പണം കൈകാര്യം ചെയ്യാന്‍ മിടുക്കര്‍ ആണ്‍കുട്ടികളോ? സാമ്പത്തികസാക്ഷരരാക്കാം നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ

പ്രതീകാത്മകചിത്രം/shutter stock
പ്രതീകാത്മകചിത്രം/shutter stock

കുട്ടികളെ സാമ്പത്തികസാക്ഷരരാക്കുന്ന കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ പിന്നിലാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. അമ്മമാര്‍ക്ക് തന്നെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് കാര്യമായ ധാരണയില്ലാത്തപ്പോള്‍ അവരുടെ വളര്‍ന്നുവരുന്ന കുട്ടികളുടെ കാര്യം പറയാനുണ്ടോ? ഇക്കാര്യത്തെക്കുറിച്ച് അല്‍പ്പസ്വല്‍പ്പം അറിവുള്ളവര്‍പോലും സാമ്പത്തികശീലം പഠിപ്പിക്കുന്നതിലും അറിഞ്ഞോ അറിയാതെയോ വിവേചനം കാട്ടാറുമുണ്ട്. അവര്‍ ആണ്‍കുഞ്ഞുങ്ങളെ സമ്പത്തിനെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും സാമ്പത്തികനേട്ടങ്ങളെക്കുറിച്ചും പഠിക്കുമ്പോള്‍ പെണ്‍കുട്ടികളോട് പണം സൂക്ഷിച്ച് ചെലവഴിക്കുന്നിതിനെക്കുറിച്ച് മാത്രം പറയുന്നവരാണ് ഏറെയും. പുരുഷന്മാര്‍ സമ്പത്തുണ്ടാക്കുന്നവരെന്നും സ്ത്രീകള്‍ അത് ചെലഴിച്ചുകളയുന്നവരാണെന്നുമുള്ള ആ പഴഞ്ചന്‍ ചിന്തയാണ് ഇന്നും മിക്കവര്‍ക്കും.

വിവാഹം കഴിക്കുന്നെങ്കില്‍ അത് സാമ്പത്തികമായി നമ്മേക്കാള്‍ മുന്നിലുള്ളവരെ വേണം എന്ന് പെണ്‍കുട്ടികളെ ഉപദേശിക്കുന്നവരും, ആണ്‍മക്കളോട് സാമ്പത്തികമായി നമ്മേക്കാള്‍ അല്‍പ്പം താഴ്ന്നു നില്‍ക്കുന്ന കുടുംബത്തില്‍ നിന്ന് കെട്ടണമെന്നു പറയുന്നവരും പഴങ്കഥയൊന്നുമല്ല. സാമ്പത്തികപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന കാര്യത്തിലെ ആണ്‍ പെണ്‍ വേര്‍തിരിവ് ഇപ്പോഴും തുടരുന്നു എന്നതാണ് ഏറ്റവും ഖേദകരം.

പെണ്‍കുട്ടികള്‍ സമ്പാദിക്കട്ടെ

1. സമ്പന്നനായ നല്ല ജോലിയുള്ള ഭര്‍ത്താവിനെ സ്വപ്നം കാണാനല്ല, നല്ല ജോലി നേടുകയും സ്വയം ധനികയാകുകയും ചെയ്യുന്നത് സ്വപ്നം കാണാനാണ് അവളെ പ്രോല്‍സാഹിപ്പിക്കേണ്ടത്. ചെറിയ പ്രായത്തിലേ പരിശീലിപ്പിക്കേണ്ടത്.

2. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സമ്പത്തുണ്ടാക്കുന്നത് മാത്രമല്ല, അത് അവരുടെ സ്വാതന്ത്ര്യം, ചോയ്‌സസ്, സെല്‍ഫ് റെസ്‌പെക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടതുകൂടിയാണ് .

