സമ്പത്തിനെ തകർക്കുമോ അവനവനോട് പറയുന്ന സാമ്പത്തിക കള്ളങ്ങൾ?

പ്രതീകാത്മകചിത്രം (AI)
പ്രതീകാത്മകചിത്രം (AI)

''ഇത് ലാസ്റ്റ് ടൈം ആണ്... ഇനി ചെയ്യില്ല, ഇനി വാങ്ങില്ല.''
''ഇതിനെന്നാ കുഴപ്പം. ഇതൊക്കെ ഇൻവെസ്റ്റ്‌മെന്റ്‌സ് ആണ്...' ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് തോന്നും അവ വെറും സാധാരണ വാക്കുകളല്ലേ എന്ന്. പക്ഷേ, നമ്മുടെ സാമ്പത്തിക ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടങ്ങൾ സൃഷ്ടിക്കുന്ന വാക്കുകൾ ഇവയാണെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, സാധാരണയായി വരുമാനം, നിക്ഷേപം, സംരക്ഷണം എന്നിവയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. പക്ഷേ അതിനേക്കാൾ അപകടകാരിയായ ഒരു ശത്രു നമ്മുടെ മനസ്സിലാണ്. സെൽഫ് ജസ്റ്റിഫിക്കേഷനുവേണ്ടി നമ്മൾ നമ്മളോട് തന്നെ പറയുന്ന ചെറിയ കള്ളങ്ങൾ. സ്ത്രീകളുടെ കാര്യത്തിൽ മാത്രമല്ല, പുരുഷന്മാരുടെ കാര്യത്തിലും ഇതൊക്കെ ബാധകമാണ്.

1. 'ഇത് ലാസ്റ്റ് ടൈം ആണ്...'
ഓൺലൈൻ ഷോപ്പിംഗ് കാർട്ടിൽ ചേർത്ത ഒരു ഡ്രെസ്. ഇഎംഐ-യിൽ വാങ്ങുന്ന ഒരു പുതിയ മൊബൈൽ. ഓഫർ അവസാനിക്കുന്നതിന് മുൻപ് വാങ്ങിയ ഒരു ആഭരണം. ഇതെല്ലാം വാങ്ങുമ്പോൾ നമ്മൾ നമ്മളോട് പറയുന്നത്: ''ഇത് ലാസ്റ്റ് ടൈം ആണ്... ഇനി ഞാൻ ഇങ്ങനെ ചെയ്യില്ല.''

പക്ഷേ, സത്യത്തിൽ ഇത് ലാസ്റ്റ് ടൈം ആകാറില്ല. ഇത് ഒരു പാറ്റേൺ ആണ്. ഓരോ തവണയും നമ്മൾ ഈ വാക്ക് പറഞ്ഞ് നമ്മളെ തന്നെ ആശ്വസിപ്പിക്കുന്നു. അതോടെ കുറ്റബോധം കുറയുന്നു. പക്ഷേ സാമ്പത്തിക നഷ്ടം തുടരുന്നു. ഈ 'ലാസ്റ്റ് ടൈം' എന്ന വാക്ക് ഒരു സൈക്കോളജിക്കൽ ട്രാപ് ആണ്. ഇനി ആവർത്തിക്കില്ല എന്ന പറയുന്നതോടെ മനസ്സിന് ഒരു ആശ്വാസം തോന്നും. പക്ഷേ ശീലം മാറില്ല. അത് തുടർന്നുകൊണ്ടേയിരിക്കും.

അപ്പോൾ എന്താണ് പരിഹാരം:

  • 'ലാസ്റ്റ് ടൈം' എന്നതിനെ 'പ്ലാൻഡ് ടൈം' എന്ന് ആക്കുക.

എന്തെങ്കിലും വാങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ചോദിക്കുക

  • ഇത് എന്റെ ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ?
  • ഇതിന് വേണ്ടി ഞാൻ മുമ്പ് സേവിങ്‌സ് മാറ്റി വെച്ചിട്ടുണ്ടോ?

