിസിനസില്‍ നിന്നു ലഭിക്കുന്ന ലാഭം ബിസിനസിനോ സ്ഥാപനത്തിനോ മാത്രം അവകാശപ്പെട്ടതാണ്. അപ്പോള്‍ സംരംഭകന്റെ പണം ഏതാണ്.? സ്വന്തം ബിസിനസാണ് ആവശ്യമുള്ളപ്പോള്‍ ആവശ്യമുള്ളതുപോലെ എടുക്കാം എന്ന് കരുതരുത്. അങ്ങനെ തുടങ്ങിയാല്‍ സംരംഭത്തിനോ സംരംഭകനോ ഒരിക്കലും സാമ്പത്തിക അച്ചടക്കം ഉണ്ടാകില്ല. ഒരു നിശ്ചിത തുക ശമ്പളമായി സ്വയം നിശ്ചയിക്കുക. ആ പണം മാത്രം ബിസിനസില്‍ നിന്ന് എടുക്കുക. തന്റെ വരുമാനം ഇത്രയുമാണ് എന്ന് ഉറപ്പിച്ച് അതിനനുസരിച്ച് സ്വന്തം വ്യക്തിപരമായ ചെലവുകള്‍ ക്രമപ്പെടുത്തുക.
ബിസിനസിലെ പണം എടുത്ത് വ്യക്തിജീവിതത്തിനുവേണ്ടി ചെലവഴിച്ച് പാപ്പരാകുന്ന നിരവധി പേരെ നമുക്ക് കാണാം. ആരും മനപ്പൂര്‍വം ചെയ്യുന്നതല്ല ഇത്. പലരും ബിസിനസിലെ പണം സ്വന്തം പണം ആണെന്ന് തെറ്റിദ്ധരിച്ച് അതെടുത്ത് വീട് വയ്ക്കുന്നു. കാര്‍ വാങ്ങുന്നു. മറ്റ് ആഡംബരങ്ങള്‍ക്ക് ചെലവഴിക്കുന്നു. അവസാനം വലിയ കടക്കെണിയിലാകുന്നു. ബിസിനസ് നടത്തിപ്പിനുള്ള പണം പോലും ഇല്ലാത്ത അവസ്ഥ വരുന്നു. പിടിച്ച് നില്‍ക്കാന്‍ വീട് വില്‍ക്കുന്നു. കാര്‍ വില്‍ക്കുന്നു. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ തുടക്കത്തിലേ ശ്രദ്ധിക്കണം.
കുടുംബ സംരംഭം ആയാലും ദമ്പതികള്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനമായാലും ഈ രീതി അവലംബിക്കുന്നതാണ് അഭികാമ്യം. ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത് എങ്കില്‍ രണ്ടുപേര്‍ക്കും ശമ്പളം നിശ്ചയിക്കുക. കുടുംബത്തിലെ മറ്റാരെങ്കിലും പങ്കാളി ആണെങ്കില്‍ അവര്‍ക്കും ശമ്പളം നിശ്ചയിക്കുക. ലാഭം ഉണ്ടാകുമ്പോള്‍ അതും ധാരണ പ്രകാരം പങ്കുവയ്ക്കുക. ഇതൊന്നുമല്ലാതെ ബിസിനസിലെ ഒരു രൂപ പോലും സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അഥവാ അങ്ങനെ എടുക്കുന്നു എങ്കില്‍ അതിന് കൃത്യമായ കണക്കു വയ്ക്കുക. കൃത്യമായി തിരിച്ചിടുക. സംരംഭം വിജയിച്ചാലും സംരംഭകന്‍ പരാജയപ്പെട്ടുപോകുന്നതും സംരംഭകന്‍ വിജയിച്ചാലും സംരംഭം പരാജയപ്പെട്ടുപോകുന്നതും ഫിനാന്‍ഷ്യല്‍ പ്ലാനിങില്‍ വരുത്തുന്ന വീഴ്ചകള്‍ മൂലമാണ്. അതേക്കുറിച്ച് അടുത്ത ലക്കത്തില്‍.
(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍- 9447667716. ഇ-മെയില്‍- jayakumarkk8@gmail.com)
Content Highlights: financial management for small businesses