3. പരമ്പരാഗതമായി മലയാളി കുടുംബങ്ങളില്‍ സ്ത്രീകളെല്ലാം കുടുംബത്തിലെ പുരുഷന്മാരെ സാമ്പത്തികകാര്യങ്ങള്‍ക്ക് ആശ്രയിക്കുന്നതാണ് പതിവ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടിയ സ്ത്രീകള്‍ പോലും സാമ്പത്തികതീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ പതറുന്നത് കാണുന്നുണ്ട്. ഈ പേടിയെ പലരും മുതലെടുക്കുകയും ചെയ്യും. ഇത്തരത്തില്‍ ജീവിതത്തില്‍ എല്ലാ തീരുമാനങ്ങളും സ്വതന്ത്രമായി എടുക്കാന്‍ പ്രാപ്തി നേടാനുള്ള ഏറ്റവും ശക്തമായ വഴി അവര്‍ സാമ്പത്തികമായി ശക്തരാകാനുള്ള കരുത്ത് നേടുക എന്നതാണ്. അതിന് കുഞ്ഞുപ്രായം മുതലേ നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ ഈ പുരുഷാശ്രയത്വത്തിന്റെ ചങ്ങല ഭേദിക്കാനുള്ള അറിവ് നല്‍കണം.

4. ശമ്പളം, പ്രതിഫലം, കൂലി തുടങ്ങിയവയുടെ കാര്യത്തില്‍ ഇപ്പോഴും ഇവിടെ ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കുറച്ചേ സമ്പാദിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാറുള്ളൂ. അതുകൊണ്ട് തന്നെ നിക്ഷേപവും പരിമിതമാണ്. ചെറിയ പ്രായത്തിലേ സാമ്പത്തിക വിദ്യാഭ്യാസം പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് ഈ പരിമിതി മറികടക്കാന്‍ സഹായിക്കും. ജോലി നേടുമ്പോള്‍ തന്നെ അവര്‍ നിക്ഷേപങ്ങള്‍ തുടങ്ങാനും ശീലിക്കട്ടെ.

കുഞ്ഞുങ്ങള്‍ക്ക് എല്ലാം ഒറ്റയടിക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. പടിപടിയായി, പ്രായത്തിനനുസരിച്ച് വേണം അത് ചെയ്യേണ്ടത്. അതെങ്ങനെയെന്ന് നോക്കാം.

അഞ്ച് മുതല്‍ പത്തുവയസ്സുവരെയുള്ള പ്രായത്തില്‍
സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന്റെ അടിത്തറ പാകേണ്ടത് ഈ സമയത്താണ്. കളികളിലൂടെ ഈ സങ്കല്‍പ്പം അവര്‍ക്ക് പറഞ്ഞുകൊടുക്കാം. സുരക്ഷിതമായ ആന്‍ഡ്രോയിഡ് ഗെയിമുകളിലൂടെ ഇത് സാധിക്കും. എല്ലാ ആഴ്ചയും ഒരു ദിവസം വളരെ ചെറിയ തുക പോക്കറ്റ് മണിപോലെ നല്‍കാം. അവരത് ഒരു വരുമാനം പോലെ കരുതും. ആ പണം ചെലഴിക്കുന്നതിനെക്കുറിച്ചും പറഞ്ഞുനല്‍കാം. ഇപ്പോള്‍ തന്ന കാശ് കൊണ്ട് അവര്‍ ചോക്ലേറ്റ് വാങ്ങണമെന്ന് ആവശ്യപ്പെട്ടാല്‍, അടുത്ത രണ്ടാഴ്ചത്തെ കാശ് കൂട്ടി വെച്ചാല്‍ കുറച്ചു കൂടി വലിയ ചോക്ലേറ്റോ അല്ലെങ്കില്‍ ഇഷ്ടമുള്ള എന്തെങ്കിലുമോ വാങ്ങാം എന്ന് അവര്‍ക്ക് പറഞ്ഞു നല്‍കാം. പിഗ്ഗി ബാങ്കോ കുടുക്കയോ വാങ്ങി നല്‍കി പണമതില്‍ ഇട്ടു വയ്ക്കാനും നിര്‍ദ്ദേശിക്കാം. കയ്യില്‍ പൈസ കൊടുത്തിട്ടുവേണം ഉപദേശം നല്‍കാന്‍. പണമൊന്നും കുഞ്ഞുങ്ങള്‍ക്ക് കളിക്കാനുള്ളതല്ല എന്ന പതിവ് പല്ലവി പറയരുത്.