2. 'ഇത് ഇൻവെസ്റ്റ്‌മെന്റ് ആണ്...'

ഈ വാക്ക് അതിലും അപകടകാരിയാണ്.

  • ആഡംബരവസ്തുക്കൾ വാങ്ങുമ്പോൾ
  • വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ
  • ഏറ്റവും പുതിയ മൊബൈൽ വാങ്ങുമ്പോൾ

നമ്മൾ നമ്മളോട് പറയുന്നത്: 'ഇത് ഇൻവെസ്റ്റ്‌മെന്റ് ആണ്...' പക്ഷേ എല്ലാ ചെലവും ഇൻവെസ്റ്റ്‌മെന്റ് അല്ല. ഇൻവെസ്റ്റ്‌മെന്റ് എന്നത് മൂല്യമോ വിലയോ അടിക്കടി വർധിക്കുന്നതാണ്. പലപ്പോഴും നമ്മൾ വാങ്ങുന്നവയുടെ മൂല്യമോ വിലയോ അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്നതാണ്.

ഒരു ലക്ഷം രൂപയുടെ ഫോണിന്റെ മൂല്യം ഒരു വർഷത്തിനുള്ളിൽ 60,000 ആയി മാറും. ഒരു വിലകൂടിയ കാഞ്ചീപുരം പട്ട് ഒരിക്കൽ മാത്രം ധരിച്ച് അലമാരയിൽ ഉറങ്ങും. എങ്കിലും കുറ്റബോധം ഇല്ലാതാക്കാൻ നമ്മൾ അതിനെ 'ഇൻവെസ്റ്റ്‌മെന്റ്' എന്ന് വിളിക്കുന്നു.

എന്താണ് പരിഹാരം:

ചെലവുകളെ രണ്ടായി തിരിക്കുക:

  1. ഇൻവെസ്റ്റ്‌മെന്റ്‌സ് (ലാഭം ഉണ്ടാക്കുന്നത്)
  2. ചെലവുകൾ (ആനന്ദം നൽകുന്നത്)

ചെലവിനെ ഇൻവെസ്റ്റ്‌മെന്റ് എന്ന് വിളിക്കാതെ, ''ഇത് എനിക്ക് സന്തോഷം നൽകുന്ന ചെലവാണ്'' എന്ന് മനസ്സിലുറപ്പിക്കു.

3. മനസ്സിന്റെ ചതികൾ
നമ്മുടെ മനസ്സ് പലപ്പോഴും ചതിക്കാം. അത് നമ്മളെ തെറ്റായ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുകയും, പിന്നെ അത് ശരിയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

ഓഫർ നഷ്ടപ്പെട്ടാൽ നഷ്ടം... മനസ്സ് നമ്മെക്കൊണ്ട് ഇങ്ങനെ അങ്ങ് വിചാരിപ്പിക്കും. ''ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നീട് വില കൂടും.'' പക്ഷേ സത്യം എന്താണ്. നമുക്ക് ആവശ്യമില്ലാത്തത് വാങ്ങുന്നത് തന്നെയാണ് യഥാർത്ഥനഷ്ടം.

ഞാനിത് അർഹിക്കുന്നു എന്നതാണ് മനസ്സിന്റെ മറ്റൊരു ചതി. കഷ്ടപ്പെട്ടു ജോലി ചെയ്തതിന്റെ റിവാർഡ് ആയി ഒരു വലിയ ചെലവ്. അതിൽ തെറ്റില്ല. പക്ഷേ ഓരോ തവണയും റിവാർഡ് എന്ന പേരിൽ പണം കൂടുതൽ ചെലവഴിക്കുമ്പോൾ, അത് റിവാർഡ് അല്ല, ട്രാപ് ആണ്.