പതിനൊന്നിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരോട്
പോക്കറ്റ് മണിയായി കിട്ടുന്ന പണം എന്തെങ്കിലും സാമ്പത്തികലക്ഷ്യത്തിനായി സൂക്ഷിച്ചുവയ്ക്കാന്‍ പറയുക. കളിപ്പാട്ടം വാങ്ങുക, ബുക്ക് വാങ്ങുക തുടങ്ങിയ എന്തും സാമ്പത്തികലക്ഷ്യമാക്കാം. ഒരു മൈനര്‍ ബാങ്ക് അക്കൗണ്ടും ഈ പ്രായത്തില്‍ തുടങ്ങിക്കൊടുക്കാം. ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, എടിഎം കാര്‍ഡ് തുടങ്ങിയവ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കാം. ആവശ്യങ്ങളും ആഗ്രഹങ്ങളും ( Wants and Needs) തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ചുകൊടുക്കാം.

പതിനഞ്ച് മുതല്‍ പതിനെട്ട് വരെ പ്രായം
ജീവിതത്തില്‍ ബജറ്റിങ്ങിന്റെ ആവശ്യകതയെക്കുറിച്ച് പഠിപ്പിക്കാം. കുടുംബ ബജറ്റ് തയ്യാറാക്കുന്നതില്‍ ഈ പ്രായക്കാരെ പങ്കെടുപ്പിക്കാം. വീട്ടില്‍ എന്തെങ്കിലും വിശേഷ വിരുന്നുകളോ ആഘോഷ വേളകളോ ഉണ്ടാകുമ്പോള്‍ അവയുടെ ബജറ്റ് തയ്യാറാക്കാന്‍ പറയാം. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയോ ലഘു ബിസിനസോ ചെയ്ത് അധികവരുമാനം ഉണ്ടാക്കാനുള്ള സാധ്യതകളെക്കുറിച്ച് വിശദീകരിച്ച് നല്‍കാം. സമ്പാദ്യ കുടുക്ക, മ്യൂച്വല്‍ ഫണ്ട് എസ് ഐ പി, റിക്കറിംഗ് ബാങ്ക് ഡിപ്പോസിറ്റ് തുടങ്ങിയവ തുടങ്ങാന്‍ പ്രേരിപ്പിക്കാം.

പതിനെട്ട് കഴിഞ്ഞാല്‍
ബില്ലുകള്‍ അടപ്പിക്കണം, ഷോപ്പിംഗ് നടത്തിക്കണം, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഇഎംഐ, വീട്ടുചിലവുകളുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളെല്ലാം ഈ പ്രായത്തിലുള്ള പെണ്‍മക്കളുമായി ചര്‍ച്ച ചെയ്യണം. ക്രഡിറ്റ് കാര്‍ഡുകളെക്കുറിച്ച് പഠിപ്പിക്കണം. വായ്പകളെടുക്കുന്നതിനെക്കുറിച്ചും അത് തിരിച്ചടയ്ക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ വായ്പയെക്കുറിച്ചുമൊക്കെ പഠിപ്പിക്കണം. ബജറ്റിംഗ്, നിക്ഷേപം, എക്‌സ്‌പെന്‍സ് ട്രാക്കര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആപ്പുകള്‍ ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിക്കാം.

സാമ്പത്തിക കാര്യങ്ങളിലെ നല്ല ആശയങ്ങള്‍, നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍ തുടങ്ങിയവ പറയുമ്പോള്‍ നിങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ പ്രത്യേകം അഭിനന്ദിക്കണം. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് പുറത്തുപോകുമ്പോള്‍ പണം ആണ്‍കുട്ടിയുടെ കയ്യില്‍ മാത്രം കൊടുക്കരുത്. പകുതി വീതം രണ്ട് പേര്‍ക്കും കൊടുക്കുക. പണം സേവ് ചെയ്യുന്നവര്‍ക്ക് പ്രത്യേകം സമ്മാനവും കൊടുക്കാം. പണത്തിന്റെ കാര്യത്തില്‍ ആണ്‍കുഞ്ഞുങ്ങള്‍ മാത്രമാണ് മികച്ചത് എന്ന ബോധം ഒരിക്കലും മക്കളില്‍ കുത്തിവയ്ക്കരുത്. ചെറുപ്പത്തില്‍ ഉണ്ടാകുന്ന തെറ്റായ ബോധ്യം മാറ്റാന്‍ എളുപ്പമല്ല.

(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍- 9447667716. ഇ മെയില്‍- jayakumarkk8@gmail.com)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Teach your daughters financial independence. Learn age-appropriate strategies to empower girls with money management skills.