4. ''ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്''
സോഷ്യൽ മീഡിയിൽ കാണുന്ന ലൈഫ്‌സ്‌റ്റൈൽ, ഫ്രണ്ട്‌സ് സർക്കിളിൽ നടക്കുന്ന സ്‌പെൻഡിങ് പാറ്റേൺ, എല്ലാത്തിനെയും നമ്മൾ അനുകരിക്കുന്നു. എന്നിട്ട് മനസ്സ് നമ്മളോട് തന്നെ പറയും ''ഇപ്പോൾ എല്ലാവരും ഇങ്ങനെ തന്നെയാണ്...'' പക്ഷേ, നിങ്ങളുടെ സാമ്പത്തികനിലയല്ല മറ്റുള്ളവരുടേത്. ജീവിതശൈലിയിൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ആണ് ഏറ്റവും വലിയ തെറ്റ്.

5. സ്ത്രീകൾ കൂടുതൽ ഈ ട്രാപ്പിൽ വീഴുന്നു
ഇമോഷണൽ സ്‌പെൻഡിങ് സ്ത്രീകൾക്കാണ് കൂടുതൽ. കുടുംബത്തിന്റ ആവശ്യം മുൻനിർത്തി അവർ എത്രവേണേലും ചെലവഴിക്കും. സാമ്പത്തികകാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള ആത്മവിശ്വാസക്കുറവ് കൂടിയാകുമ്പോൾ പിന്നെ പറയാനുമില്ല. ഒരു അമ്മ തന്റെ കുട്ടിക്ക് വില കൂടിയ ഡ്രസ് വാങ്ങുമ്പോൾ അത് സ്‌നേഹമായി തോന്നുന്നു. പക്ഷേ അതേ സമയം സ്വന്തം പോക്കറ്റ് ചോരുന്നത് അവർ അറിയുന്നില്ല.

സത്യസന്ധത പുലർത്താം
ഈ കുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള ആദ്യപടി നമ്മൾ നമ്മളോട് സത്യസന്ധരാകുക എന്നതാണ്. ഒരു ചെലവിന് മുൻപ് സ്വയം ചോദിക്കൂ:

  1. ഞാൻ ഇത് എന്തിനാണ് വാങ്ങുന്നത്?
  2. ഇത് ആവശ്യമാണോ, അല്ലെങ്കിൽ ഇംപൾസ് ആണോ?
  3. ഇത് എന്റെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കുമോ?

ചെറിയ മാറ്റങ്ങൾ, വലിയ ഫലം

  1. 'ലാസ്റ്റ് ടൈം' എന്ന വാക്ക് ഒഴിവാക്കുക
  2. ഓരോ ചെലവിനും ഒരു കാരണം എഴുതുക
  3. പ്രതിമാസ ബജറ്റ് തയ്യാറാക്കി നടപ്പാക്കുക.
  4. പണം മിച്ചം പിടിക്കുന്നതിനെ പണം ചെലഴിക്കുന്നതുപോലെ സമീപിക്കുക.

ഫിനാൻഷ്യൽ ഫ്രീഡം എന്നത് വലിയ വരുമാനം അല്ല. നമ്മുടെ ചെലവുകളെ നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയാണ്. നമ്മൾ നമ്മളോട് പറയുന്ന കള്ളങ്ങൾ നിർത്തുമ്പോൾ

നമ്മൾ നമ്മളെ തന്നെ വിശ്വസിക്കാൻ തുടങ്ങും. അതാണ് യഥാർത്ഥ ഫിനാൻഷ്യൽ കോൺഫിഡൻസ്.

'ഇത് ലാസ്റ്റ് ടൈം ആണ്...'
'ഇത് ഇൻവെസ്റ്റ്‌മെന്റ് ആണ്...'

ഈ വാക്കുകൾ കേൾക്കുമ്പോൾ ഇനി ഒരു നിമിഷം സ്വയം ചോദിക്കൂ: ''ഞാൻ ഇപ്പോൾ എന്നോട് കള്ളം പറയുന്നുണ്ടോ?'' ആ ചോദ്യം തന്നെ മതി നിങ്ങളുടെ സാമ്പത്തിക ജീവിതം മാറിമറിയാൻ.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi